
ലാഹോര്‍: ജോലി സമയം കഴിഞ്ഞതിനാല്‍ യാത്രക്കാരെ പകുതി വഴിയില്‍ ഉപേക്ഷിച്ച് പൈലറ്റ്. പാകിസ്താന് അന്താരാഷ്ട്ര എയര്‍ലൈന്‍സിന്റെ പൈലറ്റാണ് യാത്രക്കാരെ പെരുവഴിയിലാക്കിയത്. റിയാദില്‍ നിന്നും ഇസ്ലാമാബാദിലേക്ക് പുറപ്പെട്ട പികെ-9754 എന്ന വിമാനം മോശം കാലാവസ്ഥയെ തുടര്‍ന്ന് സൗദി അറേബ്യയിലെ ദമാമില്‍ ഇറക്കുകയായിരുന്നു. അടിയന്തര ലാന്‍ഡിങ്ങിന് ശേഷമാണ് തന്റെ ജോലി സമയം കഴിഞ്ഞുവെന്ന് പൈലറ്റ് മനസ്സിലാക്കുന്നത്.
കാലാവസ്ഥ സാധാരണ രീതിയിലായപ്പോഴേക്കും തന്റെ ജോലി സമയം കഴിഞ്ഞതിനാല്‍ വിമാനം പറത്താന്‍ പൈലറ്റ്. വിസമ്മതിക്കുകയായിരുന്നുവെന്ന് എക്സ്പ്രസ് ട്രിബ്യൂണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വിമാനത്തിനുള്ളിലുള്ള യാത്രക്കാര്‍ പുറത്തിറങ്ങാന്‍ വിസമ്മതിക്കുകയും യാത്ര വൈകുന്നതില്‍ പ്രതിഷേധിക്കുകയും ചെയ്തു.
അധികൃതര്‍ ഇടപെട്ട് യാത്രക്കാരെ ഹോട്ടലുകളിലേക്ക് മാറ്റുകയായിരുന്നു. യാത്ര തുടരുന്നത് വരെ യാത്രക്കാര്‍ക്ക് ഹോട്ടലില്‍ താമസസൗകര്യം ഏര്‍പ്പെടുത്തിയതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.