INDIANEWS

പ്രതിപക്ഷ പ്രതിഷേധവും സഭയിലെ ബഹളവും: ‘ദൈവനിന്ദ’യ്ക്ക് തുല്യമെന്ന് സഭാധ്യക്ഷന്‍; രാജ്യസഭയില്‍ വിതുമ്പി വെങ്കയ്യ നായിഡു

ന്യൂഡല്‍ഹി: ചൊവ്വാഴ്ച രാജ്യസഭയിലുണ്ടായ പ്രതിപക്ഷ ബഹളത്തിലും പ്രതിഷേധത്തിലും ‘വിതുമ്പിക്കരഞ്ഞ്’ സഭാധ്യക്ഷന്‍ വെങ്കയ്യ നായിഡു. ‘ദൈവനിന്ദ’യ്ക്ക് തുല്യമാണ് ചെയ്തതെന്നും വെങ്കയ്യ നായിഡു പറഞ്ഞു. പ്രതിപക്ഷ എം.പിമാര്‍ ടേബിളില്‍ കയറി പ്രതിഷേധിച്ചതിനെ പരാമര്‍ശിച്ചാണ് വെങ്കയ്യ നായിഡുവിന്റെ പ്രസ്താവന. പാര്‍ലമെന്റ് ‘ക്ഷേത്ര’ത്തിലെ ‘ശ്രീകോവിലാ’യാണ് ഈ ടേബിളിനെ കണക്കാക്കുന്നതെന്നും വെങ്കയ്യ പറഞ്ഞു.

‘നമ്മുടെ ജനാധിപത്യക്ഷേത്രത്തിന്റെ ശ്രീകോവിലില്‍ ദൈവനിന്ദാപരമായ പ്രവര്‍ത്തികള്‍ കണ്ട്, ഹൗസ് ചെയര്‍മാനെന്ന നിലയില്‍ ഭയപ്പെട്ടുപോയി’- ഇന്ന് സഭ ചേരവെ വെങ്കയ്യ നായിഡു പറഞ്ഞു. പാര്‍ലമെന്റ് സെഷന്‍ തുടങ്ങിയതു മുതല്‍ പ്രതിപക്ഷം ആവശ്യപ്പെടുന്ന, പെഗാസസ് വിഷയം, കാര്‍ഷിക ബില്ലില്‍ ചര്‍ച്ച എന്നിവയ്ക്ക് പകരം ‘കര്‍ഷക പ്രശ്‌നത്തില്‍ ഹ്രസ്വ ചര്‍ച്ച’യാവാമെന്ന നിലപാടിനെതിരെയാണ് ഇന്നലെ പ്രതിപക്ഷം ബഹളം വച്ചത്. ചില എം.പിമാര്‍ രേഖകള്‍ സൂക്ഷിക്കുന്ന ടേബിളില്‍ കയറുക വരെ ചെയ്തു. ഇതോടെ സഭ നിര്‍ത്തിവച്ചിരുന്നു.

കാര്‍ഷിക വിഷയങ്ങള്‍ ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് ഇന്നലെ പ്രതിപക്ഷ എംപിമാര്‍ പ്രതിഷേധിച്ചത്. കോണ്‍ഗ്രസ്, എഎപി അംഗങ്ങളാണ് പ്രതിഷേധം ഉയര്‍ത്തിയത്. എംപിമാര്‍ സഭയുടെ മേശപ്പുറത്ത് കയറുകയും കടലാസുകള്‍ കീറിയെറിഞ്ഞ് മുദ്രാവാക്യം വിളിച്ച് പ്രതിഷേധിക്കുകയും ചെയ്തു.കാര്‍ഷിക വിഷയങ്ങളില്‍ സര്‍ക്കാര്‍ ഒളിച്ചുകളി തുടരുകയാണെന്നും, വിവാദ കാര്‍ഷിക നിയമങ്ങള്‍ ചര്‍ച്ച ചെയ്യുന്നതില്‍ സര്‍ക്കാര്‍ ഒളിച്ചോടുകയാണെന്നും പ്രതിഷേധിച്ച എംപിമാര്‍ ആരോപിച്ചിരുന്നു.

അതിനിടെ സഭയില്‍ മേശപ്പുറത്തുകയറി പ്രതിഷേധിച്ച എംപിമാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് സര്‍ക്കാര്‍ ഉപരാഷ്ട്രപതിയോട് ആവശ്യപ്പെട്ടു.ഇക്കാര്യം ആവശ്യപ്പെട്ട് കേന്ദ്രമന്ത്രിമാരായ പീയൂഷ് ഗോയല്‍, അമിത് ഷാ എന്നിവര്‍ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിനെ കണ്ടു. അതിനിടെ പ്രതിപക്ഷ ബഹളത്തിനിടെ ലോക്‌സഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു. ഓഗസ്റ്റ് 13 വരെയാണ് വര്‍ഷകാല സമ്മേളനം നടത്താന്‍ നിശ്ചയിച്ചിരുന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close