KERALANEWS

പെരുമ്പുഴസ്വദേശി സൈനികൻ കുടുംബസമേതം യാത്രചയ്യുന്നതിനിടെ രാത്രി തീവണ്ടിയിൽനിന്നുവീണ് മരിച്ചു; ഒപ്പം യാത്രചെയ്ത ഭാര്യ അപകടം അറിഞ്ഞില്ല

കുണ്ടറ. പിതാവിൻറെ മരണത്തിന് നാട്ടിലെത്തി കുടുംബസമേതം ജോലിസ്ഥലത്തേക്കു മടങ്ങുന്നതിനിടെ തീവണ്ടിയിൽനിന്ന് വാതിൽതട്ടി തെറിച്ചുവീണ സൈനികൻ മരിച്ചു. പെരുമ്പുഴ റേഡിയോമുക്ക് തൊട്ടോമഠത്തിൽ വിളയിൽ വീട്ടിൽ ബി.എസ്.വിഷ്ണു (30) ആണ് മരിച്ചത്. പഞ്ചാബിൽ ആർമി ഓർഡിനൻസ് കോർപ്പിൽ നായിക് ആയി സേവനമനുഷ്ഠിക്കുകയായിരുന്നു.

ശനിയാഴ്ച രാത്രി 11-20-ഓടെ സൂറത്തിനുസമീപംവച്ചായിരുന്നു അപകടമുണ്ടായത്. മകളോടൊപ്പമായിരുന്നു വിഷ്ണു കിടന്നത്. 11.20-ഓടെ മകളുടെ കൈയിൽ മൊബൈൽ നൽകിയശേഷം ശൗചാലയത്തിലേക്കെന്നുപറഞ്ഞ് പോവുകയായിരുന്നു.

രാത്രി 12 മണിയോടെ ഉണർന്ന ഭാര്യ മകളോട് അച്ഛനെവിടെയെന്ന് അന്വേഷിച്ചിരുന്നു. ശുചിമുറിയിലേക്കുപോയെന്ന മകളുടെ മറുപടി കേട്ട് വീണ്ടും ഉറങ്ങിപ്പോയി. ഞായറാഴ്ച 6.30-ഓടെ ഉണർന്ന് ഭർത്താവിനെ അന്വേഷിച്ചുവെങ്കിലും കണ്ടില്ല. രാജസ്ഥാനിലെ കോട്ട റയൽവേ സ്‌റ്റേഷനിൽ തീവണ്ടി നിർത്തിയപ്പോൾ പരാതി നൽകുകയായിരുന്നു. ആർ.പി.എഫും റയിൽവേ ജീവനക്കാരും നടത്തിയ അന്വേഷണത്തിൽ ഞായറാഴ്ച 11-ഓടെ മൃതദേഹം സൂററ്റിനുസമീപം കണ്ടെത്തി. കഴിഞ്ഞ സെപ്റ്റംബർ 14-ന് വിഷ്ണുവിന്റെ അച്ഛൻ ബാലകൃഷ്ണപിള്ള മരിച്ചു. മരണാനന്തരചടങ്ങുകളിൽ പങ്കെടുക്കാനായി ജോലിസ്ഥലത്തുനിന്ന് നാട്ടിലെത്തി തിരിച്ചുപോകുമ്പോഴായിരുന്നു അപകടം. ചൊവ്വാഴ്ച നാട്ടിലെത്തിക്കുന്ന മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ വീട്ടുവളപ്പിൽ സംസ്‌കരിക്കും.
ഭാര്യ: വീണ. മക്കൾ: ഹിതപ്രിയ, കൈലാസ്‌നാഥ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close