KERALANEWS

കേസ് രജിസ്റ്റർ ചെയ്യുന്നതിൽ കാലതാമസമുണ്ടായി എന്ന പരാതി പോലീസ് മേധാവി അന്വേഷിക്കും; പി.സി.വിഷ്ണുനാഥിന്റെ അടിയന്തിര പ്രമേയത്തിന് മുഖ്യമന്ത്രിയുടെ മറുപടി ഇങ്ങനെ…

തിരുവനന്തപുരം :അടിയന്തരപ്രമേയത്തിൽ സൂചിപ്പിക്കുന്ന പരാതിക്കാരി 28.06.2021ൽ കുണ്ടറ പോലീസ് സ്റ്റേഷനിൽ ഹാജരായി പരാതി നൽകുകയായിരുന്നു. സാമൂഹ്യമാധ്യമങ്ങളിൽ തന്നെ മോശമായി ചിത്രീകരിക്കുന്ന സന്ദേശങ്ങളും പത്മാകരൻ എന്നയാളുടെ വോയിസ് ക്ലിപ്പും രാജീവ് എന്നയാളുടെ ഫോണിൽ നിന്നും NCP കൊല്ലം എന്ന വാട്സാപ്പ് ഗ്രൂപ്പിൽ പ്രചരിക്കുന്നതായും പരാതിപ്പെട്ടു. മുൻപ് ഫെയ്സ്ബുക്കിൽ ഫോട്ടോയും പേരും ഉപയോഗിച്ച് വ്യാജ അക്കൗണ്ടുകളുണ്ടാക്കി അതിലും അപകീർത്തിപ്പെടുത്തുന്ന പല സന്ദേശങ്ങളും പ്രചരിപ്പിച്ചിരുന്നതായും പരാതിയിൽ പറഞ്ഞിരുന്നു. അതോടൊപ്പം മുൻപൊരിക്കൽ റോഡിലൂടെ പോകുമ്പോൾ പത്മാകരൻ മുക്കട ജംഗ്ഷനിലുളള തൻറെ കടയിലേക്കു പരാതിക്കാരിയെ വിളിച്ചു. സ്ഥാനാർത്ഥിയായി മത്സരിച്ചതിന് എന്തു കാശ് കിട്ടിയെന്ന് ചോദിച്ചുവെന്നും കാശിനുവേണ്ടിയല്ല ഞാൻ നിന്നത് എന്നുപറഞ്ഞതിനെ തുടർന്നുണ്ടായ സാഹചര്യത്തൽ കയ്യിൽ കയറി പിടിച്ചുവെന്ന് പരാതിയിൽ പറയുന്നതായി പോലീസ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.  

No.1153/DPTN/2021 പ്രകാരം പരാതി രജിസ്റ്ററിൽ പതിച്ച് IAPS No.77342/2021 ആയി  രസീത് ഈ പരാതിക്ക് പോലീസ് നൽകിയിരുന്നു. തുടർന്ന് പരാതിക്കാരിയെയും പത്മാകരനെയും സ്റ്റേഷനിലേക്ക് പോലീസ് വിളിപ്പിച്ചിരുന്നു.
പോലീസ് വിളിച്ചതിൻറെ അടിസ്ഥാനത്തിൽ പത്മാകരൻ 30.06.2021 ൽ സ്റ്റേഷനിലെത്തി. പോലീസ് റിപ്പോർട്ട് പ്രകാരം പരാതിക്കാരി അന്നേ ദിവസം സ്റ്റേഷനിൽ ഹാജരായിരുന്നില്ല എന്നും വ്യക്തമാക്കുന്നുണ്ട്.

1.07.2021 ൽ സ്റ്റേഷനിൽ ഹാജരായ പരാതിക്കാരിയോട് പരാതിയിൽ പറയുന്ന വിഷയങ്ങളെ സംബന്ധിച്ച വിശദാംശങ്ങൾ ആരാഞ്ഞെങ്കിലും വാട്സാപ്പിലൂടെ പ്രചരിച്ചതായി പറയുന്ന സന്ദേശങ്ങളെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭിച്ചില്ല. പരാതിയിേൽ വിശദമായ അന്വേഷണം ആവശ്യമാണെന്ന് പോലീസ് പരാതിക്കാരിയെ ധരിപ്പിച്ചിരുന്നതായി പോലീസ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.  

മേൽപ്പറഞ്ഞ പരാതിയിൽ 20.07.2021 ൽ IPC 354, 509, 34 എന്നീ വകുപ്പുകൾ പ്രകാരം കുണ്ടറ പോലീസ് സ്റ്റേഷനിൽ ക്രൈം.1176/21 ആയി കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരുന്നുണ്ട്. ഇക്കാര്യത്തിൽ കേസ് രജിസ്റ്റർ ചെയ്യുന്നതിൽ കാലതാമസമുണ്ടായി എന്ന പരാതി പോലീസ് മേധാവി അന്വേഷിക്കുന്നതാണ്. പരാതിയുടെ നിജസ്ഥിതി ശരിയായ തലത്തിൽ അന്വേഷിച്ച് ആവശ്യമായ നടപടി പോലീസ് സ്വീകരിക്കുന്നുണ്ടെന്ന് സർക്കാര ഉറപ്പുവരുത്തുന്നതുമാണ്.

ഇതിലെ പരാതിക്കാരി എൻ.സി.പി. നേതാവിൻറെ മകളും ആരോപണവിധേയമായിട്ടുള്ളയാൾ എൻ.സി.പി.യുടെ മറ്റൊരു പ്രവർത്തകനുമാണ് എന്നുമാണ് മനസ്സിലാക്കാനായിട്ടുള്ളത്. ഇവർ തമ്മിലുള്ള തർക്കം എന്ന നിലയിൽ എൻ.സി.പി നേതാവു കൂടിയായ മന്ത്രി അന്വേഷിക്കുകയാണ് ഉണ്ടായത് എന്ന കാര്യം മന്ത്രി തന്നെ പൊതുസമൂഹത്തിൽ വ്യക്തമാക്കിയിട്ടുള്ളതാണ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close