
വയനാട്: കേരളത്തിലേക്ക് കഞ്ചാവ് എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണി ഗുണ്ടാത്തലവൻ സീസിംഗ് ജോസ് പോലീസ് പിടിയിൽ. വയനാട് ജില്ലാ പൊലീസ് മേധാവിയുടെ പ്രത്യേക സ്ക്വാഡാണ് ആന്ധ്രാ പ്രദേശിൽ നിന്ന് ഇയാളെ കസ്റ്റഡിയിലെടുത്തത്. കൊലപാതകം ഉൾപ്പടെ ഇരുപതോളം കേസുകളിലെ പ്രതിയാണ് ജോസ്. ആന്ധ്രയിലെ കാക്കിനഡയിലെ ലോഡ്ജിൽ നിന്നാണ് സീസിംഗ് ജോസിനെ പിടികൂടിയത്.
ആന്ധ്ര പ്രദേശ് പോലീസിൻറെ സഹായത്തോടെയാണ് വയനാട് ജില്ലാ പോലീസ് മേധാവിയുടെ പ്രത്യേക സ്ക്വാഡ് സാഹസികമായി സംഘത്തെ പിടികൂടിയത്. സീസിംഗ് ജോസിന്റെ കൂടെ ഉണ്ടായിരുന്ന കാർത്തിക് മോഹൻ, ഷൗക്കത്ത് എന്നിവരെയും കസ്റ്റഡിയിലെടുത്തു. ബത്തേരി കൊളഗപ്പാറയിലെ വീട്ടിൽ നിന്ന് 102 കിലോ കഞ്ചാവ് പിടികൂടിയ സംഭവത്തിൽ നടത്തിയ അന്വേഷണമാണ് ജോസിലെക്കി പോലീസിനെ എത്തിച്ചത്. കേരളത്തിലേക്ക് കഞ്ചാവെത്തിക്കുന്ന സംഘത്തിലെ പ്രധാനിയാണ് പിടിയിലായ ജോസെന്ന് പോലീസ് വ്യക്തമാക്കി.
ജോസും സംഘവും കഞ്ചാവ് കടത്തിന് ഉപയോഗിച്ചിരുന്ന രഹസ്യ അറകളുള്ള വാനും പോലീസ് കസ്റ്റഡിയിലെടുത്തു. നേരത്തെ ഓട്ടോ ഡ്രൈവറായിരുന്ന പുൽപ്പാറ ജോസ് അടവു തെറ്റുന്ന വണ്ടികൾ പിടിച്ചെടുക്കുന്ന ക്വട്ടേഷനുകൾ ഏറ്റെടുത്തതോടെയാണ് സീസിംഗ് ജോസെന്ന പേര് വീണത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ഗ്രൂപ്പിൽ അംഗമാകുക..
https://chat.whatsapp.com/EL3rtE8pC5eBn31SSpe3zj
ഫേസ്ബുക്കിൽ പിന്തുടരുന്നതിന് പേജ് ലൈക്ക് ചെയ്യുക..