Breaking NewsINSIGHTNEWSTop News

‘ഇടതുപക്ഷ ഐക്യമെന്ന കടമ നിർവഹിക്ക നാം’; ഇന്ന് സഖാവ് പികെവിയുടെ ഓർമ്മദിനം; കേരള രാഷട്രീയത്തിലെ ആദർശത്തിന്റെ ആൾരൂപം കേരള രാഷ്ട്രീയത്തിന് നൽകിയത് പുത്തൻ കാഴ്ച്ചപ്പാടുകൾ

കോട്ടയം: കേരളത്തിലെ ആദർശ രാഷ്ട്രീയത്തിന്റെ പ്രതിരൂപമായിരുന്ന മുൻ മുഖ്യമന്ത്രി പി കെ വാസുദേവൻ നായർ ഓർമ്മയായിട്ട് ഇന്നേക്ക് 16 വർഷങ്ങൾ. കേരള രാഷ്ട്രീയത്തിലെ പകരം വെക്കാനാളില്ലാത്ത നേതാവായിരുന്നു പി കെ വാസുദേവൻ നായർ. സിപിഐ സംസ്ഥാന സെക്രട്ടറിയായും മുഖ്യമന്ത്രിയായും നിയമസഭാം​ഗമായും ലോക്സഭാം​ഗമായും എല്ലാം ശോഭിച്ച പി കെ വി എന്ന ത്രൈയക്ഷരിയെ അധികാരം ഒരിക്കൽ പോലും ഭ്രമിപ്പിച്ചിരുന്നില്ല. യാത്രകളെ സ്നേഹിക്കുകയും വായന ശീലമാക്കുകയും ജനഹൃദയങ്ങളുടെ താളം സ്വന്തം ചെവികളിൽ കേൾക്കുകയും ചെയ്ത പി കെ വി, 2005 ജൂലായ് 12 ചൊവ്വാഴ്ച ഡൽഹിയിലെ ഓൾ ഇന്ത്യാ ഇൻസ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ വച്ചാണ് അന്ത്യശ്വാസം വലിച്ചത്. കേരളം എന്നും ആദരവോടെ ഓർക്കുകയും പറയുകയും ചെയ്യുന്ന ആ ജനനേതാവിന്റെ ജീവിത യാത്ര ഏറെ പ്രത്യേകതകൾ നിറഞ്ഞതാണ്.

കേരളത്തിന്റെ ഒൻപതാമത്തെ മുഖ്യമന്ത്രിയായിരുന്നു പി.കെ.വി. എന്ന് അറിയപ്പെട്ടിരുന്ന പി. കെ. വാസുദേവൻ നായർ അഥവാ പടയാട്ട് കേശവപിള്ള വാസുദേവൻ നായർ. താൻ ഒരു കമ്മ്യൂണിസ്റ്റായിരുന്നില്ലെങ്കിൽ തറവാടിയായൊരു നായരായി ജീവിതം ജീവിച്ച് തീർക്കേണ്ടി വരുമായിരുന്നു എന്ന് തുറന്ന് പറഞ്ഞ നേതാവാണ് പി കെ വി. കോട്ടയത്തെ കിടങ്ങൂരിൽ 1926 മാർച്ച് രണ്ടിനാണ് അദ്ദേഹം ജനിച്ചത്. പാമ്പം വീട്ടിൽ കേശവപിള്ളയുടേയും, നാണിക്കുട്ടി അമ്മയുടേയും നാലു മക്കളിൽ മൂത്തയാളായിരുന്നു വാസുദേവൻ. പിതാവ് കേശവപിള്ള ഒരു പ്രൈമറി സ്കൂൾ അദ്ധ്യാപകനായിരുന്നു. ഉഴവൂരിലെ മോനിപ്പള്ളി സർക്കാർ പ്രൈമറി സ്കൂളിലും, കിടങ്ങൂർ പ്രൈമറി സ്കൂളിലുമായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. പൊൻകുന്നം വർക്കി അക്കാലത്ത് വാസുദേവന്റെ അദ്ധ്യാപകനായിരുന്നു. പൂഞ്ഞാർ ഹൈസ്കൂളിൽ പഠിക്കുമ്പോഴാണ് തിരുവിതാംകൂറിൽ ഉത്തരവാദഭരണത്തിനുവേണ്ടിയുള്ള പ്രക്ഷോഭം നടക്കുന്നത്. അച്ഛന്റെ കർക്കശ്ശമായ നിലപാടുകൾ മൂലം പി.കെ.വാസുദേവന് അത്തരം സമരങ്ങളിൽ പങ്കെടുക്കാൻ സാധിച്ചില്ല. മന്നത്ത് പത്മനാഭന്റെ അനുയായികളായിരുന്നു വാസുദേവന്റെ കുടുംബം മുഴുവൻ. സ്കൂൾ വിദ്യാഭ്യാസ കാലത്താണ് തിരുവിതാംകൂറിൽ ഉത്തരവാദഭരണത്തിനുവേണ്ടിയുള്ള പ്രക്ഷോഭം നടക്കുന്നത്. കുടുംബത്തിൽ നിന്നുമുള്ള നിയന്ത്രണങ്ങൾ കാരണം താൽപര്യമുണ്ടായിട്ടും ദേശീയപ്രസ്ഥാനങ്ങളിൽ ഭാഗഭാക്കാകാൻ കഴിഞ്ഞില്ല.

ആലുവ യു.സി.കോളേജിൽ പഠിക്കുന്ന കാലത്താണ് പി.കെ.വിയുടെ രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത്. എ. ഐ. എസ്. എഫ്. പ്രവർത്തകനായിട്ടാണ് അദ്ദേഹം വിദ്യാർത്ഥിരാഷ്ട്രീയത്തിലേക്കു രംഗപ്രവേശം ചെയുന്നത്. കെ.സി.മാത്യു ആയിരുന്നു അവിടെ സംഘടനാ നേതാവ്. അദ്ദേഹമാണ് വാസുദേവനെ സംഘടനയിൽ ചേർത്തത്. സ്വാതന്ത്ര്യസമരത്തിന്റെ അവസാന കാണ്ഡമായിരുന്നു അത്. ഊർജ്ജതന്ത്രത്തിൽ ബിരുദമെടുത്തതിനുശേഷം അദ്ദേഹം നിയമപഠനത്തിനായി തിരുവനന്തപുരം ലോ കോളേജിൽ ചേർന്നു. കമ്യൂണിസ്റ്റ് പാർട്ടിയുടെ ഭാഗമായിരുന്ന എ. ഐ. എസ്. എഫും എ.ഐ.വൈ.എഫും ബ്രിട്ടീഷ് ഭരണത്തിനെതിരെ പോരാടുന്ന കാലമായിരുന്നു അത്.

അദ്ദേഹം 1945-ൽ കമ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമായി. ഒരു വിദ്യാ‍ർത്ഥിനേതാവായിരുന്ന അദ്ദേഹം 1947-ൽ തിരുവിതാംകൂർ സ്റ്റുഡന്റ്സ് യൂണിയന്റെ അദ്ധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടു. 1948-ൽ പി.കെ.വി. ഓൾ കേരള സ്റ്റുഡന്റ്സ് ഫെഡറേഷന്റെ അദ്ധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടു. ‘വേൾഡ് ഫെഡെറേഷൻ ഓഫ് ഡെമോക്രാറ്റിക് യൂത്ത്’ എന്ന സംഘടനയുടെ ഉപാദ്ധ്യക്ഷനുമായിരുന്നു അദ്ദേഹം.

തിരുവിതാംകൂർ രാജഭരണത്തിനെതിരായി പ്രസംഗിച്ചതിനായിരുന്നു പി.കെ.വി.യുടെ ആദ്യത്തെ അറസ്റ്റ്. ഭരണകൂടത്തിനെതിരെ സായുധവിപ്ലവം ആഹ്വാനം ചെയ്ത കമ്യൂണിസ്റ്റ് പാർട്ടിയുടെ കൽക്കത്താ തീസീസിനെ തുടർന്ന് നൂറുകണക്കിന് കമ്യൂണിസ്റ്റുകാർ ഒളിവിൽ പോയി. അക്കൂട്ടത്തിൽ പി.കെ.വിയും ഉണ്ടായിരുന്നു. ഒളിവിലിരുന്ന് പാർട്ടിപ്രവർത്തനം തുടർന്ന അദ്ദേഹത്തെ 1951-ൽ വിദ്യാർത്ഥിപ്രസ്ഥാനവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തു.

തിരുവിതാംകൂർ സ്റ്റുഡന്റ്സ് യൂണിയന്റെയും അഖില കേരള വിദ്യാർത്ഥി യൂണിയന്റെയും അഖിലേന്ത്യാ വിദ്യാർത്ഥി ഫെഡറേഷന്റെയും (എ.ഐ.എസ്.എഫ്) യുടെയും സ്ഥാപകരിൽ ഒരാളായിരുന്നു പി.കെ.വി. 1982-ൽ പാർട്ടി സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. 1982 മുതൽ 2004 വരെ അദ്ദേഹം തിരഞ്ഞെടുപ്പുരാഷ്ട്രീയത്തിൽ നിന്ന് മാറിനിന്ന് പാർട്ടി പ്രവർത്തനങ്ങളിൽ ശ്രദ്ധകേന്ദ്രീകരിച്ചു. സി.പി.ഐ. പാർട്ടി സെക്രട്ടറിയായി അദ്ദേഹം ഈ കാലയളവിൽ പ്രവർത്തിച്ചു.

അധികാരങ്ങളിൽ..

1954 മുതൽ 1957 വരെ പാർട്ടി ദിനപത്രമായ ജനയുഗം ദിനപത്രത്തിന്റെ ലേഖകനായിരുന്നു പി കെ വി. ഐക്യ കേരളത്തിലെ ആദ്യ പൊതു തെരഞ്ഞെടുപ്പിൽ കമ്മ്യൂണിസ്റ്റ് പാർട്ടി അധികാരത്തിലേറുമ്പോൾ പി കെ വി മത്സരിച്ച് ജയിച്ചത് പാർലമെന്റിലേക്കായിരുന്നു. പാർലമെന്റിൽ അന്ന് പ്രധാന പ്രതിപക്ഷ പാർട്ടിയായിരുന്നു സിപിഐ. നാലുതവണ അദ്ദേഹം ലോക്സഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. (1957 (തിരുവല്ല), 1962 (അമ്പലപ്പുഴ), 1967 (പീരുമേട്), 2004 (തിരുവനന്തപുരം)). നീണ്ട ലോക്സഭാ ജീവിതത്തിനു ശേഷം അദ്ദേഹം 1970-ൽ സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരിച്ചുവന്നു. തന്റെ ലോക്സഭയിൽ ചിലവഴിച്ച കാലഘട്ടത്തിനിടയിൽ അദ്ദേഹം സി.പി.ഐ യുടെ പാർലമെന്ററി പാർട്ടി സെക്രട്ടറി, അദ്ധ്യക്ഷൻ, എന്നിവരുടെ പാനലിൽ അംഗമായിരുന്നു.

1977, 1980 എന്നീ വർഷങ്ങളിലായി രണ്ടു തവണ കേരള നിയമസഭയിലേക്കും അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. സി.പി.ഐ. നിയമസഭാകക്ഷി നേതാവായിരുന്നു അദ്ദേഹം.1977 മുതൽ 1978 വരെ കെ. കരുണാകരന്റെയും എ.കെ. ആന്റണിയുടെയും മന്ത്രിസഭകളിൽ വ്യവസായ മന്ത്രിയായിരുന്നു പി.കെ.വി. ഇന്ദിരാ ​ഗാന്ധി ചിക്മംഗളൂരിൽ നിന്ന് തിരഞ്ഞെടുപ്പിൽ മത്സരിച്ചപ്പോൾ കോൺഗ്രസ് എതിർ സ്ഥാനാർത്ഥിയെ നിർത്താത്തതിൽ പ്രതിഷേധിച്ച്‌ എ.കെ.ആന്റണി 1978-ൽ മുഖ്യമന്ത്രിപദം രാജിവെച്ചു. ഈ ഒഴിവിൽ പി.കെ.വി കേരള മുഖ്യമന്ത്രിയായി. അദ്ദേഹം കേരളത്തിൽ സി.പി.എം. ഉം സി.പി.ഐ. യും കൂടിച്ചേർന്ന് സർക്കാർ രൂപവത്കരിക്കുന്നതിനു പാത തെളിക്കാൻ 1979 ഒക്ടോബർ 7-നു മുഖ്യമന്ത്രിപദം രാജിവെച്ചു.

ഇന്ത്യൻ രാഷ്ട്രീയത്തിൽ കേട്ടുകേൾവിയില്ലാത്ത സ്ഥാനത്യാ​ഗം

കേരള രാഷ്ട്രീയം അന്നുവരെ കണ്ടിട്ടില്ലാത്ത ഒരു മാറ്റത്തിനായിരുന്നു 1979 ഒക്ടോബർ ഏഴ് സാക്ഷ്യം വഹിച്ചത്. ഇടതുപക്ഷ ഐക്യം യാഥാർത്ഥ്യമാക്കാൻ ഒരു മുഖ്യമന്ത്രി രാജിവെച്ച് നിയമസഭയിലെ പ്രതിപക്ഷ നിരയിലേക്ക് പോയി. പി കെ വാസുദേവൻ നായർ എന്ന നേതാവിന്റെയും സിപിഐ എന്ന പാർട്ടിയുടെയും ആദർശനിഷ്ഠ എത്രത്തോളം എന്നതിന് ഇതിലും നല്ലൊരു ഉദാഹരം ആവശ്യമില്ല. ഭട്ടിൻഡ പാർട്ടി കോൺ​ഗ്രസിന്റെ രാഷ്ട്രീയ പ്രമേയത്തിന്റെ ചുവടുപിടിച്ചായിരുന്നു പികെവി എന്ന സിപിഐ നേതാവ് മുഖ്യമന്ത്രിപദം ത്യജിച്ചത്.

1978ൽ പഞ്ചാബിലെ ഭട്ടിൻഡയിൽ നടന്ന സിപിഐ ദേശീയ സമ്മേളനമാണ് കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ ഐക്യം എന്ന ആശയം മുന്നോട്ട് വെച്ചത്. കാതലായ വിഷയങ്ങളിൽ അഭിപ്രായ വ്യത്യാസം നിലനിൽക്കുമ്പോഴും യോജിപ്പിന്റെ മേഖലകൾ കണ്ടെത്തി ഇന്ത്യയിലെ ഇടതുപക്ഷത്തെ ശക്തിപ്പെടുത്തുക എന്നതായിരുന്നു സിപിഐ നയം. ആദ്യം ഇടത് ഐക്യവും പിന്നീട് കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ പുനരേകീകരണവുമായിരുന്നു സിപിഐ ലക്ഷ്യം വെച്ചത്. ഭട്ടിൻഡ പാർട്ടി കോൺ​ഗ്രസ് പാസാക്കിയ രാഷട്രീയ നയത്തിന്റെ അടിസ്ഥാനത്തിൽ കേരളത്തിലെ മുഖ്യമന്ത്രിപദം ഉപേക്ഷിച്ച് പി കെ വാസുദേവൻ നായർ പ്രതിപക്ഷത്തേക്ക് മാറി.

പി.കെ.വി 1978–79 ലാണ് കേരള മുഖ്യമന്ത്രിയായത്. ചിക്കമംഗളൂരിലെ ലോക്സഭാ സീറ്റ് ഇന്ദിരാഗാന്ധിക്ക് നൽകിയ ദേശീയ രാഷ്ട്രീയ സംഭവ വികാസമാണ് പി.കെ.വി യെ മുഖ്യനാക്കിയത്. അന്ന് സി.പി.ഐ കോൺഗ്രസ് മുന്നണിയിലായിരുന്നു. മുഖ്യമന്ത്രിയായിരുന്ന എ.കെ.ആൻറണി ഇന്ദിരാ ഗാന്ധിക്ക് സീറ്റ് നൽകിയതിൽ പ്രതിഷേധിച്ച് രാജിവച്ചപ്പോൾ മുന്നണിയിലെ രണ്ടാമത്തെ കക്ഷിയുടെ നേതാവായ പി.കെ.വി. ഐകകണ്ഠേന മുഖ്യമന്ത്രിയായി.

മുന്നണിയെ നയിക്കുന്ന കക്ഷിയാകും ഭരണത്തിന് നേതൃത്വം നൽകുക എന്ന സമവാക്യം പി.കെ.വി ക്കായി സംസ്ഥാന രാഷ്ട്രീയം മാറ്റിവെച്ചു. ഒരു കൊല്ലത്തെ മുഖ്യമന്ത്രിപദവിക്കിടെ ജനപ്രിയനായി മാറിയ പി.കെ.വി ഇടത് പാർട്ടികളുടെ ഏകീകരണം ലക്ഷ്യമിട്ട് പിന്നീട് മുഖ്യമന്ത്രിപദം ഒഴിഞ്ഞു. തുടർന്നുണ്ടായ ഇടതുമുന്നണിയാണ് എൽ.ഡി.എഫ് ആയി ഇന്നും നിലകൊള്ളുന്നത്.

ലാളിത്യത്തിന്റെ ആൾരൂപം

ലളിതമായ ജീവിതരീതിയുടെയും ലാളിത്യമാർന്ന പെരുമാറ്റത്തിന്റെയും ഉടമയായിരുന്നു പി.കെ.വി. മരിക്കുന്നതിന് ഒരുവർഷം മുൻപുവരെ തിരുവനന്തപുരത്തെ തമ്പാനൂർ ബസ് സ്റ്റേഷനിൽ നിന്നു കെ.എസ്.ആർ.ടി.സി ബസ്സുകളിൽ പി.കെ.വി. യാത്രചെയ്യുമായിരുന്നു. ഇടതു പക്ഷ ഐക്യത്തിനായി മുഖ്യമന്ത്രി സ്ഥാനം പോലും ത്യജിച്ച പി.കെ.വി തികഞ്ഞ ആദർശവാദിയായിരുന്നു. കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ പിളർപ്പ് പികെവിക്ക് മരിക്കുവോളം നൊമ്പരമായിരുന്നു. പാർട്ടി തീരുമാനങ്ങൾ അംഗീകരിച്ച് എന്നും രാഷ്ട്രീയ പ്രവർത്തനം നടത്തിയ പി.കെ.വി അദ്ദേഹത്തിന്റെ അറുപതുകളിൽ പാർലമെൻററി രാഷ്ട്രീയത്തിൽ നിന്ന് വിട്ടു നിൽക്കാൻ തീരുമാനിച്ചത് യുവാക്കൾക്ക് വഴിയൊരുക്കാനായിരുന്നു.

ഏറെക്കാലം വാർദ്ധക്യസഹജവും അല്ലാത്തതുമായ രോഗങ്ങൾ കൊണ്ട് ബുദ്ധിമുട്ടിയ പി.കെ.വി. ഹൃദ്രോഗം മൂലം 79-ാം വയസ്സിൽ 2005 ജൂലൈ 12-ന് വൈകീട്ട് മൂന്നേമുക്കാലോടെ ഡൽഹി ഓൾ ഇന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ വച്ചാണ് അന്തരിച്ചത്. മരണസമയത്ത് അദ്ദേഹം തിരുവനന്തപുരത്തുനിന്നുള്ള ലോക്സഭാംഗമായിരുന്നു. മൃതദേഹം നാട്ടിലെത്തിച്ച ശേഷം പൂർണ ഔദ്യോഗിക ബഹുമതികളോടെ വീട്ടുവളപ്പിൽ സംസ്കരിച്ചു.

Tags
Show More

Related Articles

Back to top button
Close