INSIGHTNEWSTop News

ചിന്തകളിലും കർമ്മങ്ങളിലും പിഴക്കാത്ത കാൽവെപ്പുകളോടെ പ്രതികരിച്ച ചടുല ജീവിതം; ഇന്ന് പി കൃഷ്ണപിള്ള ദിനം; ഇതിഹാസ തുല്യമായ ആ ജീവിതത്തെ കുറിച്ച് കൂടുതൽ അറിയാം

ഇന്ന് സഖാവ് പി കൃഷ്ണപിള്ള ദിനം. കേരളത്തിൽ ഏവരും സഖാവ് എന്ന ഒറ്റവാക്കിനാൽ അടയാളപ്പെടുത്തുന്നത് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആദ്യ സംസ്ഥാന സെക്രട്ടറിയായിരുന്ന പി കൃഷ്ണപിള്ളയെ ആണ്. 1906-ല്‍ വൈക്കത്ത് ജനിച്ച സഖാവ് കൃഷ്‌ണപിള്ള കേരളത്തിന്റെ മുക്കിലും മൂലയിലും സഞ്ചരിച്ചുകൊണ്ട് തൊഴിലാളി വർഗ്ഗത്തെ സംഘടിപ്പിച്ച് സമരസജ്ജമാക്കിയ നേതാവാണ്. 1930 ഏപ്രിൽ 13ന് ഉപ്പു സത്യഗ്രഹം നടത്താന്‍ വടകരയിൽ നിന്നും പയ്യന്നൂരിലേക്കുപോയ ജാഥയിലൂടെയാണ് സഖാവ് സജീവരാഷ്ട്രീയത്തിൽ ഇടപെട്ടുതുടങ്ങിയത്. ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രവർത്തകനായി ദേശീയസ്വാതന്ത്ര്യ സമരത്തിൽ സജീവമായി പ്രവർത്തിച്ച അദ്ദേഹം പിന്നീട് കോണ്‍ഗ്രസ്‌ സോഷ്യലിസ്റ്റ്‌ പാര്‍ടി, കമ്മ്യൂണിസ്റ്റ്‌ പാര്‍ടി എന്നിവയുടെ രൂപീകരണത്തിനും ചരിത്രപരമായ നേതൃത്വം കൊടുത്തു.

കേരളത്തിൽ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സ്ഥാപക നേതാവാണ് പി കൃഷ്ണപിള്ള. ചിന്തകളിലും കർമ്മങ്ങളിലും പിഴക്കാത്ത കാൽവെപ്പുകളോടെ പ്രതികരിച്ച അദ്ദേഹത്തിന്റെ ചടുല ജീവിതം അനന്തര തലമുറകൾക്ക് എല്ലാം മാതൃകാപരമാണ്. മണ്ണിനെയും മനുഷ്യനെയും ആവേശം കൊള്ളിച്ചു കൊണ്ടാണ് ആ നേതാവ് യാത്ര ചെയ്തത്. സ്ഫടികം പോലെ സുതാര്യമായിരുന്നു ആ ജീവിതം. ഒരേസമയം അദ്ദേഹം ത്യാഗിയും പോരാളിയുമായിരുന്നു. കൽത്തുറുങ്കുകൾക്കും കൈവിലങ്ങുകൾക്കും കെട്ടി കൂടാനാകാത്തതായിരുന്നു ആ ഇച്ഛാശക്തി. കേരളത്തിലെ അവശ ജനവിഭാഗങ്ങൾക്കായി നെഞ്ചുകീറിയ നേതാവായിരുന്നു അദ്ദേഹം. മേലാളരുടെയും അധികാരികളുടെയും ലാത്തിക്കും തോക്കിനും മുന്നിൽ കൂസാതെ നിന്ന പോരാളി.

ഗുരുവായൂർ സത്യഗ്രഹം നടക്കുന്ന കാലം .. ക്ഷേത്ര ശ്രീകോവിലിനു മുന്നിലെ മണി മുഴക്കി കൊണ്ട് തൊഴുവാൻ ഉള്ള അവകാശം ബ്രാഹ്മണർക്കു മാത്രം ഉള്ളതാണ്. ആരെയും കൂസാതെ തന്റേടിയായ ഒരു ചെറുപ്പക്കാരൻ ക്ഷേത്രം ശ്രീകോവിലിനു മുന്നിലെ മണിമുഴക്കി. കാവൽക്കാർ ആ ചെറുപ്പക്കാരനെ ക്രൂരമായി തല്ലിച്ചതച്ചു. പിറ്റേ ദിവസവും അയാൾ ക്ഷേത്രത്തിലെത്തി മണിമുഴക്കുകയുണ്ടായി. തലേ ദിവസത്തെക്കാൾ ഭീകരമായി അന്നും മർദ്ദനം ഏൽക്കേണ്ടി വന്നു. ആ ചെറുപ്പക്കാരൻ പറഞ്ഞു ഉശിരുള്ള നായർ മണിയടിക്കും, എച്ചിൽ പെറുക്കി നായന്മാർ അവരുടെ പുറത്തടിക്കും. ഈ തന്റേടിയായ ചെറുപ്പക്കാരൻ മറ്റാരുമായിരുന്നില്ല, കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾക്ക് തുടക്കം കുറിച്ചവരിൽ പ്രധാനിയായിരുന്ന പി. കൃഷ്ണപിള്ളയായിരുന്നു അത് .

1906ൽ കോട്ടയം ജില്ലയിലെ വൈക്കത്ത് മയിലേഴത്തു മണ്ണം‌പിള്ളി നാരായണൻ നായരുടെയും പാർവ്വതിയമ്മയുടെയും പത്തു മക്കളിൽ ഒരാളായാണ് പി കൃഷ്ണപിള്ള ജനിക്കുന്നത്. മൂത്ത രണ്ടു സഹോദരിമാരും അനിയൻ നാണപ്പനും ഒഴികെ ബാക്കിയുള്ളവരെല്ലാം ചെറുപ്രായത്തിൽ തന്നെ മരിച്ചു.  അച്ഛൻ നാരായണൻ നായർ വളരെ തുച്ഛമായ ശമ്പളം പറ്റുന്ന ഒരു സർക്കാർ ഉദ്യോഗസ്ഥനായിരുന്നു. കൃഷ്ണൻറെ പതിമൂന്നാം വയസ്സിൽ അവൻറെ അമ്മയെ നഷ്ടമായി. അതിനടുത്ത വർഷം അവൻറെ അച്ഛനും മരണമടഞ്ഞു. താമസിയാതെ മുത്തച്ഛനും. പോലീസുകാരനായ അമ്മാവന്റേയും, മൂത്ത സഹോദരിമാരുടേയും പരിരക്ഷണയിലാണ് കൃഷ്ണനും അനുജൻ നാണപ്പനും പിന്നീട് വളർന്നത്. അഞ്ചാം തരം വരെയുള്ള പഠനം മാത്രമേ അദ്ദേഹത്തിന് പൂർത്തിയാക്കാൻ കഴിഞ്ഞിരുന്നുള്ളൂ. ബാല്യകാലം അഞ്ചാം തരംവരെ മാത്രമേ കുറച്ചുകാലം ചില തമിഴ് നാടകസംഘങ്ങളോടൊപ്പവും അദ്ദേഹം പ്രവർത്തിച്ചു. 1921 ൽ ഇളയസഹോദരിയായ ഗൗരിയമ്മയുടെ ഭർത്താവിന്റെ കൂടെ ആലപ്പുഴയിൽ താമസിച്ച് ഒരു കയർഫാക്ടറിയിൽ ജോലിക്കു ചേർന്നു. പിന്നീട് വൈക്കത്താരംഭിച്ച ഹിന്ദി വിദ്യാലയത്തിൽ ഹിന്ദി ഭാഷ പഠിക്കാൻ ചേർന്നു.

1922 ലെ ചൗരിചൗരാ സംഭവത്തിന്റെ ബാക്കിപത്രം എന്നപോലെ ഗാന്ധിജി നിസ്സഹകരണപ്രസ്ഥാനം നിറുത്തിവെക്കുകയും, രാജ്യമൊട്ടാകെ നടന്നുവന്ന സ്വാതന്ത്ര്യസമര പ്രക്ഷോഭങ്ങൾ നിറുത്തിവെക്കുവാൻ ആവശ്യപ്പെടുകയും ചെയ്ത സമയത്ത് ഉത്തരേന്ത്യയിൽ നടക്കുന്ന സ്വാതന്ത്ര്യസമര മുന്നേറ്റങ്ങളിൽ ആകൃഷ്ടനായ അദ്ദേഹം ഹിന്ദി പഠിക്കാൻ ആരംഭിച്ചു. 1924ലെ വൈക്കം സത്യാഗ്രഹ സമയത്ത് അദ്ദേഹത്തിന് വെറും 18 വയസ്സ് മാത്രമാണ് പ്രായം ഉണ്ടായിരുന്നത്. മേൽജാതിക്കാർ അന്ന് സത്യാഗ്രഹികൾക്ക് നേരെ അഴിച്ചു വിട്ട അക്രമങ്ങൾക്കെതിരെ അന്നേ കൃഷ്ണപിള്ള രോഷാകുലനായയിരുന്നു.

1927 തറവാട് ഭാഗം വെച്ചതിനുശേഷം കൃഷ്ണപിള്ള ഉത്തർപ്രദേശിലെ അലഹബാദിലേക്ക് യാത്രയായി. അതേ കാലയളവിൽ അദ്ദേഹം ഇംഗ്ലീഷിലെ ബിരുദത്തിനു തുല്യമായ ഹിന്ദി പ്രചാരക സഭയുടെ സാഹിത്യ വിശാരദ് എന്ന പരീക്ഷ പാസായി. ഇംഗ്ലീഷ് ഹിന്ദി ഭാഷകളിലെ പരിജ്ഞാനം സ്വാതന്ത്രസമരത്തെ കുറിച്ച് കൂടുതൽ മനസ്സിലാക്കുന്നതിനും പഠിക്കുന്നതിനും അദ്ദേഹത്തെ സഹായിച്ചു. തുടർന്ന് സ്വാതന്ത്രത്തിനു വേണ്ടി പോരാടുന്ന അവരുടെ അനുകൂലിയായും കൃഷ്ണപിള്ള മാറി.

1929ലാണ് കൃഷ്ണപിള്ള കേരളത്തിലേക്ക് തിരിച്ചു വരുന്നത്. കേരളത്തിലെത്തിയ അദ്ദേഹം ഹിന്ദി അദ്ധ്യാപകനായി ജോലി ചെയ്തു. എന്നാൽ ഇതേകാലത്തുതന്നെ മലബാറിൽ പോയി അദ്ദേഹം തൻറെ രാഷ്ട്രീയ പ്രവർത്തനങ്ങളിൽ ശ്രദ്ധകേന്ദ്രീകരിച്ചു. ഭാരതം സ്വാതന്ത്ര്യത്തിനുവേണ്ടി പോരാടുമ്പോൾ, ജീവൻ തന്നെ ഹോമിക്കുമ്പോൾ അതിൽ നിന്ന് വിട്ടുനിൽക്കാൻ കൃഷ്ണപിള്ളയ്ക്ക് സാധിച്ചില്ല. മലബാറിലെ സ്വാതന്ത്ര്യ സമര പോരാട്ടങ്ങളിൽ അദ്ദേഹം പങ്കുചേർന്നു. 1930 ൽ തൻറെ അധ്യാപന ജീവിതത്തിന് വിരാമമിട്ടുകൊണ്ട് അദ്ദേഹം കോഴിക്കോട് മുതൽ പയ്യന്നൂർ വരെ നടത്തിയ ഉപ്പുസത്യാഗ്രഹ ജാഥയിൽ പങ്കെടുക്കുകയും തുടർന്ന് കണ്ണൂർ ജയിലിൽ തടവിലാക്കപ്പെടുകയും ചെയ്തു.

ബ്രിട്ടീഷ് ഇന്ത്യയിൽ ഉപ്പിന് നികുതി ചുമത്തിയതിൽ പ്രതിഷേധിച്ച് 1930 മാർച്ച് 12ന് മഹാത്മാഗാന്ധിയുടെ നേതൃത്വത്തിൽ ആരംഭിച്ച അഹിംസാ സത്യാഗ്രഹമാണ് ഉപ്പുസത്യാഗ്രഹം. ഈ സത്യാഗ്രഹം കേരളത്തിലേക്കും വ്യാപിപ്പിക്കുന്നതിന് വേണ്ടി സന്നദ്ധപ്രവർത്തകരെ തിരഞ്ഞെടുക്കുന്ന വാർത്ത കണ്ട് കൃഷ്ണപിള്ള ക്യാമ്പിൽ ചേർന്നു.1930 ഏപ്രിൽ 13ന്  കെ.കേളപ്പന്റെ  നേതൃത്വത്തിൽ കോഴിക്കോടു നിന്നും 33 പേരുള്ള ആ സംഘം പയ്യന്നൂർ ലക്ഷ്യമാക്കി യാത്ര തുടങ്ങി. അവർ പയ്യാവൂർ കടപ്പുറത്തു വെച്ച് ഉപ്പു കുറുക്കുകയും, ഭരണാധികാരികളുടെ എതിർപ്പു വകവെക്കാതെ സാധാരണക്കാരായ ആളുകൾക്ക് ആ ഉപ്പ് വിതരണം ചെയ്യുകയും ഒന്നാംഘട്ടം ഉപ്പുസത്യാഗ്രഹം വളരെ സമാധാനപരമായി തന്നെ സമാപിച്ചു. എന്നാൽ മെയ് അഞ്ചിന് ഗാന്ധിജി അറസ്റ്റ് ചെയ്യപ്പെട്ടതോടെ സമരത്തിൻറെ രീതി മാറി പോലീസ് ക്രൂരമായ മർദ്ദനം അഴിച്ചുവിടാൻ ആരംഭിച്ചു പയ്യന്നൂരിൽ മാത്രം ഒതുക്കി നിർത്താതെ സമരം കോഴിക്കോട്ടേക്ക് വ്യാപിപ്പിക്കാൻ സമരസമിതി തീരുമാനിച്ചു. അതിനുവേണ്ടി സന്നദ്ധരായ 45 പേരുള്ള സംഘത്തിൽ ഇതിൽ കൃഷ്ണപിള്ളയും നിയമം ലംഘിക്കാൻ പുറപ്പെട്ടു. സമാധാനപരമായി തുടങ്ങിയ സമരത്തെ പോലീസ് അക്രമ ത്തോടെ നേരിട്ട് കൃഷ്ണപിള്ളയും അറസ്റ്റ് ചെയ്തു.

നിയമലംഘന കേസിൽ കുറ്റം ചാർത്തപ്പെട്ട കൃഷ്ണപിള്ള കേരള സർക്കാരിനെ ബഹുമാനിക്കുന്നില്ല എന്നാണ് പറഞ്ഞത്. വിചാരണയുടെ ഒടുവിൽ ഇന്ത്യൻ ശിക്ഷാനിയമത്തിലെ 145 ആം വകുപ്പ് പ്രകാരം ആറുമാസം കഠിനതടവും മദിരാശി ഉപ്പുനിയമം എഴുപത്തിനാലാം വകുപ്പ് പ്രകാരം മൂന്ന് മാസം കഠിന തടവും കോടതി വിധിച്ചു. കണ്ണൂർ ജയിലിൽ ആണ് അദ്ദേഹം തടവ് ശിക്ഷ അനുഭവിച്ചത്. ജയിലിൽവച്ച് വിപ്ലവകാരികളുമായി കിസാൻ ട്രേഡ് യൂണിയൻ നേതാക്കളുമായി ഒക്കെ കൃഷ്ണപിള്ള ആശയങ്ങൾ പങ്കു വെച്ചത് അദ്ദേഹത്തെ ഒരു വലിയ മാറ്റത്തിലേക്ക് നയിച്ചു. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കണമെങ്കിൽ അഹിംസ മാത്രം പോര മറിച്ച് വിപ്ലവ രീതികൾ സ്വീകരിക്കണമെന്ന പക്ഷക്കാരനായിരുന്നു കൃഷ്ണപിള്ള.

1934 മെയ് 12ന് സോഷ്യലിസ്റ്റ് പാർട്ടി രൂപീകരിക്കുന്നതിന് വേണ്ടിയുള്ള ഒരു യോഗം കൃഷ്ണപിള്ളയുടെ സംഘാടനത്തിൽ കോഴിക്കോട് വച്ച് ചേരുകയായിരുന്നു. അധ്യക്ഷത വഹിച്ചത് കേളപ്പനായിരുന്നു. നിലവിലുള്ള രാഷ്ട്രീയ രീതി മാറണം എന്ന ചിന്ത വെച്ച് പുലർത്തിയവർ ആ യോഗത്തിൽ പങ്കെടുത്തു. ശക്തമായ ഒരു സാമ്രാജ്യവിരുദ്ധ പ്രസ്ഥാനം കെട്ടിപ്പടുക്കണം എങ്കിൽ അതിൻറെ മുൻനിരയിൽ കൊണ്ടുവരേണ്ടത് അടിസ്ഥാന വർഗ്ഗമായ തൊഴിലാളികളാണെന്ന് കൃഷ്ണപിള്ള അറിയാമായിരുന്നു. അതുകൊണ്ടുതന്നെ കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയുടെ രൂപീകരണ സമയത്ത് തന്നെ തൊഴിലാളികളെ സംഘടിപ്പിക്കാൻ അദ്ദേഹം ശ്രദ്ധിച്ചിരുന്നു.

കേരളത്തിലെ തൊഴിലാളി പ്രസ്ഥാന ചരിത്രത്തിലെ പ്രധാനപ്പെട്ട ഒരു സംഭവമാണ് ആലപ്പുഴയിൽ നാൽപതിനായിരത്തോളം വരുന്ന തൊഴിലാളികളുടെ ഒരുമാസം നീണ്ടുനിന്ന പണിമുടക്ക് ഈ സമരത്തിന് നേതൃത്വം നൽകിയതും കൃഷ്ണപിള്ളയായിരുന്നു കേരളത്തിലെ ആദ്യത്തെ തൊഴിലാളി സംഘടന രൂപംകൊള്ളുന്നത് ആലപ്പുഴയിൽ ആണെന്ന് പറയാം. തൊഴിലാളി സംഘടനയ്ക്ക് തുടക്കത്തിൽ വ്യക്തമായ ലക്ഷ്യങ്ങൾ ഒന്നുമില്ലായിരുന്നു ഒന്നു ഇവരെ സമരമുഖത്തേക്ക് കൊണ്ടുവരുന്നതിന് കൃഷ്ണപിള്ളയുടെ പരിശ്രമങ്ങൾ വളരെ വലുതായിരുന്നു . പണിമുടക്ക് സാമ്പത്തിക ആവശ്യങ്ങൾ നേടിയെടുക്കുന്നതിനേക്കാൾ രാഷ്ട്രീയ ആവശ്യങ്ങൾ നേടിയെടുക്കുക എന്നതായിരിക്കണം പണിമുടക്കിന്റെ പ്രധാന ലക്ഷ്യമെന്ന് കൃഷ്ണപിള്ള ഉറപ്പിച്ചിരുന്നു.

ദത്ത്-ബ്രാഡ്ലെ സിദ്ധാന്ത പ്രകാരം ഇന്ത്യയിൽ ഒരു സാമ്രാജ്യത്വവിരുദ്ധ ഐക്യമുന്നണി കെട്ടിപ്പടുക്കുന്നതിൽ കമ്മ്യൂണിസ്റ്റ് നേതൃത്വം ശ്രദ്ധിച്ചു. അതിന്റെ ഭാഗമായി, കേരളത്തിലെ കോൺഗ്രസ്സ് സോഷ്യലിസ്റ്റ് പാർട്ടിയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കാനും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കേന്ദ്രകമ്മിറ്റി തീരുമാനിക്കുകയുണ്ടായി. ഇതിന്റെ ഭാഗമെന്നോണമാണ് പി സുന്ദരയ്യ കേരളത്തിലെ കോൺഗ്രസ്സ് സോഷ്യലിസ്റ്റ് പാർട്ടി നേതാക്കളായ പി.കൃഷ്ണപിള്ളയേയും, കാണുന്നത്. കമ്മ്യൂണിസ്റ്റ് നേതാക്കളായ പി സുന്ദരയ്യയുടെയും എസ് വി ഘാട്ടെയുടെയും തുടർച്ചയായ സന്ദർശനങ്ങളും ചർച്ചകളും പി. കൃഷ്ണപിള്ളയേയും, ഇ. എം. എസ്സിനേയും എല്ലാം കമ്മ്യൂണിസ്റ്റ് പാർട്ടിയിലേക്കു അടുപ്പിച്ചു. ഒരു സാധാരണ കർഷകകുടുംബത്തിൽ ജനിച്ചു വളർന്ന കൃഷ്ണപിള്ളക്ക് തൊഴിലാളി വർഗ്ഗത്തിന്റെ വികാരവിചാരങ്ങൾ എളുപ്പം മനസ്സിലാക്കാൻ കഴിഞ്ഞു. ഇങ്ങനെ കമ്മ്യൂണിസത്തിലേക്കാകർഷിക്കപ്പെടുന്ന കേരളത്തിലെ നേതാക്കൾക്ക് നേതൃത്വം കൊടുക്കാൻ 1937 ൽ ഒരു സമിതി രൂപം കൊള്ളുകയുണ്ടായി. കോഴിക്കോടുള്ള തിരുവണ്ണൂർ എന്ന സ്ഥലത്തു വെച്ച് രൂപംകൊണ്ട ഈ സമിതിയിൽ ഇ എം എസ്, പി. കൃഷ്ണപിള്ള, കെ. ദാമോദരൻ എൻ. സി ശേഖർ എന്നിവരും കേന്ദ്രകമ്മിറ്റിയിൽ നിന്നു ഘാട്ടേയും ഉൾപടെ അഞ്ചുപേരാണുണ്ടായിരുന്നത്. 1939 ഡിസംബർ അവസാനം പിണറായിയിലെ പാറപ്രത്ത് നടന്ന സമ്മേളനത്തില്‍ കമ്യൂണിസ്റ്റ്‌ പാര്‍ടിയുടെ കേരളഘടകത്തിന്റെ ആദ്യ സെക്രട്ടറിയായി കൃഷ്ണപിള്ള തെരഞ്ഞെടുക്കപ്പെട്ടു.

കോൺഗ്രസ്സ് സോഷ്യലിസ്റ്റുകാർക്കിടയിൽ ഒരു അടിത്തറ സൃഷ്ടിച്ചെടുക്കുന്നതുവരെ ഈ പാർട്ടിയെ പരസ്യമായി കമ്മ്യൂണിസ്റ്റ് പാർട്ടി എന്നു വിളിക്കേണ്ടതില്ല എന്ന് സമിതിയിൽ തീരുമാനമായി. കമ്മ്യൂണിസ്റ്റ് പാർട്ടിയായി രൂപാന്തരം പ്രാപിക്കുന്നതിൽ പി. കൃഷ്ണപിള്ള സുപ്രധാനപങ്കു വഹിച്ചിട്ടുണ്ട്.

1940 ഡിസംബറിൽ അദ്ദേഹം പോലീസ് പിടിയിൽ ആയിരുന്ന കാലഘട്ടത്തിൽ പുറത്തുനിന്നും ഹിന്ദി പുസ്തകങ്ങൾ വരുത്തി അദ്ദേഹം വായിക്കുമായിരുന്നു. കൃഷ്ണപിള്ളക്ക് പുസ്തകങ്ങൾ എത്തിച്ചുകൊടുത്തിരുന്നത് പോലീസുകാരൻ അയൽവാസിയായിരുന്നു തങ്കമ്മ എന്ന പെൺകുട്ടിയിൽനിന്ന് ആയിരുന്നു. ഈ പെൺകുട്ടിയാണ് പിന്നീട് കൃഷ്ണപിള്ളയുടെ ജീവിതപങ്കാളിയായി മാറിയത്. തങ്കമ്മയുമായുള്ള വിവാഹം പാർട്ടിയിലെ നേതാക്കളും, തങ്കമ്മയുടെ പിതാവും എതിർത്തിരുന്നു. രാഷ്ട്രീയവിദ്യാഭ്യാസമില്ലാത്ത ഒരു സാധാരണ പെൺകുട്ടി എന്നായിരുന്നു പാർട്ടി തങ്കമ്മയിൽ കണ്ടെത്തിയ കുറവ് എങ്കിൽ, ജയിൽ വാസമനുഭവിച്ച ഒരാളാണ് വരൻ എന്നതായിരുന്നു തങ്കമ്മയുടെ മാതാപിതാക്കൾ കൃഷ്ണപിള്ളയിൽ കണ്ടെത്തിയ കുറ്റം. തങ്കമ്മയുടെ നിർബന്ധത്തിനു വഴങ്ങി മാതാപിതാക്കൾ കൃഷ്ണപിള്ളയുമായുള്ള വിവാഹം നടത്തിക്കൊടുക്കുകയായിരുന്നു.

ആലപ്പുഴ ജില്ലയിലെ മുഹമ്മക്ക് സമീപമുള്ള മണ്ണാർക്കാട് എന്ന ഗ്രാമത്തിൽ ഒരു കയർതൊഴിലാളികളുടെ കുടിലിൽ ഒളിവിൽ കഴിയുകയായിരുന്നു ഈ കൃഷ്ണപിള്ളയ്ക്ക് 1948 ഓഗസ്റ്റ് 19ന് സർപ്പദംശനമേറ്റു. അടുത്ത അരമണിക്കൂറിനുള്ളിൽ തന്നെ അദ്ദേഹം മരണമടഞ്ഞു. സർപ്പദംശനമേൽക്കുന്ന സമയത്ത് അദ്ദേഹം എഴുതിക്കൊണ്ടിരുന്ന സ്വയം വിമർശനമുണ്ട്, വിമർശനമില്ല എന്ന ലേഖനത്തിൽ “സഖാക്കളേ മുന്നോട്ട്” എന്ന് കുറിച്ചത് കേരളത്തിലെ കമ്മ്യൂണിസ്റ്റുകളോടുള്ള അവസാന സന്ദേശമായി കണക്കാക്കപ്പെടുന്നു. പുന്നപ്ര-വയലാറിലാണ് കൃഷ്ണപിള്ള അന്ത്യവിശ്രമം കൊള്ളുന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close