INSIGHT

മലയാളകവിതയിൽ പൊള്ളുന്ന വരികൾ കൊണ്ട് അടയാളമിട്ട കവി; എ അയ്യപ്പൻ വിടപറഞ്ഞിട്ട് പതിനൊന്ന് വർഷം

‘കരളുപങ്കിടാൻ വയ്യെന്റെ പ്രണയമേ, പകുതിയും കൊണ്ടുപോയി ലഹരിയുടെ പക്ഷികൾ…’ പ്രശസ്തമായ ഈ വരികൾ അറിയാത്തവരായി ആരും ഉണ്ടാവില്ല. എന്നാൽ ഇതെഴുതിയ കവി ഇന്ന് ഓർമ മാത്രമാണ്. മലയാളകവിതയിൽ പൊള്ളുന്ന വരികൾ കൊണ്ട് അടയാളമിട്ട ആ കവി വിടപറഞ്ഞിട്ട് ഇന്ന് പതിനൊന്ന് വർഷം. തന്റെ ജീവിതത്തിന്റെ ഓരോ കയ്പർന്ന അനുഭവങ്ങൾ ആസ്പതമാക്കി കവിത രചിച്ച ആളാണ്
എ അയ്യപ്പൻ.

1949 ഒക്ടോബർ 27-ന് തിരുവനന്തപുരം ജില്ലയിൽ ബാലരാമപുരത്ത് ജനിച്ചു. അയ്യപ്പന് ഒരു വയസ്സുള്ളപ്പോൾ അച്ഛൻ ആത്മഹത്യ ചെയ്തു; പതിനഞ്ചാം വയസ്സിൽ അമ്മയും. തുടർന്ന് മൂത്ത സഹോദരി സുബ്ബലക്ഷ്മിയുടെയും സഹോദരീഭർത്താവ് വി. കൃഷ്ണന്റെയും സംരക്ഷണയിൽ നേമത്ത് വളർന്നു. വിദ്യാഭ്യാസം കഴിഞ്ഞ് അക്ഷരം മാസികയുടെ പ്രസാധകനും പത്രാധിപരുമായി.

വെയിൽ തിന്നുന്ന പക്ഷി, എന്റെ ശവപ്പെട്ടി ചുമക്കുന്നവരോട്, ബുദ്ധനും ആട്ടിൻകുട്ടിയും, മാളമില്ലാത്ത പാമ്പ്, ഗ്രീഷ്മവും കണ്ണീരും, കറുപ്പ്, ചിത്തരോഗാശുപത്രിയിലെ ദിവസങ്ങൾ, ബലിക്കുറിപ്പുകൾ, ചിറകുകൾ കൊണ്ടൊരു കൂട്, കൽക്കരിയുടെ നിറമുള്ളവൻ, ജയിൽമുറ്റത്തെപ്പൂക്കൾ, ഭൂമിയുടെ കാവൽക്കാരൻ, മണ്ണിൽ മഴവില്ല് വിരിയുന്നു, കാലംഘടികാരം തുടങ്ങിയവയാണ് പ്രധാനകൃതികൾ. തെറ്റിയോടുന്ന സെക്കൻഡ് സൂചി എന്ന ഓർമക്കുറിപ്പുസമാഹാരവുമുണ്ട്.

‘വെയിൽ തിന്നുന്ന പക്ഷി’ക്ക് കേരളസാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു. കനകശ്രീ പുരസ്കാരം, പണ്ഡിറ്റ് കെ.പി കറുപ്പൻ പുരസ്കാരം, അബുദാബി ശക്തി പുരസ്കാരം 2010–ല്‍ കവിതയ്ക്കുള്ള ആശാൻ പുരസ്കാരം എന്നിവയടക്കം ധാരാളം അംഗീകാരങ്ങൾ ലഭിച്ചിരുന്നു. ആശാൻ പുരസ്കാരം ഏറ്റുവാങ്ങാൻ പോകുന്നതിന്റെ രണ്ടു ദിവസം മുൻപാണ് അപ്രതീക്ഷിതമായി മരണം അദ്ദേഹത്തിനരികിലെത്തിയത്. 2010 ഒക്ടോബർ 21-നു തിരുവനന്തപുരം തമ്പാനൂരിൽ അബോധാവസ്ഥയിൽ കാണപ്പെട്ട അയ്യപ്പനെ പോലീസ് ജനറൽ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്ന് സംശയിക്കപ്പെടുന്നു. മൃതദേഹം ഒക്ടോബർ 26-ന് പൂർണ ഔദ്യോഗിക ബഹുമതികളോടെ തൈക്കാട് ശാന്തികവാടത്തിൽ സംസ്കരിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close