INDIANEWS

പൊതുതാത്പര്യ ഹര്‍ജിക്കാര്‍ക്കെതിരെ ആഞ്ഞടിച്ച് സുപ്രീം കോടതി; ഹര്‍ജിക്കാര്‍ ഗൃഹപാഠം ചെയ്യണമെന്ന് നിര്‍ദ്ദേശം, സൂര്യന് കീഴിലുള്ള എന്തിനെക്കുറിച്ചും ചോദ്യം വേണ്ടെന്നും പരമോന്നത കോടതി


ന്യൂഡല്‍ഹി: പൊതുതാത്പര്യ ഹര്‍ജിക്കാരെ കണക്കിന് ഭര്‍ത്സിച്ച് സുപ്രീം കോടതി. പൊതുതാത്പര്യ ഹര്‍ജിക്കാര്‍ നന്നായി ഗൃഹപാഠം ചെയ്യണമെന്നും കോടതി നിര്‍ദ്ദേശിച്ചു. സൂര്യന് കീഴിലുള്ള എന്തിനെക്കുറിച്ചും കോടതിയോട് ചോദിക്കാമെന്ന് ധരിക്കരുതെന്നും പറഞ്ഞു.

പൊതുതാത്പര്യ ഹര്‍ജിയില്‍ ഉടന്‍ നടപടി വേണമെന്ന് ശഠിക്കരുത്. നടപടി വൈകുന്നത് അതില്‍ കൂടുതല്‍ നയപരമായ തീരുാമനങ്ങള്‍ വേണ്ടത് കൊണ്ടു വിവരശേഖരണം നടത്തുന്നത് കൊണ്ടുമാണെന്നും കോടതി വ്യക്തമാക്കി. 2017 ദേശീയ ആരോഗ്യനയം നടപ്പാക്കുന്നതില്‍ ഇടപെടല്‍ ആവശ്യപ്പെട്ട് നല്‍കിയ പൊതുതാത്പര്യ ഹര്‍ജി പരിഗണിക്കവെയാണ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡൂം ബി വി നാഗരത്‌നയും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയത്. കോവിഡിനിരായയവരുടെ ആശ്രിതര്‍ക്കുള്ള ജീവിതോപാധി അടക്കമുള്ള വിഷയങ്ങളും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടിയിരുന്നു.

ഹര്‍ജിയില്‍ മതിയായ വിവരങ്ങളില്ലെന്നും ഇതെല്ലാം ഉള്‍പ്പെടുത്തി പുതിയ ഹര്‍ജി സമര്‍പ്പിക്കാനും കോടതി നിര്‍ദ്ദേശിച്ചു. ഇത്തരം ഹര്‍ജികളുടെ പ്രശ്‌നം എന്താണെന്ന് വച്ചാല്‍ ഇതില്‍ നിരവധി അപേക്ഷകള്‍ ഉണ്ടാകും. നിങ്ങള്‍ ഒരു ഹര്‍ജിയില്‍ ഒരു കാര്യം മാത്രം പറയാനും കോടതി നിഷ്‌കര്‍ഷിച്ചു. ഇങ്ങനെയാണെങ്കില്‍ കോടതി ഇടപെടല്‍ എളുപ്പമാകും.

കോടതിയെ എല്ലാ ഉത്തരവാദിത്തങ്ങളും ഏല്‍പ്പിച്ച് ഹര്‍ജിക്കാരന് മാറി നില്‍ക്കാനാകില്ല. നടപ്പാക്കല്‍ നയത്തിലെ പോരായ്മകള്‍ ചൂണ്ടിക്കാട്ടണമെന്നും അതിന്റെ ഉദാഹരണങ്ങള്‍ പറയണമെന്നും കോടതി നിര്‍ദ്ദേശിച്ചു. ആന്ധ്രാപ്രദേശിലെ ഒരു രമേഷിന് നേരിട്ട ദുര്യോഗം ഹര്‍ജിക്കാരി സി അഞ്ജലി റെഡ്ഡിക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ ശ്രാവണ്‍കുമാര്‍ ചൂണ്ടിക്കാട്ടി. കോവിഡ് കാലത്ത് കുറഞ്ഞ ചെലവില്‍ ചികിത്സ ലഭിക്കാത്തത് മൂലം അദ്ദേഹത്തിന് ലക്ഷക്കണക്കിന് രൂപ നഷ്ടമായതായി അഭിഭാഷകന്‍ പറഞ്ഞു.

ഒരു രമേഷ്‌കുമാറിന്റെ കാര്യം ചൂണ്ടിക്കാട്ടി അഖിലേന്ത്യാതലത്തില്‍ ഒരൊറ്റ ഉത്തരവ് നടപ്പാക്കാന്‍ കോടതിക്ക് ആകില്ല. വ്യക്തമായ കാരണങ്ങളും വിവരങ്ങളും ഉള്‍പ്പെടുത്താനും കോടതി നിര്‍ദ്ദേശിച്ചു. സര്‍ക്കാര്‍ ആശുപത്രികളില്‍ ആവശ്യത്തിന് ഡോക്ടര്‍മാരെ നിയമിക്കാത്തതിനാല്‍ സാധാരണക്കാര്‍ക്ക് പോലും സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ടി വരുന്നു. ഇതിന്റെ വിവരങ്ങള്‍ ഹര്‍ജിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും ശ്രാവണ്‍ കുമാര്‍ മറുപടി നല്‍കി. ദേശീയ ആരോഗ്യദൗത്യത്തെ കുറിച്ചുള്ള ചില വിവരങ്ങളല്ലാതെ ഹര്‍ജിയില്‍ ഒന്നും ഉള്‍പ്പെടുത്തിയിട്ടില്ലെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. അത് കൊണ്ട് തന്നെ ഹര്‍ജിക്കാര്‍ കൂടുതല്‍ ഗൃഹപാഠം ചെയ്യണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close