
അവയവ മാറ്റം നടത്തുന്നത് ഉറ്റബന്ധുക്കൾ മാത്രമായിരിക്കണം എന്ന വ്യവസ്ഥ എല്ലാ സാഹചര്യത്തിലും നടപ്പിലാക്കരുതെന്ന് ഹൈക്കോടതി. സ്വാപ് ട്രാൻസ്പ്ലാൻറിന് അനുമതി തേടുന്ന അപേക്ഷകളിൽ ഈ വ്യവസ്ഥ പരിഗണിക്കരുത്. സ്വാപ് ട്രാൻസ്പ്ലാൻറിന് അനുമതി നിഷേധിച്ചതിനെതിരെയുള്ള ഹർജിയിലാണ് ഉത്തരവ്. മലപ്പുറം സ്വദേശി മൊയ്തീൻ കുട്ടി, ഇദ്ദേഹത്തിന്റെ മകന്റെ ഭാര്യാപിതാവും ദാതാവുമായ ഉമർ ഫാറൂഖ്, കണ്ണൂർ സ്വദേശി സലിം, ഭാര്യയും ദാതാവുമായ ജമീല എന്നിവരാണ് ഹരജിക്കാർ. രക്തഗ്രൂപ്പ് ചേരാത്തതിനെ തുടർന്ന് ദാതാക്കളെ പരസ്പരം വച്ചു മാറിയുള്ള സ്വാപ് ട്രാൻസ്പ്ലാൻറിന് ഇവർ അനുമതി തേടിയെങ്കിലും തള്ളിയിരുന്നു. അടുത്ത ബന്ധുക്കളല്ലെന്ന് വിലയിരുത്തിയാണ് സ്വാപ് ട്രാൻസ്പ്ലാൻറിന് അനുമതി നിഷേധിച്ചത്. തുടർന്നാണ് ഹരജിക്കാർ ഹൈകോടതിയെ സമീപിച്ചത്. അടുത്ത ബന്ധുക്കൾ ഉൾപ്പെട്ട സ്വാപ് ട്രാൻസ്പ്ലാൻറിന് 2018ലാണ് സർക്കാർ അനുമതി നൽകിയത്.
നിയമപ്രകാരം അടുത്ത ബന്ധുക്കളല്ലാത്തവർക്കും അവയവദാനം നടത്താനാവും. അതിനാൽ, സ്വാപ് ട്രാൻസ്പ്ലാൻറിന് അടുത്ത ബന്ധുക്കൾ തന്നെ വേണമെന്ന് പറയാനാവില്ലെന്ന് സിംഗിൾബെഞ്ച് ചൂണ്ടിക്കാട്ടി. അവയവദാനവുമായി ബന്ധപ്പെട്ട വാണിജ്യ താൽപര്യങ്ങൾ ഇല്ലാതാക്കുകയാണ് ഓതറൈസേഷൻ കമ്മിറ്റി ചെയ്യേണ്ടണ്ടതെന്നും കോടതി വ്യക്തമാക്കി.