
തിരുവനന്തപുരം: എംബിബിഎസ്, ബിഡിഎസ് പ്രവേശനത്തിനു യോഗ്യത നേടിയവർക്കുള്ള ഓപ്ഷൻ റജിസ്ട്രേഷൻ ആരംഭിച്ചു. 29നു വൈകിട്ട് 5 മണി വരെയാണ് ഓപ്ഷൻ നൽകാനുള്ള സമയപരിധി. തുടർന്ന് ഫെബ്രുവരി രണ്ടിനു വൈകിട്ട് ആദ്യ അലോട്മെന്റ് പ്രസിദ്ധീകരിക്കും. അലോട്മെന്റ് ലഭിക്കുന്നവർ പ്രവേശന പരീക്ഷാ കമ്മിഷണർക്ക് അടയ്ക്കേണ്ട ഫീസ് ഓൺലൈനായോ ഹെഡ് പോസ്റ്റ് ഓഫിസ് വഴിയോ അടയ്ക്കാവുന്നതാണ്. തുടർന്നു ഫെബ്രുവരി 3 മുതൽ 7 നു വൈകിട്ട് നാലു മണി വരെ കോളജുകളിൽ ഹാജരായി പ്രവേശനം നേടണം.
പ്രവേശനം ആഗ്രഹിക്കുന്ന എല്ലാ കോളജുകളിലേക്കും ഈ ഘട്ടത്തിൽ ഓപ്ഷൻ നൽകണം. പുതിയതായി കോളജുകളെ ഉൾപ്പെടുത്തുന്നില്ലെങ്കിൽ അടുത്ത ഘട്ടങ്ങളിൽ പുതിയ ഓപ്ഷൻ നൽകാൻ അനുവദിക്കില്ല. അലോട്മെന്റ് ലഭിക്കുന്നവർ നിശ്ചിത തീയതിക്കുള്ളിൽ പ്രവേശനം നേടിയില്ലെങ്കിൽ അലോട്മെന്റ് റദ്ദാകും. ഈ വിദ്യാർഥികളെ തുടർന്നുള്ള അലോട്മെന്റുകളിലേക്കു പരിഗണിക്കില്ല.
അലോട്മെന്റ് ലഭിച്ചാൽ പ്രവേശനം നേടുമെന്ന് ഉറപ്പുള്ള കോളജുകളിലേക്കും കോഴ്സുകളിലേക്കും മാത്രം ഓപ്ഷൻ നൽകാൻ ശ്രദ്ധിക്കണം. 15 സ്വാശ്രയ മെഡിക്കൽ കോളജുകളിലെ ഫീസ് വിജ്ഞാപനത്തിലുണ്ട്. സ്വാശ്രയ ഡെന്റൽ കോളജുകളുടെ പൊതുവായ ഫീസും ഉൾപ്പെടുത്തി. നാലു മെഡിക്കൽ കോളജുകളിലേതു തീരുമാനിച്ചിട്ടില്ല. ഫലം തടഞ്ഞുവച്ച വിദ്യാർഥികൾക്കും ഓപ്ഷൻ നൽകാം. ഇവർ 28നു വൈകിട്ടു മൂന്നിനു മുൻപു ഫലം പ്രസിദ്ധീകരിക്കാനുള്ള രേഖകൾ അപ്ലോഡ് ചെയ്യണം. അല്ലെങ്കിൽ അവരുടെ ഓപ്ഷൻ പരിഗണിക്കില്ല.
കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ഗ്രൂപ്പിൽ അംഗമാകുക..
https://chat.whatsapp.com/EL3rtE8pC5eBn31SSpe3zj
ഫേസ്ബുക്കിൽ പിന്തുടരുന്നതിന് പേജ് ലൈക്ക് ചെയ്യുക..