INSIGHT

ഇന്ത്യൻ ജനത പഠിക്കേണ്ട പെരിയാർ ; സാമൂഹ്യനീതിക്കായി നിലകൊണ്ട മനുഷ്യൻ

പെരിയാർ എന്ന തമിഴ് വാക്കിന് അർത്ഥം ബഹുമാനിതൻ എന്നാണ്. തമിഴ് ജനത പെരിയാർ എന്ന് അഭിസംബോധന ചെയ്തു വിളിക്കുന്ന ഇ. വി. രാമസ്വാമിയുടെ ജന്മദിനമാണ് ഇന്ന്. മത ബോധ്യങ്ങൾ പെരുകുന്ന കാലത്ത് അദ്ദേഹത്തെ മനസിലാക്കുക എന്നത് ഒരു ജനാധിപത്യ രാജ്യത്തെ സംബന്ധിച്ച് ഉചിതമാണ്. ഇന്ത്യ മുഴുവൻ മനസിലാക്കേണ്ട വ്യക്തിയായ അദ്ദേഹത്തിന്റെ ജീവിതകഥ നോക്കാം.

പെരിയാർ ഇ.വി രാമസ്വാമി തമിഴ്‌നാട്ടിലെ മേധാവിസമൂഹം തന്നെയായ ‘നായ്ക്കർ’ എന്ന ശൂദ്ര വിഭാഗത്തിലാണ് പിറക്കുന്നത്. ജാതിവ്യവസ്ഥയെ യുക്തിവാദത്തിന്റെയും ബുദ്ധിസത്തിന്റെയും തത്ത്വങ്ങളുപയോഗിച്ച് വിമർശിച്ച അയോത്തി ദാസായിരുന്നു പെരിയാറിന്റെ മാതൃക. തമിഴ്‌നാട് കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റായിരുന്ന പെരിയാറിന്റെ ജാതിവിരുദ്ധ നയങ്ങളെ കോൺഗ്രസിലെ സവർണർ വെച്ചുപൊറുപ്പിച്ചില്ല. തിരുനെൽവേലിയിലെ ചേരൻമാദേവി എന്ന സ്ഥലത്തു പ്രവർത്തിച്ചിരുന്ന ‘ഗുരുകുലം’ ഗാന്ധിയൻ ആദർശങ്ങളിൽ കുട്ടികൾക്ക് പരിചയവും രാജ്യസ്നേഹവും പകർന്നുകൊടുക്കാൻ ഉദ്ദേശിച്ചുള്ളതായിരുന്നു. ഇതിന്റെ പ്രവർത്തനത്തിന് കോൺഗ്രസ്സിന്റെ സാമ്പത്തിക സഹായവുമുണ്ടായിരുന്നു. ഇവിടെയും ബ്രാഹ്മണരായ കുട്ടികൾക്ക് പ്രത്യേക പരിഗണന നൽകിയിരുന്നതായി ആരോപിക്കപ്പെട്ടു. അബ്രാഹ്മണ വിദ്യാർത്ഥികളെ എല്ലാ കാര്യങ്ങളിൽ നിന്നും അകറ്റിനിർത്തുന്ന ഏർപ്പാടും അവിടെ നിലനിന്നിരുന്നു. രണ്ടുവിഭാഗം കുട്ടികൾക്കും ആഹാരം കഴിക്കാനുള്ള പാത്രങ്ങളിൽപ്പോലും വിവേചനം കാണിച്ചു. അവർ ബ്രാഹ്മണ കുട്ടികളോട് ഒന്നിച്ചിരുന്നു ഭക്ഷണം കഴിക്കാതിരിക്കാൻ അധികൃതർ പ്രത്യേകം ശ്രദ്ധിച്ചു. ബ്രാഹ്മണ കുട്ടികൾക്ക് പ്രത്യേകമായിട്ടാണ് ഭക്ഷണം നൽകിയിരുന്നത്. അന്ന് ഗുരുകുലം പ്രവർത്തിച്ചിരുന്നത് കോൺഗ്രസ് നേതാവായിരുന്ന വി.വി.എസ്. അയ്യരുടെ മേൽനോട്ടത്തിലായിരുന്നു. ഗുരുകുലത്തിലെ വിവേചനത്തിനെതിരായി കോൺഗ്രസ് നേതാവായിരുന്ന ഇ.വി. രാമസ്വാമി ശക്തമായി പ്രതിഷേധിച്ചു.

1925 നവംബറിൽ കാഞ്ചീപുരത്ത് നടന്ന കോൺഗ്രസ് സമ്മേളനത്തിൽ 50% സംവരണം അബ്രാഹ്മണർക്ക് നൽകണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള തന്റെ പ്രമേയം ബ്രാഹ്മണർ തടസ്സപ്പെടുത്തിയപ്പോൾ തന്റെ അനുയായികളുമൊത്ത് പെരിയാർ കോൺഗ്രസ് വിട്ടു. 1925 ഡിസംബറിൽ തന്നെ അദ്ദേഹം സ്വാഭിമാന പ്രസ്ഥാനത്തിന് രൂപംകൊടുത്തു. തമിഴ്‌നാട്ടിലുടനീളം അനവധി പ്രക്ഷോഭങ്ങൾ അദ്ദേഹം നടത്തി. അബ്രാഹ്മണരുടെ സമസ്ത ജീവിത മേഖലകളിലുമുള്ള പുരോഗതി ലക്ഷ്യമാക്കിയാണ് ഇത് പ്രവർത്തിച്ചത്.. ക്ഷേത്രങ്ങൾ ബഹിഷ്ക്കരിക്കുവാൻ ആഹ്വാനമുണ്ടായി- ഒപ്പം ബ്രാഹ്മണരേയും. വിവാഹച്ചടങ്ങുകളിൽ ബ്രാഹ്മണ പൂജാരികൾ വേണ്ടെന്നു നിഷ്ക്കർഷിച്ചു. തമിഴ്നാട്ടിലെ രാഷ്ട്രീയ സാമൂഹിക രംഗത്ത് ശക്തമായ ചലനമുണ്ടാക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു. തുടർന്ന് ‘ദ്രാവിഡ കഴകം’ എന്ന സംഘടനയ്ക്കു രൂപം നൽകി കൂടുതൽ ഫലവത്തായി പ്രവർത്തിച്ചു തുടങ്ങി 1947-ൽ ഇന്ത്യ സ്വതന്ത്രമായി നാടൊട്ടും ആഘോഷം നടക്കുമ്പോൾ ‘തമിഴരുടെ ദുഃഖദിന’മെന്നാണ് പെരിയാർ അതിനെ വിളിച്ചത്. ഇന്ത്യയുടെ സ്വാതന്ത്ര്യം ബ്രിട്ടീഷുകാർ ബ്രാഹ്മണർക്കു കൈമാറുകയേ ചെയ്തിട്ടുള്ളൂവെന്നായിരുന്നു പെരിയാറിന്റെ പക്ഷം. 1950-ലെ റിപ്പബ്ലിക് ദിനം ദുഃഖദിനമായി ആചരിച്ചതിനാൽ പെരിയാറിനെ ജയിലിലടച്ചു. രക്ഷിതാക്കളുടെ പാരമ്പര്യത്തൊഴിൽ കുട്ടികളെ പഠിപ്പിക്കണമെന്ന നിയമത്തെ പെരിയാർ എതിർത്തു. പ്രക്ഷോഭത്തെത്തുടർന്ന് മുഖ്യമന്ത്രി സി. രാജഗോപാലാചാരിക്ക് മന്ത്രിസ്ഥാനം ഒഴിയേണ്ടിവന്നു. ശേഷം വന്ന കെ. കാമരാജ് ഈ നിയമം എടുത്തുമാറ്റി. പല കാലങ്ങളിൽ പെരിയാറും സംഘവും ധീരമായ പ്രക്ഷോഭങ്ങൾ ദക്ഷിണേന്ത്യയിലുടനീളം നടത്തി. വിദ്യാഭ്യാസത്തിലും തൊഴിലിലും സമ്പത്തിലും രാഷ്ട്രീയ അധികാരത്തിലും ജനസംഖ്യാനുപാതികമായ പങ്കാളിത്തം ദലിത്-പിന്നാക്ക-ന്യൂനപക്ഷങ്ങൾക്ക് ലഭിക്കുമ്പോൾ മാത്രമേ ‘ജനാധിപത്യ ഇന്ത്യ’ എന്ന സങ്കൽപം പൂർണമാവുകയുള്ളൂ എന്ന വിചാരങ്ങൾ ഉണർത്തിവിടാൻ ഇത് കാരണമായി. സ്വാഭിമാനപ്രസ്ഥാനത്തിന്റെ ആദ്യ പ്രവിശ്യാ സമ്മേളനത്തിൽ വച്ചു തന്റെ പേരിൽ നിന്നും ജാതിവാൽ മുറിച്ചുകളഞ്ഞതായി പെരിയാർ പ്രഖ്യാപിച്ചു

ജാതിവ്യവസ്ഥയ്ക്കും ബ്രാഹ്മണ മേധാവിത്വത്തിനും എതിരെ പടപൊരുതിയ അദ്ദേഹം ഇന്ത്യൻ ദേശീയപ്രസ്ഥാനത്തിന്റെ മുൻനിര പോരാളിയായി. ഇവിടെ നിലനിന്നിരുന്ന സവർണാധിപത്യത്തെ പരസ്യമായി ചോദ്യം ചെയ്തു. തന്റെ നിലപാടിൽ ഉറച്ചുനിന്നുകൊണ്ട്‌ ഗാന്ധിജിയോടു പോലും സംവാദം നടത്തിയ ധീരനാണ്‌ രാമസ്വാമി.

11-ാം വയസ്സിൽ വിദ്യാഭ്യാസം അവസാനിപ്പിച്ച അദ്ദേഹം പിതാവിനൊപ്പം കച്ചവടത്തിനിറങ്ങി. കുറേ യാത്ര ചെയ്തു. ആ യാത്രകളാണ്‌ അദ്ദേഹത്തെ പെരിയാറാക്കിയത്. രാജ്യത്തെ പട്ടിണിയും ദാരിദ്യവും നേരിട്ടനുഭവിച്ച രാമസ്വാമി, സവർണർക്കു മാത്രമാണ്‌ സമ്പത്തും സൗകര്യങ്ങളുമുള്ളതെന്ന്‌ തിരിച്ചറിഞ്ഞു. അങ്ങനെയാണ്‌ അദ്ദേഹം “സ്വാഭിമാന പ്രസ്ഥാനം” രൂപീകരിച്ചത്‌. 1919-ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ ചേർന്നുകൊണ്ട്‌ ഇ.വി രാമസ്വാമി ദേശീയപ്രസ്ഥാനത്തിന്റെ ഭാഗമായി. പിന്നീട് “ദ്രാവിഡർ കഴകം” എന്ന സാമൂഹ്യ പ്രസ്ഥാനം രൂപീകരിച്ചു. പൂണൂൽ മുറിക്കൽ, വിഗ്രഹഭഞ്ജനം എന്നിവയ്ക്കൊക്കെ ഈ പ്രസ്ഥാനം നേതൃത്വം നൽകി. “ദ്രാവിഡ മുന്നേറ്റത്തിന്റെ പിതാവ്‌” എന്നാണ്‌ അദ്ദേഹത്തെ വിശേഷിപ്പിക്കുന്നത്‌.

ഗാന്ധിജിയുടെ ലളിത ജീവിതം, ഖാദി ധരിക്കൽ, മദ്യനിരോധനം തുടങ്ങിയ ആശയങ്ങളോട്‌ അദ്ദേഹത്തിന്‌ താൽപര്യമായിരുന്നു. 1922-ൽ കോൺഗ്രസിന്റെ തമിഴ്നാട്‌ ഘടകത്തിന്റെ അധ്യക്ഷനായ പെരിയാർ കേരളത്തിൽ നടന്ന വൈക്കം സത്യഗ്രഹത്തിൽ പങ്കെടുത്തു. ലോകഭാഷകൾ മിക്കതും ഹൃദിസ്ഥമാക്കിയിരുന്ന പെരിയാർ മലയാളം നന്നായി കൈകാര്യംചെയ്‌തിരുന്നു. അധികാരവും ധനവുമൊന്നും ഒരിക്കലും അദ്ദേഹത്തെ ആകർഷിച്ചിരുന്നില്ല. ‘അറിവാണ്‌ എല്ലാത്തിലും വലുത്‌. മനോഹരമായ മുഖപടങ്ങൾക്കുള്ളിലെ ചൂടും വെളിച്ചവുമുള്ള നേരിനെ നമ്മൾ കണ്ടെത്തണം. ചരിത്രസംഭവങ്ങളുടെയും ഐതിഹ്യങ്ങളുടെയും സമന്വയമാണ്‌ ഇതിഹാസം. ഇതി എന്നാൽ ഇങ്ങനെ, ഇഹ എന്നാൽ ഇവിടെ, ആസം എന്നാൽ സംഭവിച്ചിട്ടുണ്ട്‌. ഇങ്ങനെ ഇവിടെ സംഭവിച്ചിട്ടുള്ളത് എന്നാണ് ഇതിഹാസത്തിന്റെ വാച്യാർഥം. വാച്യാർഥങ്ങൾക്കുള്ളിലെ വ്യംഗ്യാർത്ഥങ്ങൾ തിരിച്ചറിയാനുള്ള പാടവമാണ്‌ വിദ്യാസമ്പന്നർക്ക്‌ ഉണ്ടായിരിക്കേണ്ടത്‌., ഇതായിരുന്നു അദ്ദേഹത്തിന്റെ വീക്ഷണം.

പെരിയാറിനെക്കുറിച്ചു എഴുത്തുകാരനും ആന്റി ന്യൂക്ലിയർ ആക്റ്റിവിസ്റ്റുമായ എസ്.പി. ഉദയകുമാർ പറയുന്നത് ഏറെ ശ്രദ്ധേയമാണ്.
“പെരിയാറിന്റെ പ്രസക്തിയെക്കുറിച്ച് നമ്മൾ ഇന്ന് സംസാരിക്കേണ്ടതുണ്ട്. ഇന്ന് തമിഴ്നാട്ടിൽ മാത്രമല്ല, ഇന്ത്യയിൽ മുഴുവൻ ബ്രാഹ്മണിക് ശക്തികൾ, ദേശീയ ഇന്റഗ്രിറ്റിയുടെയും ദേശീയ യൂണിഫോമിറ്റിയുടെയും പേരിൽ, നമ്മളെയെല്ലാം ചേർത്തുകെട്ടി വൺ നേഷൻ, വൺ ലാംഗ്വേജ്, വൺ റിലീജിയൻ എന്നൊക്കെ ചെയ്യാൻ ശ്രമിക്കുന്ന കാലത്ത്, പെരിയാറിന്റെ പ്രസക്തി ഏറെ പ്രധാനമാണ്. നമ്മൾ എല്ലാവരും, തമിഴ്നാട്ടിലുള്ളവർ മാത്രമല്ല, ഇന്ത്യക്കാർ മുഴുവൻ പെരിയാറിനെ വായിക്കുകയും നമുക്ക് ആവശ്യമുള്ളതെല്ലാം അദ്ദേഹത്തിൽ നിന്നും സ്വീകരിക്കുകയും ചെയ്യണം. ഒരു നേതാവിനെയും നമുക്ക് 100% ഏറ്റെടുക്കാൻ കഴിയില്ല. കാരണം അവരുടെ ചിന്തകളിലും പ്രവർത്തനങ്ങളിലും ചില വൈരുദ്ധ്യങ്ങളുണ്ടാവാം, ചില ബുദ്ധിമുട്ടുകളുണ്ടാവാം. കാരണം അവരും മനുഷ്യരല്ലേ. ആരും സമ്പൂർണരല്ല. നമ്മുടെ അച്ഛനെയും അമ്മയെയും പോലും 100% അംഗീകരിക്കാൻ കഴിയില്ല, പിന്നെ ഒരു രാഷ്ട്രീയ നേതാവിനെ 100% അംഗീകരിക്കാൻ എങ്ങനെ സാധ്യമാകും. അതുകൊണ്ടുതന്നെ ആന്തരിക വൈരുദ്ധ്യങ്ങളെക്കുറിച്ച് നമ്മൾ ഭയപ്പെടേണ്ടതില്ല. പെരിയാർ മുന്നോട്ടുവെച്ച വിശാലമായ കാഴ്ചപ്പാടിനെ, ആ സന്ദേശങ്ങളെ നമുക്ക് സ്വീകരിക്കാം. സമകാലിക രാഷ്ട്രീയ സാഹചര്യത്തിൽ തമിഴർക്കുമാത്രമല്ല, യാഥാസ്ഥിതിക ബ്രാഹ്മണിക് മേധാവിത്വത്തെ എതിർക്കുന്ന, അതിന്റെ മേൽക്കോയ്മാ രാഷ്ട്രീയത്തെ എതിർക്കുന്ന എല്ലാ ഇന്ത്യക്കാരെ സംബന്ധിച്ചും പെരിയാർ റിലവന്റാണ്.”

സ്റ്റാലിൻ സർക്കാർ അധികാരത്തിലേറിയതോടെ പെരിയാർ ജന്മദിനം തമിഴ്‌നാട്ടിൽ സാമൂഹ്യനീതി ദിനമായി ആചരിക്കാൻ തീരുമാനിച്ചിട്ടുണ്ട്. സാമൂഹ്യനീതി, സ്വാഭിമാനം, യുക്തിവാദം, തുല്യത ഈ ആശയങ്ങളാണ് കഴിഞ്ഞ നൂറ്റാണ്ടിൽ തമിഴ് സമൂഹത്തിന്റെ വളർച്ചക്ക് അടിത്തറ പാകിയത് എന്ന് ചൂണ്ടിക്കാട്ടിയാണ് ഈ തീരുമാനത്തിലെത്തിയത്. ഇത്തരത്തിൽ സാമൂഹിക ഐക്യം ഊട്ടിയുറപ്പിക്കാൻ പ്രേരിപ്പിക്കുന്നതാണ് പെരിയാറിന്റെ ചിന്തകൾ. അദ്ദേഹത്തെ മനസിലാക്കാനും പഠിക്കാനും നമുക്ക് ശ്രമിക്കാം. 1973 ഡിസംബർ 24 ന് അദ്ദേഹം അന്തരിച്ചെങ്കിലും ആ ആശയങ്ങൾ എക്കാലവും നിലനിൽക്കും.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close