INDIAINSIGHTNEWSTrending

“We don’t want her breeding any more Phoolan Devi’s.” ഫൂലൻ ‘ദേവി’ ആരുടെ സൃഷ്ടി?

ഇന്ത്യയൊട്ടാകെ നിലനിൽക്കുന്ന വൈറസ് ആണ് ജാതി. ഏറിയും കുറഞ്ഞും പല മട്ടിൽ അത് പുറത്തു വന്നുകൊണ്ടേയിരിക്കുന്നു. ഇന്ന് വരെ അതിനെ പ്രതിരോധിക്കാനുള്ള വാക്‌സിനേഷൻ നൽകാൻ നമുക്കായിട്ടില്ല. അതിനാൽ ഫൂലൻ ദേവിയെ ഓർക്കാൻ നമുക്ക് പ്രയാസമായിരിക്കും.
BANDIT QUEEN എന്ന പേരിലായിരിക്കും ഇവരെ നമുക്ക് പരിചയം. എന്നാൽ 1963 ഓഗസ്റ്റ് 10ന് ജനിച്ചു 37ആം വയസിൽ കൊല്ലപ്പെട്ട ഇവരെ ആരാണ് കൊള്ളക്കാരുടെ റാണിയാക്കി മാറ്റിയത്. അത് ചിന്തിക്കുമ്പോഴാണ് ജാതിയും രതി വൈകൃതങ്ങളും തെളിഞ്ഞു വരുന്നത്.

ഉത്തർ പ്രദേശിലെ യമുനാനദീ തീരത്തെ ചെറിയൊരു ഗ്രാമത്തിൽ ജനിച്ച ഫൂലന് അസാധ്യമായ ധൈര്യം ആയിരുന്നു. നീതിനിഷേധങ്ങളെ എല്ലാം ചോദ്യം ചെയ്ത അവൾക്ക് വീട്ടിൽ നിന്നും നാട്ടിൽ നിന്നും ഉപേക്ഷ നേരിടേണ്ടി വന്നു. ബാല വിവാഹത്തിന് ഇരയായ ഫൂലൻ പതിനൊന്നാം വയസ്സിൽ പീഡനത്തിനിരയായി. ആരും അവൾക്ക് രക്ഷ നൽകിയില്ല. കള്ളക്കേസിൽ പോലീസിന്റെ ക്രൂര പീഡനത്തിന് ഇരയായ അവളെ അതിനുശേഷം ബാബു സിംഗ് ഗുജ്ജർ എന്ന ചമ്പൽ കൊള്ളക്കാരനും തട്ടിക്കൊണ്ടുപോയി ബലാൽസംഗം ചെയ്യുന്നു. തന്റെ ജീവിതത്തിൽ ഒരിക്കലും ഓർക്കാൻ ഇഷ്ട്ടമില്ലാത്ത നാളുകൾ എന്ന് ഫൂലൻ തന്നെ പറഞ്ഞിട്ടുള്ള ആ കാലത്തിന് ശേഷമാണ് വിക്രം മല്ലയുമായി അവൾ പ്രണയത്തിലാകുന്നത്.

വിക്രം മല്ല ഗുജ്ജറിന്റെ സംഘാഗം തന്നെയായിരുന്നു. എന്നാൽ പല ജാതിയിൽ ഉള്ളവർ ഉൾപ്പെട്ടിരുന്ന ആ സംഘത്തിൽ ജാതി പ്രശ്നങ്ങൾ തുടങ്ങിയ സമയത്താണ് ഫൂലനെ അങ്ങോട്ട് കൊണ്ടുവരുന്നത്. സ്വന്തം ജാതിയിൽപെട്ട ബാലികയെ ഉപദ്രവിക്കുന്നത് കൂടി കണ്ടപ്പോൾ മറ്റൊന്നും നോക്കാതെ വിക്രം ഗുജ്ജറിനെ കൊന്നു. പിന്നീട് വിക്രം അവരുടെ നേതാവായി. ഫൂലൻ അവന്റെ പെണ്ണും. പിന്നീട് ദുർഗാദേവിയുടെ മുന്നിൽ നിർത്തി തലയിൽ ചുവന്ന റിബ്ബൺ കെട്ടികൊടുത്ത് അവൻ ചാർത്തി നൽകിയ പേരാണ് ഫൂലൻ ദേവി.

എന്നാൽ, ഇതും അധിക കാലം നീണ്ടില്ല. കൂട്ടത്തിൽ ഉണ്ടായിരുന്ന മേൽജാതിക്കാർ ഒരുനാൾ വിക്രമിനെ കൊന്നു. ശേഷം 17 വയസ് പ്രായമുള്ള ഫൂലനെ തങ്ങളുടെ ഗ്രാമത്തിൽ കൊണ്ടുപോയി മൂന്നാഴ്ചയോളം അതി ഭീകരമായ ബലാത്സംഗത്തിനിരയാക്കി. അവിടുന്ന് അവളെ രക്ഷപ്പെടുത്തിയത് മാൻസിംഗ് ആണ്. അയാളും ഫൂലന്റെ ജാതി തന്നെ ആയിരുന്നു. പിന്നീട്, ‘ചമ്പൽറാണി’യായ ഫൂലൻ ദേവി തനിക്കെതിരെ നിന്ന എന്തിനെയും ഇല്ലാതാക്കി. തന്നെ ക്രൂരമായി ബലാൽസംഗം ചെയ്ത ഗ്രാമത്തിലുണ്ടായിരുന്ന ഉയർന്ന ജാതിയിൽപെട്ട 21 പുരുഷന്മാരെ അവൾ കൊന്നു. ഈ കൊലപാതകമുൾപ്പെടെ 48 ക്രിമിനൽ കേസുകൾ ഉണ്ടായ ഫൂലാന്റെ തലക്ക് സർക്കാർ 10 ലക്ഷം രൂപ വിലയിട്ടു.

ഒടുവിൽ 1983 ൽ സർക്കാരിന് മുന്നിൽ ഡിമാന്റുകൾ വെച്ച് അവളും സംഘവും ആയുധം വെച്ചു കീഴടങ്ങി. വധശിക്ഷ പാടില്ല, താമസിക്കാൻ ഭൂമി, സഹകൊള്ളക്കാർക്ക് 8 വർഷത്തിൽ കൂടുതൽ ശിക്ഷ പാടില്ല എന്ന ആവശ്യങ്ങൾ സർക്കാർ അംഗീകരിച്ചു. 11 വർഷത്തെ ജയിൽ വാസത്തിനിടയിൽ അവളറിയാതെ ജയിൽ ഡോക്ടർ അവളുടെ ഗർഭപാത്രം നീക്കം ചെയ്തു. ഫൂലനെക്കുറിച്ചു പുസ്‌തകം എഴുതാനായി മാല സെൻ ഡോക്ടറെ ഇന്റർവ്യൂ ചെയ്തപ്പോൾ ഈ കാര്യം ചോദിച്ചു. ഇനിയൊരുപാട് ഫൂലൻ ദേവിമാർക്ക് അവൾ മുലയൂട്ടണ്ട എന്നതായിരുന്നു അതിനുത്തരം.

പിന്നീട് രാഷ്ട്രീയത്തിൽ ചേർന്ന് ജനപിന്തുണ നേടിയ അവരെ വെടിവെച്ചിടുന്നത് ഷേർസിങ് റാണെയാണ്. മേൽജാതിയിൽപെട്ടവരെ അവൾ കൊന്നതിന്റെ പ്രതികാരം ചെയ്യുകയായിരുന്നു അയാൾ. ഫൂലൻ ദേവിയുടെ ജീവിതം പ്രതിരോധം ആയിരുന്നു. തന്റെ നിലനിൽപ്പിനായി പടവെട്ടിയ കരുത്തയാണ് അവൾ. അവളുടെ കഥ പറയുന്നതിലൂടെ അവളുടെ ചെയ്തികളെ ന്യായീകരിക്കുകയല്ല. അങ്ങനെ തോന്നുന്നുവെങ്കിൽ നമ്മൾ ജാതിക്കെതിരെയുള്ള വാക്‌സിനേഷൻ കണ്ടെത്തേണ്ടതിന്റെ ആവശ്യകതയെയാണ് സൂചിപ്പിക്കുന്നത്.

ഡൽഹിയിൽ ഉണ്ടായ പീഡനം, ഒളിമ്പിക് ഹോക്കിയിലെ വനിതാ അംഗത്തിനുണ്ടായ ജാതി അധിക്ഷേപം, ദുരഭിമാനകൊലകൾ, വാളയാർ പെൺകുട്ടികൾ…….. വൈകൃതങ്ങൾ തുടരുകയാണ്…… ഫൂലൻ ‘ദേവിമാരെ’ നമ്മൾ തന്നെ മെനയുകയാണ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close