Breaking NewsINDIANEWSTop News

പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന് ഇന്ന് തുടക്കം; കേന്ദ്ര സർക്കാരിനെതിരായ ആരോപണങ്ങൾ സഭയെ പ്രക്ഷുബ്ദമാക്കും

ന്യൂഡൽഹി: പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന് ഇന്ന് തുടക്കം. ഇസ്രയേലി ചാര സോഫ്റ്റുവെയർ ഉപയോ​ഗിച്ച് കേന്ദ്രമന്ത്രിമാരുടെയും മാധ്യമന പ്രവർത്തകരുടെയും അടക്കം ഫോണുകൾ ചോർത്തിയെന്ന റിപ്പോർട്ടുകൾ പുറത്തു വന്നതോടെ പാർലമെന്റിൽ പ്രതിപക്ഷം സർക്കാരിനെതിരെ ആഞ്ഞടിക്കും. ഇതിന് പുറമേ കർഷകസമരവും കോവിഡ് പ്രതിരോധത്തിലെ പാളിച്ചകളും വിലവർധനവും ഉൾപ്പെടെ സർക്കാരിനെതിരെ പ്രയോ​ഗിക്കാൻ ഒരുപിടി ആയുധങ്ങളുമായാണ് പ്രതിപക്ഷം സഭയിലെത്തുക.

കർഷകസമരം ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് ആദ്യദിനംതന്നെ പ്രതിപക്ഷം അടിയന്തര പ്രമേയത്തിനു നോട്ടീസ് നൽകും. ഏതുവിഷയവും ചർച്ചചെയ്യാൻ ഒരുക്കമാണെന്നും ചർച്ചകളിൽനിന്ന് ഓടിയൊളിക്കില്ലെന്നും സർക്കാർ വ്യക്തമാക്കി. അർഥപൂർണമായ ചർച്ചകൾ ഉണ്ടാകണമെന്നും അത് തീരുമാനമെടുക്കൽ നടപടികളെ ശക്തിപ്പെടുത്തുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി സർവകക്ഷി യോഗത്തിൽ പറഞ്ഞു.

ഇന്നലെ കേന്ദ്രസർക്കാർ വിളിച്ചുചേർത്ത ഇരുസഭകളിലെയും കക്ഷിനേതാക്കളുടെ യോഗത്തിൽ 33 പാർട്ടികളുടെ പ്രതിനിധികൾ പങ്കെടുത്തു. കേരളത്തിൽനിന്ന് ഇ.ടി. മുഹമ്മദ് ബഷീർ, എൻ.കെ. പ്രേമചന്ദ്രൻ, തോമസ് ചാഴികാടൻ, എളമരം കരീം, ബിനോയ് വിശ്വം, എം.വി. ശ്രേയാംസ് കുമാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു. സർക്കാരിന്റെ കാര്യപരിപാടികൾ നടപ്പാക്കാൻ മാത്രമുള്ള വേദിയാക്കി പാർലമെന്റിനെ മാറ്റരുതെന്നും അംഗങ്ങൾക്ക് ജനങ്ങളുടെ പ്രശ്നങ്ങൾ ഉന്നയിക്കാനുള്ള അവസരങ്ങൾ ലഭിക്കണമെന്നും പ്രതിപക്ഷനേതാക്കൾ ആവശ്യപ്പെട്ടു. കാർഷിക പരിഷ്കരണ ബില്ലുകൾ, പെട്രോൾ-ഡീസൽ വിലക്കയറ്റം, കോവിഡ് വാക്സിനേഷൻ തുടങ്ങിയ വിഷയങ്ങൾ ചർച്ചചെയ്യാൻ കഴിയണമെന്ന് കോൺഗ്രസിന്റെ മല്ലികാർജുൻ ഖാർഗെ പറഞ്ഞു.

കർഷകസമരം ചർച്ചചെയ്യാൻ അവസരമുണ്ടാകണമെന്ന് പ്രതിപക്ഷ നേതാക്കളായ ടി.ആർ. ബാലു, സുദീപ് ബന്ദോപാധ്യായ, ഡെറിക് ഒബ്രയാൻ, തിരുച്ചി ശിവ, രാം ഗോപാൽ യാദവ്, സതീഷ് മിശ്ര, ഹർസിമ്രത് കൗർ തുടങ്ങിയവരും ആവശ്യപ്പെട്ടു. ലോക്‌സഭയിൽ ഡെപ്യൂട്ടി സ്പീക്കറെ നിയോഗിക്കണമെന്ന് കോൺഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധരി പറഞ്ഞു.

ജനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങൾ സൗഹൃദപരമായ രീതിയിൽ ഉന്നയിക്കപ്പെടണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇത്തരം ചർച്ചകളോട് പ്രതികരിക്കാൻ ഭരണകൂടത്തിന് അവസരം നൽകേണ്ടതുണ്ട്. ഇത്തരത്തിൽ ഒരു അന്തരീക്ഷം സൃഷ്ടിക്കുക എന്നത് എല്ലാവരുടെയും ഉത്തരവാദിത്വമാണെന്നും പ്രധാനമന്ത്രി ഓർമിപ്പിച്ചു. കോവിഡിൽ ജീവൻ നഷ്ടമായ അംഗങ്ങൾക്ക് മോദി അനുശോചനം രഖപ്പെടുത്തി.

കേന്ദ്രമന്ത്രിമാരായ രാജ്‌നാഥ് സിങ്, പീയൂഷ് ഗോയൽ, പ്രൾഹാദ് ജോഷി, വി. മുരളീധരൻ, അർജുൻ മേഘ്‌വാൾ എന്നിവരും യോഗത്തിൽ പങ്കെടുത്തു. മഴക്കാലസമ്മളനത്തിനു മുന്നോടിയായി ലോക്‌സഭയിലെ പാർട്ടിനേതാക്കളുടെ യോഗം സ്പീക്കർ ഓം ബിർളയും ഞായറാഴ്ച വിളിച്ചുചേർത്തിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close