Breaking NewsKERALANEWS

‘എന്നെ സെക്ഷ്വലി ഹരാസ് ചെയ്ത ആള് ഇവിടെ കൂളായിട്ട് നടക്കുന്നു’; പെൺകുട്ടിയുടെ ശബ്ദ സന്ദേശം പുറത്ത്

തിരുവനന്തപുരം: പൈലറ്റ് ട്രെയിനിയായ പെൺകുട്ടി നാടുവിട്ടത് പരിശീലകന്റെയും സഹപാഠികളുടെയും അവഹേളനത്തെ തുടർന്ന്. നാടുവിടും മുമ്പ് പെൺകുട്ടി ബന്ധുക്കൾക്കും മറ്റുള്ളവർക്കും അയച്ച ശബ്ദസന്ദേശം പുറത്തുവന്നു. ഏവിയേഷൻ അക്കാദമിയിൽ താൻ അനുഭവിക്കുന്നത് ഇൻസൾട്ടും അതിനും അപ്പുറത്തെയും കാര്യങ്ങളാണെന്ന് പെൺകുട്ടി സന്ദേശത്തിൽ പറയുന്നു. പരിശീലകന്റെ ലൈംഗികാതിക്രമത്തിനെതിരേ പരാതി നൽകിയതിനാണ് തിരുവനന്തപുരം രാജീവ് ഗാന്ധി ഏവിയേഷൻ അക്കാദമിയിലെ പെൺകുട്ടിക്ക് അവഹേളനം നേരിടേണ്ടിവന്നത്.

അവഹേളനം സഹിക്കാതെ നാടുവിട്ട പെൺകുട്ടിയെ 20 മണിക്കൂർ നീണ്ട തിരച്ചിലിന് ശേഷം കന്യാകുമാരിയിൽനിന്നാണ് പോലീസ് കണ്ടെത്തിയത്. മൊബൈൽ ഫോൺ ടവർ ലൊക്കേഷൻ അടക്കം പരിശോധിച്ചാണ് പോലീസിന് പെൺകുട്ടിയെ കണ്ടെത്താനായത്. പഠിക്കാനാണ് താൻ ക്ലാസിൽ വരുന്നതെന്നും എന്നാൽ അവഹേളനവും അതിനും അപ്പുറത്തെ കാര്യങ്ങളുമാണ് ക്ലാസിൽനിന്ന് തനിക്ക് നേരിടേണ്ടിവന്നതെന്നുമാണ് പെൺകുട്ടി സന്ദേശത്തിൽ പറയുന്നത്. തനിക്കുനേരേ ലൈംഗികാതിക്രമം നടത്തിയ പരിശീലകൻ സ്ഥാപനത്തിൽ സ്വതന്ത്രവിഹാരം നടത്തുകയാണെന്നും കരഞ്ഞുകൊണ്ടുള്ള ശബ്ദസന്ദേശത്തിൽ പെൺകുട്ടി പറയുന്നു.

നാടുവിടുന്നതിന് മുമ്പ് പെൺകുട്ടി അയച്ച ശബ്ദസന്ദേശം ഇങ്ങനെ:-

”ഞാൻ കഴിയുന്നതും ഇതിൽനിന്ന് ഒഴിഞ്ഞുമാറി, പഠിച്ച് പോകാനാണ് ശ്രമിച്ചിരുന്നത്. പക്ഷേ, എന്നെ ഒരുവിധത്തിലും ഇവർ പഠിക്കാൻ വിടുന്നില്ല. മാസങ്ങളായി ഞാൻ അനുഭവിക്കുന്നതിന് ഒരു കണക്കില്ല. എനിക്ക് പറ്റുന്നില്ല. എന്റെ പഠിത്തം ഇവർ നശിപ്പിച്ചുകൊണ്ടേയിരിക്കുകയാണ്. അത് ഒരുകാര്യം. രണ്ടാമത്, ഞാൻ ഇവിടെ പഠിക്കാൻ വേണ്ടിയാണ് ക്ലാസിൽ വരുന്നത്. ഞാൻ ഇവിടെനിന്ന് അനുഭവിക്കുന്നത് ഇൻസൾട്ടും അതിനും അപ്പുറത്തെയും കാര്യങ്ങളാണ്.

എന്നെ സെക്ഷ്വലി ഹരാസ് ചെയ്ത ആള് ഇവിടെ കൂളായിട്ട് നടക്കുന്നു. ആരും ഒന്നും ചെയ്തില്ല. അയാൾക്ക് വേണ്ടി എന്റെ പൈലറ്റ് ലൈസൻസും എഫ്.ആർ.ടി.ഒ.എൽ ലൈസൻസും മെഡിക്കൽ അസസ്‌മെന്റും എന്റെ മാലയും എല്ലാം എടുത്തുകൊണ്ടുപോയി. ഇത്രയും വിലപ്പെട്ട സാധനങ്ങൾ എടുത്തുകൊണ്ടുപോയി കളഞ്ഞ, അത് എല്ലാവരുടെയും അടുത്ത് കുറ്റസമ്മതം നടത്തിയ പെൺകുട്ടി ഒരു കുഴപ്പവുമില്ലാതെ ഇവിടെ നടക്കുന്നു. അവരെല്ലാം കൂടി എന്നെ ക്ലാസിലിട്ട് കളിയാക്കുകയാണ്. ഇൻസൾട്ട് ചെയ്യുകയാണ്. പോലീസിന്റെ മുന്നിലും അക്കാദമി മാനേജ്‌മെന്റിന്റെ മുന്നിലും അയാൾ പറഞ്ഞിട്ടാണ് ഇതൊക്കെ ചെയ്തതെന്ന് കുട്ടി കൺഫെസ് ചെയ്തു. എന്നിട്ടും ആരും ഒരു ആക്ഷനും എടുക്കുന്നില്ല. ഇപ്പോൾ എന്നെ കളിയാക്കുന്നത് കണ്ട് ചിരിച്ചുകൊണ്ട് നിൽക്കുകയാണ് എല്ലാവരും. പറ്റുന്നില്ല”.

മാസങ്ങൾക്ക് മുമ്പാണ് രാജീവ് ഗാന്ധി അക്കാദമി ഫോർ ഏവിയേഷൻ ടെക്‌നോളജിയിലെ ചീഫ് ഫ്‌ളൈയിങ് ഇൻസ്ട്രക്‌റായ രാജേന്ദ്രനെതിരേ വിദ്യാർഥിനി പോലീസിൽ പരാതി നൽകിയത്. പരിശീലന പറക്കലിനിടെ ഇയാൾ ലൈംഗികച്ചുവയോടെ സംസാരിച്ചെന്നും അപമാനിച്ചെന്നും ലൈംഗികാതിക്രമം നടത്തിയെന്നുമായിരുന്നു പരാതി. എന്നാൽ വലിയതുറ പോലീസ് സംഭവത്തിൽ കേസെടുത്തെങ്കിലും തുടർനടപടികളുണ്ടായില്ലെന്നാണ് ആക്ഷേപം. ഇതിനിടെയാണ് തനിക്ക് സ്ഥാപനത്തിൽനിന്ന് അവഹേളനം നേരിടുന്നതായി പെൺകുട്ടി വെളിപ്പെടുത്തിയത്. ഇതിനുപിന്നാലെ ശനിയാഴ്ച വൈകിട്ടോടെ പെൺകുട്ടിയെ കാണാതാവുകയായിരുന്നു.

അതേസമയം, മകളെ കാണാതായിട്ടും സ്ഥാപനത്തിൽനിന്ന് ആരും തിരിഞ്ഞുനോക്കിയില്ലെന്ന് പെൺകുട്ടിയുടെ പിതാവും ആരോപിച്ചു. നേരത്തെ മകളുടെ പരിശീലനം തടയാൻ ശ്രമമുണ്ടായി. പരിശീലകനായ രാജേന്ദ്രനാണ് മകളെ നിരന്തരം ഉപദ്രവിച്ചിരുന്നത്. ഇക്കാര്യത്തിൽ വലിയതുറ പോലീസ് സ്‌റ്റേഷനിൽ പരാതി നൽകിയിരുന്നു. എന്നാൽ അയാൾ ജാമ്യത്തിലാണെന്നാണ് പോലീസ് പറയുന്നത്. നാല് സഹപാഠികളാണ് മകളെ അവഹേളിച്ചത്. ക്ലാസിലൊക്കെ വലിയ ബുദ്ധിമുട്ട് നേരിട്ടു. കഴിഞ്ഞദിവസം എന്നെ വിളിച്ച് ഇക്കാര്യങ്ങളെല്ലാം കരഞ്ഞുപറഞ്ഞിരുന്നു. തുടർന്ന് നാലരയ്ക്ക് ശേഷമാണ് മകളെ കാണാതായെന്നും എന്നാൽ മകളെ കാണാതായിട്ടും അക്കാദമിയുടെ ഭാഗത്തുനിന്ന് ആരും തിരിഞ്ഞുനോക്കിയില്ലെന്നും പിതാവ് പറഞ്ഞു.

Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close