ന്യൂ ഡൽഹി : ഫ്രാൻസിസ് മാർപ്പാപ്പയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിൽ ഈ മാസം 30ന് കൂടിക്കാഴ്ച നടത്തും. കൂടിക്കാഴ്ചയെപ്പറ്റി ഔദ്യോഗികമായ അറിയിപ്പ് ലഭിച്ചതായി കെ.സി.ബി.സി. അറിയിച്ചു. മോദിയുടെ റോം സന്ദർശനത്തിനിടെയാണ് കൂടിക്കാഴ്ച നടക്കുക.
ജി-20 ഉച്ചകോടിയുടെ ഭാഗമായി ഈ ആഴ്ച അവസാനം പ്രധാനമന്ത്രി നരേന്ദ്രമോദി റോമിലേക്ക് തിരിക്കും. ഈ മാസം 30, 31 തീയതികളിലാണ് ജി-20 ഉച്ചകോടി. ഇതിൻ്റെ മുന്നോടി ആയാണ് മാർപ്പാപ്പയുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തുക. രണ്ട് പതിറ്റാണ്ടിനു ശേഷമാണ് ഇന്ത്യൻ പ്രധാനമന്ത്രിയും വത്തിക്കാൻ തലവനും ആഗോള കത്തോലിക്ക സഭയുടെ തലവനുമായ മാർപാപ്പയുമായി കൂടിക്കാഴ്ച നടക്കുന്നത്. മുമ്പ് ഫ്രാൻസിസ് മാർപ്പാപ്പ ഇന്ത്യ സന്ദർശിക്കണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. എന്നാൽ അന്ന് ഇന്ത്യ അതിന് അനുമതി നൽകിയിരുന്നില്ല.
റോമിൽ നടക്കുന്ന ദ്വിദിന ജി-20 ഉച്ചകോടിക്ക് ശേഷം, കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന പ്രശ്‌നങ്ങളും വെല്ലുവിളികളും പരിഹരിക്കുന്നതിനായി സിഒപി 26 ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി മോദി സ്കോട്ട്‌ലൻഡിലെ ഗ്ലാസ്‌ഗോയിലേക്ക് പറക്കും. കാലാവസ്ഥാ വ്യതിയാന ഉച്ചകോടിയുടെ ഭാഗമായി സ്‌കോട്ട്‌ലൻഡ് സന്ദർശനത്തിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണുമായി പ്രധാനമന്ത്രി മോദി സുപ്രധാന പരിപാടികളിൽ പങ്കെടുക്കുമെന്നാണ് റിപ്പോർട്ട്.