NEWSWORLD

അഫ്ഗാനിസ്ഥാനിലേക്കുള്ള വിമാന സർവീസുകൾ നിർത്തലാക്കി പാക്കിസ്ഥാൻ; താലിബാൻ ഭരണകൂടത്തിന്റെ കടുത്ത ഇടപെടലും ഭീഷണിയും കാരണമെന്ന് പാകിസ്ഥാൻ ഇന്റർനാഷണൽ എയർലൈൻസ്

ഇസ്ലാമാബാദ്: അഫ്ഗാനിസ്ഥാനിലേക്കുള്ള വിമാന സർവീസുകൾ നിർത്തലാക്കി പാക്കിസ്ഥാൻ. അനിയന്ത്രിതമായ നിയമ മാറ്റങ്ങളും ജീവനക്കാരെ ഭീഷണിപ്പെടുത്തലും ഉൾപ്പെടെ താലിബാൻ അധികാരികളുടെ കനത്ത ഇടപെടലിനെ തുടർന്നാണ് പാകിസ്ഥാൻ ഇന്റർനാഷണൽ എയർലൈൻസ് (പിഐഎ) അഫ്ഗാൻ തലസ്ഥാനമായ കാബൂളിലേക്കുള്ള വിമാനങ്ങൾ വ്യാഴാഴ്ച നിർത്തി വെച്ചത്.

താലിബാൻ അധികാരത്തിലേറുന്നതിന് മുമ്പുള്ള അതേ നിരക്കിലേക്ക് ടിക്കറ്റ് നിരക്ക് കുറയ്ക്കാൻ കാബൂളിൽ നിന്ന് പതിവായി പ്രവർത്തിക്കുന്ന ഏക അന്താരാഷ്ട്ര കമ്പനിയായ എയർലൈനിന് താലിബാൻ സർക്കാർ ഉത്തരവിട്ടതിന് പിന്നാലെയാണ് വിമാന സർവ്വീസുകൾ നിർത്തലാക്കിയത്. അധികാരികളുടെ ശക്തമായ ഇടപെടൽ കാരണം ഞങ്ങൾ ഇന്ന് മുതൽ കാബൂളിലേക്കുള്ള ഞങ്ങളുടെ വിമാന സർവീസുകൾ നിർത്തിവയ്ക്കുകയാണ് എന്ന് എയർലൈൻ വക്താവ് പറഞ്ഞു.

താലിബാൻ പിഐഎയ്ക്കും അഫ്ഗാൻ കാരിയറായ കാം എയറിനും താലിബാൻ മുന്നറിയിപ്പ് നൽകിയിരുന്നു. അഫ്ഗാനിസ്ഥാന്റെ ടിക്കറ്റ് നിരക്കുകൾ കുറയ്ക്കാൻ സമ്മതിച്ചില്ലെങ്കിൽ അവരുടെ അഫ്ഗാൻ പ്രവർത്തനങ്ങൾ തടയുമെന്നാണ് താലിബാൻ ഭരണകൂടം മുന്നറിയിപ്പ് നൽകിയത്. മിക്ക അന്താരാഷ്ട്ര വിമാനക്കമ്പനികളും ഇനി അഫ്ഗാനിസ്ഥാനിലേക്ക് പറക്കില്ല. പാക്കിസ്ഥാൻ തലസ്ഥാനമായ ഇസ്ലാമാബാദിലേക്കുള്ള ഫ്ലൈറ്റുകളുടെ ടിക്കറ്റുകൾ PIA- ൽ 2500 ഡോളർ വരെ നിലവിൽ വിൽക്കുന്നുണ്ട്. കാബൂളിലെ ട്രാവൽ ഏജന്റുമാരുടെ അഭിപ്രായത്തിൽ, മുമ്പ് ഇത് $ 120- $ 150 ആയിരുന്നു.

ഇസ്ലാമിക് എമിറേറ്റിന്റെ വിജയത്തിന് മുമ്പ് നിലനിന്നിരുന്ന ടിക്കറ്റിന്റെ വ്യവസ്ഥകൾക്കനുസൃതമായി റൂട്ടിലെ നിരക്കുകൾ ക്രമീകരിക്കണമെന്നും ഇത് നടപ്പിലാക്കിയില്ല എങ്കിൽ ഫ്ലൈറ്റുകൾ നിർത്തലാക്കുമെന്നും അഫ്ഗാൻ ഗതാഗത മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. എന്തെങ്കിലും ലംഘനങ്ങൾ ഉണ്ടെങ്കിൽ റിപ്പോർട്ട് ചെയ്യാൻ യാത്രക്കാരോട് പറയുകയും ചെയ്തു.

താലിബാൻ അധികാരത്തിൽ വന്നതിനു പിറകെ ഉണ്ടായ അക്രമ സംഭവങ്ങൾക്ക് ശേഷം കഴിഞ്ഞ മാസമാണ് കാബൂൾ വിമാനത്താവളം വീണ്ടും തുറക്കുകയും അഫ്ഗാനിസ്ഥാനും പാകിസ്ഥാനും തമ്മിലുള്ള വിമാന സർവ്വീസുകൾ ആരംഭിക്കുകയും ചെയ്തത്. പുതിയ താലിബാൻ സർക്കാർ രൂപീകരിച്ചതുമുതൽ, കാബൂളിലെ ജീവനക്കാർ നിയന്ത്രണങ്ങളിലും ഫ്ലൈറ്റ് അനുമതികളിലും താലിബാൻ കമാൻഡർമാരിൽ നിന്നുള്ള ഭയപ്പെടുത്തലുകൾ നേരിടുന്നുവെന്നും പിഐഎ പറയുന്നു. തങ്ങളുടെ രാജ്യത്തിന്റെ പ്രതിനിധി ഒരു ഘട്ടത്തിൽ മണിക്കൂറുകളോളം തോക്കിന് മുനയിൽ നിർത്തിയിട്ടുണ്ടെന്നും കാബൂളിലെ പാകിസ്ഥാൻ എംബസി ഇടപെട്ടതിനു ശേഷം മാത്രമാണ് മോചിപ്പിക്കപ്പെട്ടതെന്നും ഇവർ പറയുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close