INSIGHTNEWSTrending

”നിന്റെ ഹൃദയത്തിലൊരു മുറിവ് കൊത്തണം; എന്നെ അരച്ചു പുരട്ടുമ്പോള്‍ മാത്രം സുഖപ്പെടുന്ന നോവ് “; പ്രണയ കവിതകൾ രചിച്ച പീരുമേടിന്റെ യുവ കവയിത്രി; ശീര്‍ഷകം വേണ്ടാത്ത കവിതാരതിക…

അൻസിയ കെ അസീസ്

”നിന്റെ ഹൃദയത്തിലൊരു മുറിവ് കൊത്തണം എന്നെ അരച്ചു പുരട്ടുമ്പോള്‍ മാത്രം സുഖപ്പെടുന്ന നോവ് “. പ്രണയത്തെക്കുറിച്ചു പറയുമ്പോള്‍ അറിയാവുന്ന വാക്കുകള്‍ മറന്നു പോവുകയും പുതിയവ തേടി വരികയും ചെയ്യാറുണ്ടെന്ന് രതികയുടെ വരികളെ ഇഷ്ടപ്പെടുന്നവര്‍. തലക്കെട്ടില്ലാതെ നൂറിലധികം പ്രണയ കവിതകൾ രചിച്ച പീരുമേടിന്റെ യുവ കവയിത്രിയാണ് രതിക തിലക്. സി.പി.ഐ.എം. ഇടുക്കി ജില്ലാ സെക്രട്ടറിയേറ്റ് അംഗവും ജില്ലാ ലൈബ്രറി കൗണ്സില് പ്രസിഡന്റുമായ ആർ തിലകന്റെയും സഹകരണ ബാങ്ക് ജീവനക്കാരി രാജേശ്വരിയുടെയും മകൾ. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ നിന്ന് പൊളിറ്റിക്കൽ സയൻസിൽ ബിരുദവും, ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദംനേടി. ഇപ്പോൾ ‘അയ്യപ്പ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് സ്റ്റഡീസിൽ’ മലയാളം ഗസ്റ്റ്‌ അധ്യാപികയായി ജോലി ചെയ്യുന്നു.’സ്പെഷ്യൽ കോഫി’, ‘ഞാൻ ‘എന്നിവക്കു ശേഷം മൂന്നാമത്തെ പുസ്തകത്തിന്റെ പണിപ്പുരയിലായ രതിക തൻറെ കവിതാ വിശേഷങ്ങൾ പങ്കുവെക്കുന്നു.

1.കവിത എഴുതാന്‍ പ്രോത്സാഹനം നല്‍കിയതും ഉള്ളിലുള്ളൊരു കവയിത്രിയുണ്ടെന്ന് ആദ്യമായി തിരിച്ചറിഞ്ഞതും ആരായിരുന്നു?

അച്ഛനും അമ്മയും തന്നെയാണ്. ചെറുപ്രായത്തില്‍ അമ്മയും ഞാനും അനുജത്തിയും സായാഹ്നങ്ങളില്‍ നടക്കാനിറങ്ങും, പ്രകൃതിയുടെ വശ്യസൗന്ദര്യത്തെ ചിത്രങ്ങളായും വരികളായുമൊക്കെ പകര്‍ത്താന്‍ ഒരു കടലാസ്തുണ്ടും പെന്‍സിലും അമ്മയപ്പോള്‍ നല്‍കുമായിരുന്നു. അങ്ങനെ കണ്ടതും വരച്ചതുമെല്ലാം ഞാന്‍ ഡയറിയില്‍ പകര്‍ത്തി.
മൂന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ നടന്ന ഡയറി എഴുത്ത് മത്സരത്തില്‍ ആദ്യമായി എനിക്ക് സമ്മാനവും ലഭിച്ചു. അന്നുമുതല്‍ തോന്നുന്നതെന്തും ഞാന്‍ കുറിച്ച് വയ്ക്കാറുണ്ടായിരുന്നു.

2.കവിത എഴുതി തുടങ്ങിയത് എത്രാമത്തെ വയസിലായിരുന്നു. ആദ്യ കവിത ഏതായിരുന്നു?

കൃത്യമായി ഓര്‍മ്മയില്ല. അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോള്‍ ഞാനെഴുതി വച്ച വരികളെല്ലാം ഒരിക്കല്‍ അച്ഛന്റെ ശ്രദ്ധയില്‍പ്പെടുകയും അച്ഛന്‍ അത് ഒരു എഡിറ്റര്‍ക്ക് അയച്ചു കൊടുക്കുകയും ചെയ്തു. അന്ന് പ്രതികരണമൊന്നും ഉണ്ടായില്ല. ഗൗരവമായി എഴുതാന്‍ തുടങ്ങിയത് ബിരുദതലം മുതലാണ്. മാധവിക്കുട്ടിയുടേയും, പദ്മരാജന്റേയും വരികള്‍ കാണുമ്പോള്‍ എന്നേയും ആളുകള്‍ വായിക്കണമെന്ന് ആഗ്രഹിച്ചിരുന്നു. തുടക്കത്തില്‍ കളിയാക്കലുകള്‍ ഉണ്ടായെങ്കിലും പിന്നീട് വായനക്കാര്‍ എന്നെയും ഏറ്റെടുത്തു.

  1. മാധവിക്കുട്ടിയുടെ ആരാധികയാണല്ലേ. എഴുത്തുകളില്‍ അവരുടെ രചനകള്‍ സ്വാധീനിച്ചിട്ടുണ്ടോ.?

തീര്‍ച്ചയായും. മാധവിക്കുട്ടിയോടെന്നും വല്ലാത്തൊരാരാധനയാണ്.അവരുടെ കൃതികളിലെ സ്‌നേഹത്തിനു വേണ്ടിയുള്ള ദാഹവും അലച്ചിലും എന്നേയും ഒരുപാട് സ്വാധീനിച്ചിട്ടുണ്ട്. പലപ്പോഴും മാധവിക്കുട്ടിയായി താദാത്മ്യം പ്രാപിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. അവരുടെ കഥകള്‍ എന്നെക്കുറിച്ചാണെന്നും,അവരുടെ സങ്കടങ്ങള്‍ എന്റേതാണെന്നും തോന്നിയിട്ടുണ്ട്. അവരെ കാണാത്തതിലും സംസാരിക്കാന്‍ കഴിയാത്തതിലും ഒരുപാട് നഷ്ടബോധമുണ്ട് . ഞാന്‍ മാധവിക്കുട്ടിയെപ്പോലയാണ് എഴുതാറുള്ളതെന്ന് പലരും പറഞ്ഞിട്ടുണ്ട് .

4.ഇതുവരെ എത്ര കവിതകളെഴുതി പൂര്‍ത്തിയാക്കിയിട്ടുണ്ട്. എഴുതാന്‍ കൂടുതലായി തിരഞ്ഞെടുത്ത വിഷയം?

നൂറിലധികം കവിതകള്‍ എഴുതി .സ്‌നേഹം, പ്രണയം, കാമം എന്നീ വിഷയങ്ങളെക്കുറിച്ചാണ് എഴുതാറ്. എന്റെയുള്ളില്‍ നിറയെ സ്‌നേഹമാണ്, നിറഞ്ഞു നില്‍ക്കുന്ന വികാരം. കണ്ണീരിനും മുമ്പേ കവിത വരുന്നൊരവസ്ഥ . അത്രമാത്രം കവിതയെന്നില്‍ ജീവന്റെ തുടിപ്പായി നില്‍ക്കുന്നു.ഇനിയും തൂലികയില്‍ നിന്ന് കവിതകള്‍ പിറക്കട്ടെ, സ്‌നേഹത്തിനായി കാതോര്‍ക്കുന്നവരിലേക്ക് കൂടുതല്‍ കവിതകള്‍ വിളമ്പാന്‍ കഴിയട്ടെ ….

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close