പെഗാസസ്; ദലൈലാമയുടെയും മുഖ്യ ഉപദേശകരുടെ ഫോണുകളും ലക്ഷ്യമിട്ടിരുന്നതായി റിപ്പോർട്ടുകൾ പുറത്ത്; ടിബറ്റൻ ഉദ്യോഗസ്ഥരുടെയും ആക്ടിവിസ്റ്റുകളുടെയും ഫോൺനമ്പറുകൾ ഡാറ്റബേസിൽ കണ്ടതായി റിപ്പോർട്ട് ചെയ്യ്ത് ‘ദ വയർ’

ന്യൂഡൽഹി: ടിബറ്റൻ ആത്മീയ നേതാവായ ദലൈലാമയുടെ അടുത്ത ഉപദേശകരുടെയും അദ്ദേഹത്തിന്റെ സ്റ്റാഫ് അംഗങ്ങളുടെയും ഫോണുകളും എൻഎസ്ഒയുടെ പെഗാസസ് ചാര സോഫ്റ്റ്വെയർ ഉപയോഗിച്ച് ചോർത്താൻ ലക്ഷ്യമിട്ടിരുന്നതായി റിപ്പോർട്ട്. നിരവധി ടിബറ്റൻ ഉദ്യോഗസ്ഥരുടെയും ആക്ടിവിസ്റ്റുകളുടെയും ഫോൺനമ്പറുകൾ ഡാറ്റബേസിൽ കണ്ടതായി ‘ദ വയറാ’ണ് റിപ്പോർട്ട് ചെയ്തത്. 2017 ആദ്യം മുതൽ 2019ന്റെ തുടക്കം വരെയാണ് ഫോൺനമ്പറുകൾ നിരീക്ഷിക്കപ്പെട്ടത് എന്നാണ് സൂചന.
പക്ഷേ ഡാറ്റ ബേസിൽ ഫോൺ നമ്പർ കണ്ടത് കൊണ്ട് നിരീക്ഷിക്കപ്പെട്ടു എന്ന് ഉറപ്പിക്കാനാവില്ല, ഫോണിന്റെ ഫോറൻസിക് പരിശോധനയിലൂടെ മാത്രമേ അത് സ്ഥിരീകരിക്കാൻ കഴിയു. ദലൈലാമയുടെ ന്യൂഡൽഹിയിലെ ഓഫീസിലെ ഡയറക്ടറായ ടെമ്പ സെറിംഗ് ഉൾപ്പടെ ഉള്ളവരുടെ നമ്പറുകൾ ലക്ഷ്യംവെച്ചിരുന്നു എന്നാണ് റിപ്പോർട്ടിൽ പറയുന്നത്. മുതിർന്ന ബുദ്ധസന്യാസിയായ ഉർജിയാൻ, ദൈലൈലാമയുടെ മുതിർന്ന സഹായികളായ ടെൻസിൻ തക്ൽഹ, ചിമ്മി റിഗ്സെൻ, നാടുകടത്തപ്പെട്ട അന്നത്തെ ടിബറ്റൻ ഗവൺമെന്റിന്റെ തലവൻ ആയിരുന്ന ലോബ്സാങ് സംഗേ എന്നിവരുടെ പേരുകളും പട്ടികയിലുണ്ട്.
2017ൽ ദോക്ലാം പ്രതിസന്ധിക്ക് പിന്നാലെ ചൈനയുമായുള്ള ബന്ധം ഇന്ത്യ പുനസ്ഥാപിച്ചുവരുന്നതിനിടെയാണ് ഫോൺനമ്പറുകൾ നിരീക്ഷിക്കപ്പെട്ടിരിക്കുന്നത്. നേരത്തെ, നരേന്ദ്ര മോദി സർക്കാരിലെ രണ്ട് മന്ത്രിമാർ, മൂന്ന് പ്രതിപക്ഷ നേതാക്കൾ, ഭരണഘടനാ പദവിയിലുള്ള ഒരാൾ, ഒരു സിറ്റിങ് സുപ്രീം കോടതി ജഡ്ജി, നിരവധി മാധ്യമപ്രവർത്തകർ, ബിസിനസുകാർ എന്നിവരുടെ വിവരങ്ങൾ ചോർന്നതായാണ് റിപ്പോർട്ട് പുറത്തുവന്നത്.
എന്നാൽ മാധ്യമ റിപ്പോർട്ടുകൾ രാജ്യത്തെ അപകീർത്തിപ്പെടുത്താനുള്ള അന്താരാഷ്ട്ര ഗൂഢാലോചനയുടെ ഭാഗമാണെന്നായിരുന്നു ഇന്ത്യ സർക്കാരിന്റെ ആരോപണം. മറുവശത്ത് സർക്കാരിനെതിരെ പ്രതിപക്ഷ പാർട്ടികൾ പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ്. പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് കഴിഞ്ഞ ദിവസങ്ങളിൽ ഇരുസഭകളും നിർത്തിവെക്കേണ്ടി വന്നിരുന്നു