KERALANEWSTrending

കരുവന്നൂരിൽ പിടി മുറുക്കി പ്രതിപക്ഷം: അന്വേഷണം വെറും പ്രഹസനമെന്ന് കോൺഗ്രസ്സ് ; നാടകം മാത്രമെന്ന് ബിജെപി; പ്രതിരോധിക്കാൻ ഇടത് നീക്കം

തൃശ്ശൂ‌‌‌‍ർ: കരുവന്നൂർ ബാങ്കുമായി ബന്ധപ്പെട്ട തട്ടിപ്പ് കേസിൽ ഇടത് മുന്നണി പ്രതിരോധത്തിലാവുമ്പോൾ കിട്ടിയ അവസരം പരമാവധി പ്രയോജനപ്പെടുത്തുകയാണ് പ്രതിപക്ഷം. വൃത്തികേടിൻ്റെ പങ്ക് പറ്റുന്ന പാ‍ർട്ടിയില്ല സിപിഎം എന്ന മുഖ്യമന്ത്രിയുടെ പ്രതിരോധനീക്കമെല്ലാം തള്ളിയാണ് പ്രതിപക്ഷം നിലപാട് കടുപ്പിക്കുന്നത്. പാർട്ടിക്കാർക്ക് പങ്കുണ്ടെങ്കിൽ നടപടിയെടുക്കുമെന്നും പാർട്ടി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും പ്രതിഷേധം കടുപ്പിക്കുമെന്നാണ് പ്രതിപക്ഷനേതാവിന്റെയും നേതാക്കളുടെയും നീക്കം.

കരുവന്നൂർ സഹകരണ ബാങ്കിലെ വായ്പ തട്ടിപ്പ് കേസിൽ പ്രതിപക്ഷം സിബിഐ അന്വേഷണമാണ് ആവശ്യപ്പെടുന്നത്. നിയമസഭയിൽ സംഭവം ചർച്ചയായതിനെ തുടർന്ന് പ്രതിപക്ഷം വാക്ക്ഔട്ട് നടത്തി. കേരള ചരിത്രത്തിലെ ഏറ്റവും വലിയ സഹകരണ ബാങ്ക് കൊള്ളയാണ് തൃശൂര്‍ കരുവന്നൂര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ സി.പി.എം ഭരണസമിതി നടത്തിയതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. നിയമപരമായ എല്ലാ നടപടിയും സ്വീകരിച്ചിട്ടുണ്ടെന്നാണ് വകുപ്പ് മന്ത്രി പറയുന്നത്. തട്ടിപ്പ് പുറത്തുവന്ന 2018 മുതല്‍ പാര്‍ട്ടി തലത്തില്‍ അന്വേഷണം നടത്തിയ സംഭവത്തില്‍ ഇന്നലെ മാത്രമാണ് ഭരണസമിതി പിരിച്ചുവിടാന്‍ സര്‍ക്കാര്‍ തയാറായത്. തട്ടിപ്പ് അറിഞ്ഞിട്ടും മൂന്നു വര്‍ഷം എന്തുചെയ്യുകയായിരുന്നെന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു.

കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ ആദായനികുതി, സിബിഐ അടക്കം സമഗ്രമായ അന്വേഷണം വേണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. 106 സഹകരണ ബാങ്കുകളില്‍ തട്ടിപ്പ് നടന്നു. എ വിജയരാഘവനും എസി മൊയ്തീനും തട്ടിപ്പിൽ പങ്കുണ്ടെന്നും പ്രൊഫസർ ബിന്ദു മത്സരിച്ച മണ്ഡലത്തിൽ തട്ടിപ്പ് പണം ഉപയോഗിച്ചെന്നും കെ സുരേന്ദ്രന്‍ ആരോപിച്ചു. ക്രൈംബ്രാഞ്ച് അന്വേഷണം സിപിഎം നേതാക്കളെ രക്ഷിക്കാന്‍ വേണ്ടിയാണ്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ബിജെപി പരാതി നല്‍കുമെന്നും കെ സുരന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു.

ക്രൈംബ്രാഞ്ച് അന്വേഷണം നാടകമാണ്. സിപിഎം നേതാക്കളെ രക്ഷിക്കാൻ വേണ്ടിയാണ് സര്‍ക്കാര്‍ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുന്നത്. എ വിജയരാഘവനും എസി മൊയ്തീനും സംഭവത്തിൽ പങ്കുണ്ട്. കരുവന്നൂരിന് സമാനമായ തട്ടിപ്പ് പല സഹകരണ ബാങ്കുകളിലും നടന്നു. 106 സഹകരണ ബാങ്കുകളിലാണ് തട്ടിപ്പ് നടന്നത്. സിപിഎമ്മിന്‍റെ കള്ളപ്പണമാണ് സഹകരണ ബാങ്കുകളിൽ സൂക്ഷിക്കുന്നതെന്നും സുരേന്ദ്രന്‍ ആരോപിച്ചു. തെരെഞ്ഞെടുപ്പിൽ ഈ കള്ളപ്പണം ഉപയോഗിച്ചിട്ടുണ്ട്. സംഭവം തെരെഞ്ഞെടുപ്പ് കമ്മീഷൻ അന്വേഷിക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു.

അതേ സമയം ആരോപണങ്ങൾ തള്ളി ഇടത് നേതാക്കളും രംഗത്തെത്തുന്നുണ്ട്. തട്ടിപ്പ് നടത്തിയ അംഗങ്ങൾക്കെതിരെ നടപടിയെടുക്കാൻ നാളെ തൃശ്ശൂരിൽ അടിയന്തിര സെക്രട്ടറിയേറ്റ് യോഗം ചേരും. തട്ടിപ്പിൽ ഉൾപ്പെട്ട പാ‍ർട്ടിക്കാർക്കെതിരെ നടപടിയെടുത്ത് വിമർശനങ്ങളെ ചെറുക്കാനാണ് സിപിഎം നീക്കം. സംസ്ഥാന നേതൃത്വത്തിൻ്റെ നിർദ്ദേശപ്രകാരമാണ് നാളെ അടിയന്തിര ജില്ലാ സെക്രട്ടറിയേറ്റ് ചേരുന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close