മലപ്പുറം: ജില്ലയിൽ പ്ലസ് വൺ സീറ്റ് ക്ഷാമം പരിഹരിക്കാൻ 167 ബാച്ചുകൾ ആവശ്യമെന്ന് വിഭാഗത്തിന്റെ കണ്ടെത്തൽ. ജില്ലയിലെ ഏഴു താലൂക്കുകളെ അടിസ്ഥാനപ്പെടുത്തി, കഴിഞ്ഞ അഞ്ചു വർഷത്തിനിടെ പ്രവേശനത്തിനായി ലഭിച്ച അപേക്ഷകൾ വിശകലനം ചെയ്താണ് പുതിയ കണ്ടെത്തൽ.
2015 മുതൽ ജില്ലയിൽനിന്ന് പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷിച്ചവർ, പ്രവേശനം ലഭിച്ചവർ, വരും വർഷങ്ങളിൽ എസ്.എസ്.എൽ.സി പരീക്ഷ എഴുതുന്നവരുടെ എണ്ണം എന്നിവ കൂടി വിലയിരുത്തിയ ഹയർ സെക്കൻഡറി വിഭാഗം ജില്ലയിൽ കണ്ടെത്തിയത് 8372 സീറ്റുകളുടെ കുറവാണ്.
തിരൂർ താലൂക്കിലാണ് കൂടുതൽ ബാച്ചുകൾ വേണ്ടത്. 1743 സീറ്റുകൾ ആവശ്യമായ തിരൂർ താലൂക്കിലെ സ്കൂളുകളിൽ 35 ബാച്ചുകളാണ് ആവശ്യം. 1611 സീറ്റുകളുടെ കുറവുള്ള ഏറനാട് താലൂക്കിൽ 32 ബാച്ചുകളും 1289 സീറ്റുകൾ ആവശ്യമായ തിരൂരങ്ങാടി താലൂക്കിലും 1282 സീറ്റുകളുടെ കുറവുള്ള പെരിന്തൽമണ്ണ താലൂക്കിലും 26 വീതം ബാച്ചുകളും ആവശ്യമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. നിലമ്പൂർ താലൂക്കിൽ 1173 സീറ്റുകൾക്കായി 23 ബാച്ചുകളും 656 സീറ്റുകൾക്കായി പൊന്നാനി താലൂക്കിൽ 13ബാച്ചുകളും 619 സീറ്റുകളുടെ കുറവുള്ള കൊണ്ടോട്ടി താലൂക്കിൽ 12 ബാച്ചുകളുമാണ് വേണ്ടത്.
അൺഎയ്ഡഡ് സ്കൂളുകൾ ഉൾപ്പെടെ 53,225 സീറ്റുകളാണ് ജില്ലയിലെ സ്കൂളുകളിലുള്ളത്. 20 ശതമാനം ആനുപാതിക സീറ്റ് വർധനയിലൂടെ ഇത് 60,495 ആയി ഉയർന്നിരുന്നു.ഈ വർഷവും കാസർകോട് മുതൽ പാലക്കാട് വരെയുള്ള ജില്ലകളിൽ 20 ശതമാനം സീറ്റ് വർധിപ്പിക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്.
ഈ വർഷം ജില്ലയിൽ നിന്ന് എസ്.എസ്.എൽ.സി വിജയിച്ചവരുടെ എണ്ണം 75,554 ആണ്. ഇതിൽ 18,970 പേർ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചവരാണ്. കഴിഞ്ഞ വർഷം സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ ഉൾപ്പെടെയുള്ള സിലബസുകളിൽ പഠിച്ചവർ ഉൾപ്പെടെ 80,862 പേരാണ് ജില്ലയിൽ പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷിച്ചത്.