KERALANEWSTop News

കള്ളനെന്നാരോപിച്ച് പിങ്ക് പോലീസിന്റെ പരസ്യവിചാരണ; ഹർജി ഹൈക്കോടതി വീണ്ടും പരിഗണിക്കും; സർക്കാർ നടപടികൾ അറിയിക്കും

കൊച്ചി: മൊബൈൽ ഫോൺ മോഷണമാരോപിച്ച് ആറ്റിങ്ങലിൽ കുട്ടിയെ പിങ്ക് പോലീസ് പരസ്യ വിചാരണയ്ക്കിരയാക്കിയ സംഭവത്തിൽ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. വിഷയവുമായി ബന്ധപ്പെട്ട മുഴുവൻ വിവരങ്ങളും അറിയിക്കാന്‍ കോടതി ഡിജിപിക്ക് നിർദേശം നല്‍കിയിട്ടുണ്ട്. ചെയ്യാത്ത കുറ്റത്തിന് തന്നെ പീഡിപ്പിച്ച ഉദ്യോഗസ്ഥയ്ക്കെതിരെ കർശന നടപടി വേണമെന്നാവശ്യപ്പെട്ട് പെൺകുട്ടിയാണ് ഹർജി നൽകിയിട്ടുള്ളത്.

കഴിഞ്ഞ തവണ കേസ് പരിഗണിച്ച വേളയിൽ രൂക്ഷമായി ജ.ദേവൻ രാമചന്ദ്രൻ ഈ ഉദ്യോഗസ്ഥയെ വിമർശിച്ചിരുന്നു. കുട്ടിയെ വിചാരണ നടത്തിയ വീഡിയോ ഹൈക്കോടതി പരിശോധിച്ചു. ദൃശ്യങ്ങൾ മനസിനെ അസ്വസ്ഥമാക്കുന്നുവെന്നും കോടതി അന്ന് പറഞ്ഞു.

പോലീസ് ഉദ്യോ​ഗസ്ഥ ഒരു സ്ത്രീ അല്ലേ എന്ന് കോടതി ചോദിച്ചു. ഇങ്ങനെ ആണോ പെരുമാറേണ്ടത്. ഫോണിൻ്റെ വില പോലും കുട്ടിയുടെ ജീവന് കൽപിച്ചില്ല. പോലീസുകാരി അപ്പോൾ മാപ്പ് പറഞ്ഞെങ്കിൽ അന്ന് പ്രശ്നം തീർന്നേനെ എന്നും കോടതി പറഞ്ഞു. സംഭവത്തിൽ ഡിജിപിയോട് കോടതി റിപ്പോർട്ട്‌ അവശ്യപ്പെട്ടിരുന്നു. പൊലീസുകാരിയെ സ്ഥലം മാറ്റിയതിന്റെ കാരണം വ്യക്തമാക്കണം. കുട്ടിയുടെ ചികിത്സ വിവരങ്ങൾ സീൽ ചെയ്ത കവറിൽ നൽകാനാണ് നിർദേശം. കാക്കിയുടെ അഹങ്കാരമാണ് ഉദ്യോഗസ്ഥ കാട്ടിയതെന്നും കോടതി വിമര്‍ശിച്ചു.

സംഭവം നീതികരിക്കാനാകാത്തതാണ്. ആളുകളുടെ നിറവും വസ്ത്രവും നോക്കിയാണ് ചിലപ്പോൾ പൊലീസ് പെരുമാറുന്നത്. വിദേശത്തായിരുന്നു ഈ സംഭവമെങ്കിൽ കോടികൾ നഷ്ട പരിഹാരം കൊടുക്കേണ്ടി വന്നേനെ. കുട്ടിക്ക് പോലീസിനോടുള്ള പേടി ജീവിത കാലം മാറുമോ എന്നും കോടതി ആശങ്കപ്പെട്ടു. വീഡിയോ കണ്ടത് കൊണ്ട് ഇക്കാര്യം മനസിലായി. ഇത് പോലെ എത്ര സംഭവം നടന്നു കാണുമെന്നും കോടതി ചോദിച്ചു.

എന്ത് തരം പിങ്ക് പോലീസാണിത്. എന്തിനാണ് ഇങ്ങനെ ഒരു പിങ്ക് പോലീസ് എന്നും കോടതി ചോദിച്ചു. കാക്കി ഇല്ലെങ്കിൽ ഉദ്യോഗസ്ഥക്ക് അടി കിട്ടുമായിരുന്നു. കുട്ടിയുടെ കരച്ചിൽ വേദന ഉണ്ടാക്കുന്നു എന്നും കോടതി പറഞ്ഞു.

ഉദ്യോഗസ്ഥക്ക് എതിരെ എന്ത് നടപടി എടുത്തുവെന്ന് ഹൈക്കോടതി സർക്കാരിനോട് ചോദിച്ചു. വഴിയിൽ കണ്ട കുട്ടിയോട് എന്തിനാണ് പോലീസ് മൊബൈൽ ഫോണിനെ കുറിച്ച് ചോദിച്ചതെന്നു കോടതി. ഈ പോലീസ് ഉദ്യോഗസ്ഥ ഇപ്പോഴും പിങ്ക് പോലീസിൽ തുടരുന്നുണ്ടോ എന്നും കോടതി ചോദിച്ചു. സംഭവം ചെറുതായി കാണാൻ ആവില്ലെന്നും കോടതി പറഞ്ഞു.കേസിൽ ഉച്ചയ്ക്ക് ശേഷം വീണ്ടും വാദം കേൾക്കും.

മൊബൈൽ ഫോൺ മോഷണമാരോപിച്ച് ആറ്റിങ്ങലിൽ പിങ്ക് പോലീസ് പരസ്യ വിചാരണയ്ക്കിരയായ ജയചന്ദ്രന്റെ മകളാണ് ഹൈക്കോടതിയെ സമീപിച്ചത്. പിങ്ക് പൊലീസ് ഉദ്യോഗസ്ഥയ്ക്കെതിരെ കശന നടപടിക്ക് നിർദ്ദേശം നൽകണമെന്നാവശ്യപ്പെട്ടാണ് പെൺകുട്ടി ഹൈക്കോടതിയിൽ ഹർജി നൽകിയത്. മൊബൈൽ ഫോൺ മോഷ്ടിച്ചുവെന്ന ചെയ്യാത്ത തെറ്റിന്റെ പേരിൽ പോലീസ് ഉദ്യോഗസ്ഥ തന്നെ കള്ളി എന്ന് വിളിച്ച് അപമാനിച്ചുവെന്നും അച്ഛന്‍റെ വസ്ത്രം അഴിച്ച് പരിശോധന നടത്തിയെന്നും ഹർജിയിൽ പറയുന്നു.

ഐ.എസ്.ആർ.ഒയുടെ വലിയ വാഹനം വരുന്നത് കാണാൻ പോയതാണ്‌ അച്ഛനും മകളും. വെള്ളം വാങ്ങാൻ പോയ ജയചന്ദ്രനെ പിങ്ക് പോലീസ് തടഞ്ഞുനിർത്തുകയായിരുന്നു. പോലീസിന്റെ ഭാഗത്തുനിന്നും വളരെ മോശമായ പ്രതികരണമായിരുന്നു ഉണ്ടായത്. ഫോൺ മോഷ്ടിച്ചുവെന്നും ഒളിപ്പിക്കാൻ മകളുടെ കൈവശം നൽകിയത് കണ്ടു എന്നുമാണ് പോലീസ് ഉന്നയിച്ച ആരോപണം. മോഷ്ടിച്ചില്ല എന്ന് പറഞ്ഞെങ്കിലും അംഗീകരിച്ചില്ല, തുടർന്ന് മകൾ കരഞ്ഞതോടെ പോലീസുദ്യോഗസ്ഥ സമീപത്തുള്ളവരെ വിളിച്ചുകൂട്ടുകയും തങ്ങളെ ദേഹ പരിശോധന നടത്തണമെന്നും സ്റ്റേഷനിൽ കൊണ്ടുപോകണമെന്നും പറഞ്ഞു. ഇതിനിടെ പോലീസ് വാഹനത്തിലെ ഉദ്യോഗസ്ഥയുടെ ബാഗിൽ നിന്നു തന്ന ഫോൺ കണ്ടെത്തിയെന്നും ജയചന്ദ്രന്‍ പറയുന്നു.

പോലീസ് വാഹനത്തിലെ ബാഗിൽ നിന്നും മൊബൈൽ കിട്ടിയിട്ടും നാട്ടുകാരുടെ മുന്നിൽ രജിത സ്വന്തം നിലപാട് ന്യായീകരിക്കുകയാണ് ചെയ്തത്. അന്വേഷണം നടത്തിയ ആറ്റിങ്ങൽ ഡിവൈഎസ്പി, രജിത അപമര്യാദയായി പെരുമാറിയിട്ടില്ലെന്ന റിപ്പോർട്ടാണ് നൽകിയത്. പിന്നാലെ രജിതയുടെ നടപടി നല്ലനടപ്പ് പരിശീലനത്തിൽ ഒതുക്കി. പരസ്യ വിചാരണ നേരിട്ട ജയചന്ദ്രന്‍ മകളുമായി ഡിജിപിയെ കണ്ടു. പിന്നാലെയാണ് ഐജി ഹർഷിത അട്ടല്ലൂരിക്ക് അന്വേഷണച്ചുമതല നൽകിയത്. പോലീസ് ഉദ്യോഗസ്ഥയിൽ നിന്ന് മോശം പെരുമാറ്റം നേരിട്ട പെൺകുട്ടിക്ക് ജില്ലാ ശിശു വികസന സമിതി കൗൺസിലിംഗ് നൽകിയിരുന്നു.

കുറ്റക്കാരിയായ ഉദ്യോഗസ്ഥയെ പൊലീസും സർക്കാരും സംരക്ഷിക്കുകയാണ്. ആറ്റിങ്ങൽ ഡിവൈഎസ്പിയ്ക്ക് അടക്കം പരാതി നൽകിയിട്ടും നടപടിയും ഉണ്ടായില്ലെന്നും ആരോപണവിധേയ ആയ രജിതയുടെ താൽപ്പര്യം പ്രകാരം സ്ഥലം മാറ്റം നൽകുകയാണ് ചെയ്തതെന്നും ഹർജിയിൽ പറയുന്നു. ചെയ്യാത്ത തെറ്റിന്റെ പേരിൽ പീഡിപ്പിക്കപ്പെട്ട തങ്ങൾക്ക് 50 ലക്ഷം രൂപ നഷ്ടപരിഹാരം വേണമെന്നും പെൺകുട്ടി ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ ആവശ്യപ്പെട്ടു.

അന്വേഷണം നടത്തിയ ആറ്റിങ്ങൽ ഡിവൈഎസ്പി, രജിത അപമര്യാദയായി പെരുമാറിയിട്ടില്ലെന്ന റിപ്പോർട്ടാണ് നൽകിയത്. പിന്നാലെ രജിതയുടെ നടപടി നല്ലനടപ്പ് പരിശീലനത്തിൽ ഒതുക്കി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close