HEALTHNEWS

സ്ഥിരമായി പാൻമസാല ഉപയോഗിക്കുന്നവർക്ക് എന്തുകൊണ്ട് നിർത്താൻ സാധിക്കുന്നില്ല? അറിയണം ഇവ…

പാൻ മസാല സ്ഥിരമായി ഉപയോഗിക്കുന്ന നിരവധിപേരെ നമുക്ക് അറിയാം.. ചിലർക്ക് ഈ ഉപയോഗം ഉപേക്ഷിക്കണമെന്നുണ്ടെങ്കിലും സാധിക്കാത്ത അവസ്ഥയാണുള്ളത്. പാൻമസാല ഉപയോഗത്തെ കുറിച്ച് ഇ ന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ച് പഠനം നടത്തിയപ്പോള്‍ ശരീരത്തിന് വളരെയധികം അപകടം ഉണ്ടാക്കുന്ന നിരവധി വസ്തുക്കള്‍ ഇതിലുള്ളതായി കണ്ടെത്തി.

പാന്‍മസാലകള്‍ ഉപയോഗിക്കുന്നവരില്‍ വ്യത്യസ്തമായ പ്രതികരണമുണ്ടാകാനുള്ള സാധ്യത ഏറെയാണ്. ചിലര്‍ക്ക് തലകറക്കവും തരിപ്പും ഉണ്ടാകും. ചിലര്‍ക്ക് അമിതമായ വിയര്‍പ്പ്, ഛര്‍ദി എന്നീ ബുദ്ധിമുട്ടുകള്‍.

പാന്‍മസാല സ്ഥിരമായി ഉപയോഗിക്കുന്നവവരുടെ മുഖം ഭാവഭേദമില്ലാത്ത അവസ്ഥയിലെത്താനും സാധ്യതയുണ്ട്. ഉറക്കക്ഷീണം, കുഴിഞ്ഞ കണ്ണകുള്‍, കറപിടിച്ച പല്ലുകള്‍, തുടിപ്പ് നഷ്ടപ്പെട്ട കവിളുകള്‍, പാന്‍മസാലമയുടെ കുത്തുന്ന ഗന്ധം, എപ്പോഴും അസ്വസ്ഥത, ഇടക്കിടെ തുപ്പുന്ന ശീലം, അലക്ഷ്യമായ വസ്ത്രരീതി എന്നിവയൊക്കെയാണ് ഇവരുടെ പ്രത്യേകത.

കുറെകാലം പാന്‍മസാല വായ്ക്കുള്ളിലെ ഏതെങ്കിലും ഭാഗത്ത് സ്ഥിരമായി വച്ചാല്‍ അവിടത്തെ നിറം മാറുകയും എരിച്ചിലും പുകച്ചിലും അനുഭവപ്പെടുകയും ചെയ്യുന്നു. കാലക്രമേണ ആ ഭാഗത്തെ മാംസം ദ്രവിക്കുകയും, ദ്രവിച്ചുപോയ ഭാഗത്ത് ഒരു ദ്വാരം പ്രത്യക്ഷപ്പെടുകയും ചെയ്യാം. ഇങ്ങനെ സംഭവിച്ചാലും ഈ ശീലം മാറ്റാന്‍ കഴിയാത്തവരുണ്ട്. പഴയ സ്ഥലം മാറ്റി തത്കാലം പുതിയ സ്ഥലത്ത് ഇവര്‍ പാന്‍മസാല വയ്ക്കാന്‍ തുടങ്ങുന്നു. അത്രക്കും ശക്തമാണ് പാന്‍മസാല ഉണ്ടാക്കുന്ന ആസക്തി.

പാന്‍മസാലയിലടങ്ങിയിട്ടുള്ള ചേരുവകളില്‍ പലതും കാന്‍സറിന് കരണമാകുന്നവയാണ്. ഇവ ചര്‍മത്തിന്റെ മൃദുലപേശികളെ കടന്നാക്രമിച്ച് ചര്‍മത്തിന്റെ ഇലാസ്തികതയെ നശിപ്പിക്കുന്നു. അങ്ങനെ വായിലെ തൊലി ഉരിഞ്ഞ് പോകുന്നതുമൂലം സബ് മ്യൂകസ് ഫൈബ്രോസിസ് എന്ന രോഗം പ്രത്യക്ഷമാകുന്നു.

പ്രത്യക്ഷത്തില്‍ ഇത് കാന്‍സറല്ലെങ്കിലും കാന്‍സറിന് മുന്നേ വരുന്ന ഒപ്രു അവസ്ഥയാണിത് . ഇക്കൂട്ടര്‍ക്ക് സാധാരണ ആളുകളേക്കാള്‍ കാന്‍സര്‍ പിടിപെടാനുള്ള സാധ്യത 400 ഇരട്ടിയാണ്. കോശങ്ങള്‍ക്ക് ജീവനറ്റുപോയതിനാല്‍ ഇത്തരക്കാര്‍ക്ക് വായില്‍ വേദന അനുഭവപ്പെടാറില്ല. പാന്‍മസാല ശീലക്കാരായ എല്ലാ പ്രായക്കാരിലും ഈ അവസ്ഥ പ്രത്യക്ഷപ്പെടാം.

സബ് മ്യൂക്കസ് ഫൈബ്രോസിസിന്റെ കാന്‍സറിലേക്കുളള പരിണാമം ഒരുപരിധിവരെ തിരിച്ചറിയാം. തൊലിയിലുളള നിറംമാറ്റം, വായ്ക്കുള്ളില്‍ കലകള്‍ രൂപപ്പെടുക, കോളിഫ്‌ളവറിന്റെ രൂപത്തില്‍ വളര്‍ച്ചകള്‍ പ്രത്യക്ഷപ്പെടുക, തൊണ്ടയില്‍ മുഴ എന്നിങ്ങനെയുളള പ്രശ്‌നങ്ങള്‍ കണ്ടാല്‍ ഉടന്‍തന്നെ ഡോക്ടറെ സമീപിക്കണം.

പാന്‍മസാലശീലക്കാരില്‍ കണ്ടുവരുന്ന മറ്റൊരു ആരോഗ്യപ്രശ്‌നമാണ് ലുക്കോപ്ലാക്കിയ. വായില്‍ വെളുത്ത പാടുകള്‍ കാണുന്നതാണ് രോഗലക്ഷണം. ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇത് ത്വക്കില്‍ കാണപ്പെടുന്ന സ്‌കാമസ് സെല്‍ കാന്‍സറായി മാറാം. ഇതുകൂടാതെ തൊണ്ട, അന്നനാളം, ആമാശയം എന്നീ ഭാഗങ്ങളിലും പാന്‍മസാല കാന്‍സര്‍ ഉണ്ടാക്കാം.

ഇത് കൂടാതെ പാന്‍മസാലകള്‍ ഉണ്ടാക്കുന്ന മാനസികപ്രശ്‌നങ്ങള്‍ നിരവധിയാണ്. ഇത് ഉപയോഗിക്കുന്നവര്‍ക്ക് അകാരണമായ സന്തോഷവും ദുഃഖവും മാറിമാറി അനുഭവപ്പെടാം. പെട്ടെന്നുള്ള ദേഷ്യം, വെറുപ്പ്, അക്രമവാസന, എടുത്തുചാട്ടം, നിരാശ എന്നിങ്ങനെയുള്ള വൈകാരികാവസ്ഥകളും ഇവരില്‍ കാണാൻ കഴിയുന്നുണ്ട്.

യുക്തമായ തീരുമാനങ്ങള്‍ എടുക്കാന്‍ കഴിയാതിരിക്കുക, ഉത്കണ്ഠ, ആത്മവിശ്വാസക്കുറവ്, അന്തര്‍മുഖത്വം, അകാരണമായ പേടി, മറവി, ആത്മഹത്യാ ചിന്ത, ലൈംഗിക ശേഷിക്കുറവ്, ലൈംഗിക വൈകൃതങ്ങള്‍, എന്നിവയും പാന്‍മസാല ശീലക്കാരില്‍ കൂടുതലാണ്. പാന്‍മസാലയില്‍ അടങ്ങിയിട്ടുള്ള രാസവസ്തുക്കളില്‍ ചിലത് ഡി.എന്‍.എ.യുടെ ഘടനയില്‍ തകരാറുണ്ടാക്കാന്‍ സാധ്യതയുള്ളവയാണ്. പുകയിലയിലും അടക്കയിലും ഉണ്ടാകുന്ന ഫംഗസ്ബാധ പാന്‍മസാല ശീലക്കാരിലും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു.

പാന്‍മസാലശീലം നിര്‍ത്തുന്നതിനായി ഫലപ്രദമായ മരുന്നുകളൊന്നും ഇതുവരെയും കണ്ടെത്തിയിട്ടില്ല. ഈ ശീലം തുടങ്ങാതിരിക്കുന്നതാണ് ഏറ്റവും ഫലപ്രദമായ ചികിത്സ.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close