KERALANEWS

യുവതിയുടെ പാന്റ്സ് അകം പുറം തിരിഞ്ഞതും അഴുക്കും ചെളിയും പറ്റിയതുമായ നിലയിൽ ; ശരീരത്തിലെ പരിക്കുകളിൽ നിന്ന് മനസ്സിലാക്കിയത് ക്രൂര പീഡനത്തിന്റെ വിവരങ്ങൾ; അമ്മയ്ക്കു കൂട്ടുനിന്ന മാനസിക വെല്ലുവിളിയുള്ള 34കാരിയെ ഓട്ടോഡ്രൈവർ കൂട്ടിക്കൊണ്ടുപ്പോയത് സംസാരിച്ച് മയക്കി

തിരുവനന്തപുരം : മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലുള്ള അമ്മയ്ക്കു കൂട്ടുനിന്ന മാനസിക വെല്ലുവിളിയുള്ള 34കാരിയെ കാറിൽ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച ഓട്ടോഡ്രൈവറെ മെഡിക്കൽ കോളേജ് പൊലീസ് അറസ്റ്റ് ചെയ്‌തു. മെഡിക്കൽ കോളേജ് പരിസരത്ത് ഓട്ടോ ഓടിക്കുന്ന മംഗലപുരം ഇടവിളാകം ലക്ഷം വീട് കോളനിയിൽ സന്ദീപ് (കണ്ണൻ,​ 25) ആണ് അറസ്റ്റിലായത്. ഒരു വർഷം മുമ്പ് മെഡിക്കൽ കോളേജ് പരിസരത്തെ ആംബുലൻസ് ഡ്രൈവറായിരുന്ന ഇയാളെ സ്വഭാവദൂഷ്യത്തിന്റെ പേരിൽ പിരിച്ചുവിട്ടിരുന്നു. തുടർന്ന് വാടകയ്ക്ക് ഓട്ടോയെടുത്ത് വീണ്ടും മെഡിക്കൽ കോളേജ് പരിസരത്ത് എത്തുകയായിരുന്നു.

കഴിഞ്ഞ വ്യാഴാഴ്ച ഉച്ചതിരിഞ്ഞായിരുന്നു സംഭവം നടന്നത്. 17–ാം വാർഡിൽ നിന്നു സാധനങ്ങൾ വാങ്ങാൻ പുറത്തിറങ്ങിയ യുവതിയെ സൂപ്പർ സ്പെഷ്യൽറ്റി ബ്ലോക്കിനു മുമ്പിൽ നിന്നു കാണാതാവുകയായിരുന്നു. മണിക്കൂറുകൾക്കു ശേഷം ഇവരെ കാറിൽ ആശുപത്രി പരിസരത്ത് ഇറക്കിവിട്ടെന്നാണു കരുതുന്നത്. വസ്ത്രങ്ങൾ കീറിപ്പറിഞ്ഞിരുന്നു. സംശയം തോന്നിയ ജീവനക്കാർ ചോദിച്ചപ്പോഴാണു യുവതി പീഡനം നേരിട്ട കാര്യം അറിയിച്ചത്.

വൈകിട്ട് വാർഡിൽ തിരിച്ചെത്തിയ യുവതിയുടെ പെരുമാറ്റത്തിലും വസ്ത്ര ധാരണത്തിലും സംശയം തോന്നിയ മറ്റ് കൂട്ടിരിപ്പുകാർ ഡ്യൂട്ടി ഡോക്ടർമാരുടെ ശ്രദ്ധയിൽപ്പെടുത്തി. യുവതിയുടെ പാന്റ്സ് അകം പുറം തിരിഞ്ഞതും അഴുക്കും ചെളിയും പറ്റിയതും തിരിച്ചറിഞ്ഞതോടെ പൊലീസിനെ അറിയിച്ചു. പൊലീസ് എത്തി യുവതിയെ എസ്.എ.ടി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

തുടർന്ന് നടത്തിയ പരിശോധനയിലാണ് പീഡനം സ്ഥിരീകരിച്ചത്. സ്വകാര്യ ഭാഗങ്ങളിൽ മുറിവ് ഉണ്ടായിരുന്നതിനാൽ അടിയന്തര ശസ്ത്രക്രിയ നടത്തി. ശരീരത്തിലെ പരിക്കുകളിൽ നിന്ന് ക്രൂരമായ പീഡനം നടന്നു എന്നാണ് വിലയിരുത്തുന്നത്. നില മെച്ചപ്പെട്ടതോടെ ഡിസ്ചാർജ് ചെയ്ത ഇവരെ മഹിളാ മന്ദിരത്തിലേക്ക് മാറ്റി. പൊലീസിനോട് പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് യുവതി പറഞ്ഞത്.

യുവതിയിൽ നിന്ന് പ്രതികളെ കുറിച്ച്‌ വ്യക്തമായ സൂചന ലഭിക്കാതായതോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ കൂട്ടിരിപ്പുകാരായ സ്ത്രീകളെ വശീകരിച്ച്‌ പീഡിപ്പിക്കുന്ന സംഘത്തെ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തിയത്. പ്രതിയുടെ ഫോട്ടോ യുവതി തിരിച്ചറിഞ്ഞതോടെയാണ് സന്ദീപിനെ കസ്റ്റഡിയിലെടുത്തത്. യുവതിയെ പറഞ്ഞ് മയക്കി കാറിൽ മെഡിക്കൽ കോളേജ് ഗ്രൗണ്ടിന് സമീപം ആളൊഴിഞ്ഞ കുറ്റിക്കാട്ടിൽ എത്തിച്ച്‌ പീഡിപ്പിച്ചെന്ന് പ്രതി സമ്മതിച്ചു.2015 ൽ കൊട്ടാരക്കര പൊലീസ് സ്റ്റേഷനിൽ ഇയാൾക്കെതിരെ എടുത്ത പോക്‌സോ കേസ് നിലവിലുണ്ട്. കോടതി ഇയാളെ റിമാൻഡ് ചെയ്തു. സംഭവത്തിൽ കൂടുതൽ പ്രതികൾ ഉണ്ടോയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. ഡിസിപി വൈഭവ് സക്സേനയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമായിരുന്നു ആശുപത്രിയിലെത്തി യുവതിയുടെ മൊഴിയെടുത്ത ശേഷം കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close