കൊച്ചി: താര സംഘടനയായ “അമ്മ”യുടെ വിദ്യാഭ്യാസ സഹായ പദ്ധതിയുടെ രണ്ടാം ഘട്ടം ടാബുകളുടെ വിതരണ ഉദ്ഘാടനം പ്രസിഡന്റ് മോഹൻലാൽ നിർവഹിച്ചു. കൊച്ചിയിലെ ആസ്ഥാന മന്ദിരത്തിൽ നടന്ന ലളിതമായ ചടങ്ങിൽ മൂന്നു കുട്ടികൾക്ക് താരം ടാബുകൾ കൈമാറി. ജനറൽ സെക്രട്ടറി ഇടവേള ബാബു എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ബാബുരാജ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ഒന്നാം ഘട്ടം 100 ടാബുകൾ വിതരണം ചെയ്തപ്പോൾ അതിനായി സ്വീകരിച്ച അപേക്ഷകളിൽ നിന്നും തീർത്തും അർഹരായവരെ തുടർന്നും കണ്ടെത്തിയാണ് രണ്ടാം ഘട്ട വിതരണം നടത്തുന്നത്. തിരഞ്ഞെടുത്ത ബാക്കിയുള്ളവർക്ക് അതാതു സ്‌ഥലങ്ങളിൽ വിതരണം ചെയ്യുന്നതാണ്.
‘ഒപ്പം അമ്മയും’ പദ്ധതിയിലൂടെ കേരളത്തിൽ ഇനിയും ഓൺലൈൻ പഠനത്തിന് സൗകര്യം ലഭിക്കാത്ത അർഹതപ്പെട്ട വിദ്യാർഥികളെ കണ്ടെത്തി 100 ടാബുകൾ ആദ്യ ഘട്ടത്തിൽ വിതരണം ചെയ്തിരുന്നു. ഇലക്‌ട്രോണിക് ശൃംഖലയിലുള്ള പ്രശസ്ത സ്ഥാപനമായ ഫോൺ4–മായി ചേർന്നാണ് ‘ഒപ്പം, അമ്മയും’ എന്ന പദ്ധതിക്ക് തുടക്കം കുറിച്ചത് .
‘അമ്മ’യുടെ ഏതെങ്കിലും ഒരു അംഗത്തിന്റെ നിർദ്ദേശത്തിലോ (അവരുടെ സാക്ഷ്യപത്രത്തോടൊപ്പം) വാർഡ് കൗൺസിലർമാരുടെയോ മറ്റു ഔദ്യോഗിക ജനപ്രനിധിയുടെയോ ശുപാർശയുടെ രേഖ കൂടെ ഉൾപ്പെടുത്തിയായിരുന്നു അപേക്ഷകൾ സ്വീകരിച്ചത്. തീർത്തും അർഹതപ്പെട്ടവരുടെ കൈകളിൽ തന്നെ ഇതു ചെന്നെത്തണമെന്നു ആഗ്രഹിക്കുന്നത് കൊണ്ടാണ് ഈ രണ്ട് നിബന്ധനകൾ ഉൾപ്പെടുത്തിയിട്ടുള്ളതെന്ന് സംഘടന വ്യക്തമാക്കിയിരുന്നു.
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ അമ്മ സജീവമായി ഇടപെട്ടിരുന്നു. അമ്മ അംഗങ്ങൾക്കും കുടുംബങ്ങൾക്കും സഹയാത്രിക്കർക്കും സിനിമ പ്രവർത്തകർക്കും ഓഫിസിനോട് ചേർന്നുള്ള റെസിഡൻസ് അസോസിയേഷൻ അംഗങ്ങൾക്കും പരിസര വാസികൾക്കും സൗജന്യമായി “വാക്സിനേഷൻ ഡ്രൈവ് ” നടത്തുകയും ആസ്ഥാന മന്ദിരത്തിനോട് ചേർന്നുള്ള വാർഡുകളിലെ വിദ്യാർത്ഥികൾക്ക് പഠന സഹായത്തിനായി നടൻ ബാലയുടെ സഹായത്തോടെ ടാബ് വിതരണം ചെയ്യുകയുമുണ്ടായി.