INDIANEWSTop News

ഒമിക്രോൺ വൈറസിൽ ജാഗ്രത വേണമെന്ന് പ്രധാനമന്ത്രി; അന്താരാഷ്ട്ര യാത്ര നിയന്ത്രണങ്ങൾ നീക്കിയ നടപടി പുനഃപരിശോധിക്കും; രാജ്യം വീണ്ടുമൊരു അടച്ചു പൂട്ടലിലേക്കോ ?

ന്യൂഡൽഹി: കോവിഡ് വൈറസിൻ്റെ പുതിയ വകഭേദമായ ഒമിക്രോൺ ഉയ‍ർത്തുന്ന വെല്ലുവിളി നേരിടാൻ നടപടികൾ സ്വീകരിക്കാൻ പ്രധാനമന്ത്രിയുടെ നി‍ർദേശം. ഒമിക്രോൺ വകഭേദം വിവിധ ലോകരാജ്യങ്ങളിൽ കണ്ടെത്തിയതിനെ തുട‍ർന്ന് വിളിച്ചു ചേ‍‍ർത്ത അവലോകന യോ​ഗത്തിലാണ് ജാ​ഗ്രത കടുപ്പിക്കാൻ പ്രധാനമന്ത്രി ആവശ്യപ്പെട്ടത്. രാവിലെ 10.30-നാണ് യോഗം വിളിച്ചത്. യോഗത്തില്‍ ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുത്തു. രാജ്യത്തെ വാക്‌സിനേഷന്‍ പുരോഗതിയും നിലവിലുള്ള കോവിഡ് സ്ഥിതിഗതികളും ചർച്ച ചെയ്തു.

കൊവിഡ് വൈറസിൻ്റെ പുതിയ വകഭേദമായ ഒമിക്രോൺ കൂടുതൽ രാജ്യങ്ങളിൽ റിപ്പോ‍ർട്ട് ചെയ്ത സാഹചര്യത്തിൽ അന്താരാഷ്ട്ര യാത്ര നിയന്ത്രണങ്ങൾ നീക്കിയ നടപടി പുനപരിശോധിക്കണമെന്ന് അവലോകനയോ​ഗത്തിൽ പ്രധാനമന്ത്രി ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. പുതിയ വകഭേദത്തിലൂടെ ഉണ്ടാവുന്ന ഭീഷണി നേരിടണമെന്നും അതിനായി വേണ്ട നടപടികൾ സ്വീകരിക്കണമെന്നും നരേന്ദ്രമോദി നി‍ർദേശിച്ചു. ഒമിക്രോൺ വൈറസിനെതിരെ ജനങ്ങൾ ജാ​ഗ്രത പാലിക്കണമെന്നും പ്രതിരോധമുറപ്പിക്കാൻ കൊവിഡ് വാക്സീൻ രണ്ടാം ഡോസിൻ്റെ വിതരണം വേ​ഗത്തിലാക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

വിദേശ രാജ്യങ്ങളിൽ കൊവിഡിൻറെ പുതിയ വകഭേദമായ ഒമിക്രോൺ കണ്ടെത്തിയതിന് പിന്നാലെയാണ് ഉന്നതതലയോഗം വിളിച്ച് പ്രധാനമന്ത്രി സാഹചര്യം വിലയിരുത്തിയത്. ഇന്ത്യയിലേക്കുള്ള അന്താരാഷ്ട്ര യാത്രാനിയന്ത്രണങ്ങൾ നീക്കിയതിന് തൊട്ടുപിന്നാലെ പുതിയ വകഭേദം ഭീഷണിയായത് കേന്ദ്രത്തിന് വെല്ലുവിളിയായിരിക്കുകയാണ്. ഒമിക്രോൺ സ്ഥിരീകരിച്ച രാജ്യങ്ങളിൽ നിന്നുള്ള വിമാന സർവ്വീസ് നിർത്തിവെക്കണമെന്ന് ദില്ലി മുഖ്യമന്ത്രി കെജ്രിവാൾ ഇതിനോടകം ആവശ്യപ്പെട്ടു കഴിഞ്ഞു.

ദക്ഷിണാഫ്രിക്കയിലും യൂറോപ്പിലും സ്ഥിരീകരിച്ച ബി.1.1.592 വൈറസ് അഥവാ കൊവിഡിൻറെ ഒമിക്രോൺ വകഭേദം തീവ്ര വ്യാപന ശേഷിയുള്ളതെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് പ്രധാനമന്ത്രി ഉന്നതതല യോഗം വിളിച്ചു ചേർത്തത്. വാക്സിനേഷൻ തീർക്കുന്ന പ്രതിരോധത്തെ പുതിയ വകഭേദം മറികടക്കുമെന്ന റിപ്പോർട്ടുകളടക്കം യോഗത്തിൽ ചർച്ചയായി. സംസ്ഥാനങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും, പരിശോധന കൂട്ടണമെന്നും കേന്ദ്രം നേരത്തെ നിര്‍ദ്ദേശിച്ചിരുന്നു. രാജ്യത്ത് നിലവിലുള്ള കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളും വാക്സിനേഷൻ തോതും പ്രധാനമന്ത്രി വിലയിരുത്തി.

പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി പി.കെ.മിശ്ര, ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ , നീതി ആയോഗ് അംഗം ഡോ.വി.കെ.പോൾ, തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. നിലവിലെ സാഹചര്യത്തില്‍ അന്താരാഷ്ട യാത്രാ വിലക്ക് നീക്കിയ സാഹചര്യവിം യോഗം വിലയിരുത്തി.പുതിയ വകഭേദം സ്ഥിരീകരിച്ച രാജ്യങ്ങളിൽ നിന്നുള്ള വിമാനങ്ങൾ നിർത്തിവെക്കണമെന്ന ആവശ്യം പല ഭാഗങ്ങളിൽ നിന്നു ഉയരുന്നുണ്ട്. ഡിസംബര്‍ 15 മുതലാണ് വിലക്ക് നീക്കുന്നതെന്നതിനാല്‍ തുടര്‍ സാഹചര്യം നിര്‍ണ്ണായകമാകും. അതേ സമയം വളരെ ബുദ്ധിമുട്ടിയാണ് രാജ്യം കൊവിഡിനെ മറികടക്കുന്നതെന്നും , പുതിയ വകഭേദം ഇന്ത്യയിലെത്താതിരിക്കാൻ പറ്റുന്നതെല്ലാം ചെയ്യണമെന്നും ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ട്വിറ്ററിൽ കുറിച്ചു. ഗുജറാത്ത് ഉൾപ്പടെയുള്ള നിരവധി സംസ്ഥാനങ്ങൾ ഒമിക്രോൺ സ്ഥിരീകരിച്ച രാജ്യങ്ങളിൽ നിന്നും വരുന്ന യാത്രക്കാർക്ക് വിമാനത്താവളങ്ങളിൽ നിയന്ത്രണം കർശനമാക്കിയിട്ടുണ്ട്.

പുതിയ കോവിഡ് വകഭേദമായ ഒമിക്രോൺ അതീവ അപകടകാരിയെന്ന റിപ്പോർട്ടുകൾ‌ പുറത്തു വന്നതിന് പിന്നാലെ കേരളവും അതീവ ജാ​ഗ്രതയിൽ. എല്ലാ വിമാനത്താവളങ്ങളിലും ഗൗരവമായ പരിശോധന നടത്താൻ കേന്ദ്രം നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് ആരോ​ഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ് അറിയിച്ചു. വിദേശ രാജ്യങ്ങളിൽ നിന്നും എത്തുന്നവർക്ക് കർശന നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തുന്നത്. യാത്രക്ക് 48 മണിക്കൂർ മുമ്പ് ആർടിപിസിആർ ചെയ്ത് കോവിഡ് നെ​ഗറ്റീവ് സർട്ടിഫിക്കറ്റ് കയ്യിലുള്ളവരെ മാത്രമേ കേരളത്തിലേക്ക് പ്രവേശിപ്പിക്കൂ. സംസ്ഥാനത്ത് എത്തിയാൽ വീണ്ടും ആർടിപിസിആർ എടുക്കണം. ഇവർ നിർബന്ധമായും ഹോം ക്വാറന്റൈൻ പൂർത്തിയാക്കുന്നുണ്ടെന്ന് ആരോ​ഗ്യ വകുപ്പ് ഉറപ്പാക്കും.

കേന്ദ്രത്തിന്റെ നിർദ്ദേശങ്ങൾ പ്രകാരമുള്ള നടപടികൾ സംസ്ഥാനം സ്വീകരിച്ചിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. നിലവിൽ ഉള്ളത് പോലെ കേന്ദ്രമാനദണ്ഡങ്ങൾ അനുസരിച്ചുള്ള ക്വാറന്റൈനും വേണമെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. പുതിയ വകഭേദം വാക്‌സിനെ അതിജീവിക്കുന്നതാണോ എന്ന് ലോകാരോഗ്യ സംഘടനയുടെ പരിശോധന നടക്കുകയാണ്. കേരളത്തിൽ വൈറസിന്റെ ജനിതക വകഭേദങ്ങളെപ്പറ്റി പഠനം നടക്കുന്നുണ്ട്. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും മന്ത്രി പറഞ്ഞു.

ദക്ഷിണാഫ്രിക്കയിൽ കൊറോണ വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയ സാഹചര്യത്തിൽ വിലയിരുത്തലുകളും മുൻകരുതലുകളും ചർച്ച ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ചു ചേർത്ത യോഗം പുരോഗമിക്കുകയാണ്. ഉന്നത ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. രാജ്യത്തെ കോവിഡ് സ്ഥിതിഗതികളും വാക്‌സിനേഷൻ പുരോഗതിയും ചർച്ചയാകും.

നിലവിലെ കൊറോണ വൈറസിൽ നിന്ന് ഏറെ മാറ്റം സംഭവിച്ച ഒമിക്രോൺ രോഗമുക്തരായവരിലേക്ക് വീണ്ടും പകരാൻ സാധ്യത കൂടുതലാണ്. ആഫ്രിക്കൻ രാജ്യങ്ങൾക്കും ഹോങ്കോങ്ങിനും പിന്നാലെ യൂറോപ്പിലും ഇന്നലെ ഒമിക്രോണിന്റെ സാന്നിധ്യം സ്ഥിരീകരിച്ചു. ബെൽജിയത്തിലാണ് യൂറോപ്പിലെ ആദ്യ കേസ് റിപ്പോർട്ട് ചെയ്തത്. ഈജിപ്റ്റിൽ നിന്ന് വന്ന യാത്രക്കാരിയിയിലാണ് രോഗബാധ സ്ഥിരീകരിച്ചത്. പിന്നാലെ അമേരിക്ക, യുകെ, ,ജപ്പാൻ, സിംഗപ്പൂർ , യുഎഇ , ബ്രസീൽ തുടങ്ങിയ രാഷ്ട്രങ്ങൾ ഏഴ് ആഫ്രിക്കൻ രാജ്യങ്ങളിലേക്കുള്ള യാത്രയ്ക്ക് നിയന്ത്രണം പ്രഖ്യാപിച്ചു.

നിലവിൽ ദക്ഷിണാഫ്രിക്ക, ഹോങ്കോങ് , ഇസ്രയേൽ, ബോറ്റ്സ്വാന, ബെൽജിയം എന്നീ രാജ്യങ്ങളിലായി നൂറോളം പേരിലാണ് ഒമക്രോണിന്റെ സാന്നിധ്യം കണ്ടെത്തിയത്. സ്ഥിതി വിലയിരുത്താൻ ലോകാരോഗ്യ സംഘടന അടിയന്തര യോഗം വിളിച്ചിട്ടുണ്ട്. ഇതിനിടെ, ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ദക്ഷിണാഫ്രിക്കൻ പര്യടനവും അനിശ്ചിതത്വത്തിലായി. നിലവിൽ ദക്ഷിണാഫ്രിക്കയിലുള്ള ഇന്ത്യൻ എ ടീം പര്യടനം ഉപേക്ഷിച്ചേക്കും. ഹോളണ്ട് ടീം പര്യടനം ഉപേക്ഷിച്ച് ദക്ഷിണാഫ്രിക്കയിൽ നിന്ന് മടങ്ങി. ഒമിക്രോണിന്റെ വരവ് വീണ്ടും ലോകത്തെ സാമ്പത്തിക അവസ്ഥയെ തകിടം മറിക്കുമെന്നാണ് വിലയിരുത്തൽ.

കോവിഡ് വാക്സിന്റെ പുത്തൻ വകഭേദം അതീവ ഭീകരനെന്ന ലോകാരോ​ഗ്യ സംഘടനയുടെ വെളിപ്പെടുത്തലിന് പിന്നാലെ ലോകം മറ്റൊരു അടച്ചു പൂട്ടൽ ആശങ്കയിൽ. ദക്ഷിണാഫ്രിക്കയിലാണ് ‘ഒമൈക്രോൺ’ വൈറസ് ആദ്യമായി കണ്ടെത്തിയത്. തുടർന്ന് ബോട്സ്വാന, ലെസോത്തോ, എസ്വാട്ടീനി, സിംബാബ്‌വെ, നമീബിയ എന്നീ രാജ്യങ്ങളിലും പുത്തൻ വകഭേദം റിപ്പോർട്ട് ചെയ്തു. ഹോങ്കോങ്, ഇസ്രായേൽ, ബൽജിയം എന്നിവിടങ്ങളിലും പുതിയ വകഭേദം കണ്ടെത്തിയതോടെ പല രാജ്യങ്ങളും യാത്രാ വിലക്ക് ഏർപ്പെടുത്തി കഴിഞ്ഞു.

ഈ രാജ്യങ്ങളിൽനിന്ന് ഇന്ത്യയിലെത്തുന്നവർക്കും അവരുമായി സമ്പർക്കത്തിലുള്ളവർക്കും കർശന പരിശോധന നടത്താൻ കേന്ദ്ര സർക്കാർ സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി. ഈ രാജ്യങ്ങളിൽ നിന്നുള്ള യാത്രാ സർവീസുകൾക്ക് അടിയന്തര വിലക്ക് ഏർപ്പെടുത്തണമെന്ന യൂറോപ്യൻ കമ്മീഷൻ നിർദേശം 27 യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ അംഗീകരിച്ചു. യുഎസും യുകെയും സൗദിയും വിലക്ക് പ്രഖ്യാപിച്ചു. ഈ രാജ്യങ്ങളെയും മൊസാംബിക്കിനെയും സിങ്കപ്പൂർ, ഇറ്റലി, ഇസ്രായേൽ രാജ്യങ്ങൾ സഞ്ചാരവിലക്കിന്റെ ചുവന്നപട്ടികയിൽ ഉൾപ്പെടുത്തി. 12 മണിക്കൂറിലേറെ ഈ രാജ്യങ്ങളിൽ തങ്ങുന്നവർ രാജ്യത്തെത്തിച്ചേരുന്നത് ചെക്ക് റിപ്പബ്ലിക്കും വിലക്കി.

മാസ്കും വാക്സിനും എല്ലാം അപ്രസക്തമാക്കുന്ന പുതിയ വൈറസ് ഭീകരന്റെ വ്യാപന ശേഷിയും മറ്റുള്ളവയെക്കാൾ ഏറെ കൂടുതലാണെന്നാണ് റിപ്പോർട്ട്. വൈറസിന്റെ പുതിയ വകഭേദം ആശങ്കയുണർത്തുന്നതാണെന്ന് ലോകാരോഗ്യ സംഘടനയും വ്യക്തമാക്കി. ബോട്സ്വാന, ലെസോത്തോ, എസ്വാട്ടീനി, സിംബാബ്‌വെ, നമീബിയ എന്നീ രാജ്യങ്ങളിലാണ് പുതിയ വകഭേദം റിപ്പോർട്ട് ചെയ്തത്. ഹോങ്കോങ്, ഇസ്രായേൽ, ബൽജിയം എന്നിവിടങ്ങളിലും പുതിയ വകഭേദം കണ്ടെത്തി.

ലോകരോഗ്യ സംഘടന ഓമിക്രോൺ എന്ന് നാമകരണം ചെയ്തിരിക്കുന്ന ഈ വകഭേദത്തിന് മൊത്തം 32 മ്യുട്ടേഷനുകളാണ് സംഭവിച്ചിരിക്കുന്നത്. അത് സ്പൈക്ക് പ്രോട്ടീനിൽ സംഭവിച്ചിരിക്കുന്ന മ്യുട്ടേഷനുകളാണ്. നിലവിൽ ഏറ്റവുമധികം ഭീതിയുണർത്തുന്ന ഡെൽറ്റാ വകഭേദത്തിന്റെ ഇരട്ടി മ്യുട്ടേഷനുകളാണ് ഇതിനുള്ളത്. അതിനാൽ തന്നെ വാക്സിന്റെ പ്രഭാവം 40 ശതമാനം വരെ കുറയ്ക്കാൻ ഇതിനാകുമെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. അതിനുള്ള പ്രധാനകാരണം, ഈ ജനിതകമറ്റങ്ങൾ എല്ലാം തന്നെ സംഭവിച്ചിരിക്കുന്നത് ബി. 1.1.529 എന്ന് ശാസ്ത്രീയ നാമമുള്ള ഈ വകഭേദത്തിന്റെ സ്പൈക്ക് പ്രോട്ടീനാണ് എന്നതുതന്നെയാണ്.

നിലവിലെ വാക്സിൻ ശരീരത്തെ പരിശീലിപ്പിക്കുന്നത് പഴയ വകഭേദങ്ങളുടെ സ്പൈക്ക് പ്രോട്ടീനെ തിരിച്ചറിയുവാനാണ്. എന്നാൽ, ഓമിക്രോണിന്റെ സ്പൈക്ക് പ്രോട്ടീന് ഇത്രയധികം ജനിതകമാറ്റങ്ങൾ സംഭവിച്ചതിനാൽ അതിന് തീർത്തും വ്യത്യസ്തമായ ഒരു രൂപമാണുള്ളത്. അതുകൊണ്ടുതന്നെ മനുഷ്യ പ്രതിരോധ സംവിധാനത്തിന് ഇവയെ തിരിച്ചറിയാൻ കഴിഞ്ഞേക്കില്ല. തിരിച്ചറിയാത്തിടത്തോളം കാലം പ്രതിരോധ സംവിധാനത്തിന് ഈ വൈറസിനെതിരെ പോരാടുവാനും കഴിയില്ല.

മൊത്തം 50 ൽ അധികം മ്യുട്ടേഷനുകളാണ് ഓമിക്രോണിന് സംഭവിച്ചിരിക്കുന്നത്. അതിൽ 32 എണ്ണം സ്പൈക്ക് പ്രോട്ടീനിലാണ് ഉള്ളത്. മാത്രമല്ല, വളരെ വിരളമായി മാത്രം സംഭവിക്കാറുള്ള പി 681 എച്ച്, എൻ 679 കെ എന്നീ മ്യുട്ടേഷനുകൾ ഒരുമിച്ച് ഇവിടെ സംഭവിച്ചിരിക്കുന്നു. അതിനാൽ തന്നെ വാക്സിനുകളെ പ്രതിരോധിക്കുവാനുള്ള ശക്തി വളരെയേറെ വർദ്ധിക്കും. ഈ രണ്ട് മ്യുട്ടേഷനുകൾക്കൊപ്പം എച്ച് 655 വൈ എന്ന മ്യുട്ടേഷനും കൂടി ചേരുമ്പോൾ വൈറസുകൾക്ക് മനുഷ്യ ശരീരത്തിൽ പ്രവേശിക്കുവാൻ എളുപ്പമാകും.

അതേപോലെ എൻ 501 വൈ എന്ന മ്യുട്ടേഷൻ വൈറസുകളുടെ വ്യാപന ശേഷി വർദ്ധിപ്പിക്കുന്നതാണ്. അതും ഓമിക്രോണിൽ സംഭവിച്ചിട്ടുണ്ട്. അതുപോലെത്തന്നെ വൈറസുകളുടെ വ്യാപനശേഷി വർദ്ധിപ്പിക്കുന്ന മറ്റു രണ്ട് മ്യുട്ടേഷനുകളായ ആർ 203കെ, ജി 204ആർ എന്നിവയും ഇവിടെ ഒരുമിച്ച് സംഭവിച്ചിരിക്കുന്നു. ഒപ്പം എൻ എസ് പി 6 എന്ന മ്യുട്ടേഷന്റെ അഭാവം കൂടി ആകുമ്പോൾ വ്യാപനശേഷി വളരെയധികം വർദ്ധിക്കും.

ദക്ഷിണാഫ്രിക്കൻ വകഭേദത്തിന് വാക്സിനെ പ്രതിരോധിക്കാൻ ഏറെ സഹായകരമായ കെ 417എൻ, ഇ484എ എന്നീീ ജനിതകമാറ്റങ്ങളും ഓമിക്രോണിൽ സംഭവിച്ചിട്ടുണ്ട്. അതിനൊപ്പം ഡെൽറ്റയിൽ കണ്ടെത്തിയ എൻ 440 കെ എന്ന മ്യുട്ടേഷനും ന്യുയോർക്ക് വകഭേദത്തിൽ കണ്ട എസ് 477എൻ എന്ന മ്യുട്ടേഷനും ഇതിൽ ദൃശ്യമാണ്. ജി446എസ്, ടി478കെ,ക്യു493കെ, ജി496എസ്, ക്യു498ആർ, വൈ505എച്ച് എന്നീ മ്യുട്ടേഷനുകളും ഓമിക്രോണിൽ കണ്ടെത്തിയിട്ടുണ്ട്. ഇവയുടെ പ്രാധാന്യത്തെ കുറിച്ച് ഇപ്പോഴും പഠനങ്ങൾ നടക്കുന്നതേയുള്ളൂ.

അതേസമയം ബ്രിട്ടനിൽ വികസിപ്പിച്ച പുതിയ വാക്സിന് ഈ വകഭേദത്തെ ഫലപ്രദമായി ചെറുക്കാൻ കഴിയുമെന്ന അവകാശവാദവും ഉയർന്നിട്ടുണ്ട്. ഇത് അവസാന പരീക്ഷണ ഘട്ടത്തിലാണ് ഇപ്പോൾ ഉള്ളത്. ഓക്സ്ഫോർഡ്/ അസ്ട്രസെനെക വാക്സിൻ വികസിപ്പിച്ച അതേ ഗവേഷകർ തന്നെയാണ് ഇതിനു പുറകിലുമുള്ളത്. ഫോർമുലയിൽ നടത്തിയ പരീക്ഷണങ്ങളുടെ ഫലം അടുത്ത ഏതാനും ദിവസങ്ങൾക്കുള്ളിൽ പുറത്തുവരും.

ബോത്സ്വാനയിൽ ഉദ്ഭവിച്ച ഈ രാക്ഷസ വൈറസ് വകഭേദത്തെ തടയുവാൻ ഇപ്പോൾ തന്നെ വൈകി എന്നാണ് ഇമ്മ്യുണളോജിസ്റ്റായ പ്രൊഫസർ സർ ജോൺ ബെൽ പറയുന്നത്. സർക്കാർ ഏർപ്പെടുത്തീയ യാത്രാ നിരോധനമൊന്നും അതിനെ തടയുവാൻ ഫലപ്രദമല്ലെന്ന് അദ്ദേഹം പറയുന്നു. ഈ പുതിയ വകഭേദം പടർന്നാൽ പിന്നെ രൂപമാറ്റം വരുത്തിയ വാക്സിനുകൾ മാത്രമായിരിക്കും പ്രതിവിധി എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അത്തരത്തിലൊന്ന് ബ്രിട്ടനിൽ വികസിപ്പിച്ചു എന്നത് ആശ്വാസകരമായ വാർത്തയാണെന്നും അദ്ദേഹം പറഞ്ഞു.

ദക്ഷിണാഫ്രിക്കയിൽ പടർന്നുപിടിച്ച, വാക്സിനെ പ്രതിരോധിക്കാൻ ശേഷിയുള്ള വകഭേദത്തിനെതിരെയായിരുന്നു പുതിയ ഫോർമുല രൂപീകരിച്ചത്. ആവശ്യമെങ്കിൽ അത് നിലവിൽ ഉപയോഗിക്കുന്ന വാക്സിനുമായി സംയോജിപ്പിച്ച് മാറ്റങ്ങൾ വരുത്തി ഉപയോഗിക്കാൻ സാധിക്കും എന്നാണ് ഗവേഷകർ പറയുന്നത്.

സാഹചര്യം വിലയിരുത്തി ലോകാരോ​ഗ്യ സംഘടന

അടിയന്തര സാഹചര്യം ചർച്ചചെയ്യാൻ ലോകാരോഗ്യ സംഘടന യോഗം ചേർന്നു. പുതിയ വകഭേദത്തെ പ്രതിരോധിക്കാനുള്ള നടപടികൾ ചർച്ചചെയ്തു. ദക്ഷിണാഫ്രിക്കക്ക് പുറമേ ബോട്സ്വാന, ലെസോത്തോ, എസ്വാട്ടീനി, സിംബാബ്‌വെ, നമീബിയ എന്നീ രാജ്യങ്ങളിലാണ് വകഭേദം റിപ്പോർട്ട് ചെയ്തത്. ഹോങ്കോങ്, ഇസ്രായേൽ, ബൽജിയം എന്നിവിടങ്ങളിലും പുതിയ വകഭേദം കണ്ടെത്തി. പുതിയ വകഭേദം യൂറോപ്പിൽ റിപ്പോർട്ട് ചെയ്തത് ആദ്യമായി ബെൽജിയത്തിലാണ്. തിങ്കളാഴ്ച കോവിഡ് സ്ഥിരീകരിച്ച രോഗിക്കാണിത്. അടിയന്തര നടപടി സ്വീകരിക്കുമെന്നും മേഖലയിൽനിന്നുള്ള വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തുന്ന കാര്യം പരിഗണനയിലാണെന്നും യൂറോപ്യൻ യൂണിയൻ മേധാവി ഉർസുല ഫൺ ഡെർലെയ്നും പ്രതികരിച്ചു. നിലവിലുള്ള വാക്സിനുകൾ പുതിയ വകഭേദത്തിനു ഫലപ്രദമാണോ എന്നത് അറിയാൻ ആഴ്ചകളെടുക്കുമെന്നും ലോകാരോഗ്യ സംഘടന വെളിപ്പെടുത്തി.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close