Breaking NewsNEWSTop NewsWORLD
രാജിവച്ചൊഴിയുമെന്ന അഭ്യൂഹങ്ങൾ തള്ളി ഫ്രാൻസിസ് മാർപാപ്പ

റോം: രാജിവച്ചൊഴിയുമെന്ന അഭ്യൂഹങ്ങൾ തള്ളി ഫ്രാൻസിസ് മാർപാപ്പ. ഇപ്പോഴെന്തായാലും രാജിക്കാര്യത്തെ കുറിച്ച് ചിന്തിച്ചിട്ടില്ലെന്നായിരുന്നു പോപ്പിന്റെ പ്രതികരണം. ഈ മാസാവസാനം കാനഡ സന്ദർശനത്തിനുശേഷം യുക്രെയ്നും റഷ്യയും സന്ദർശിക്കണമെന്ന് ആഗ്രഹിക്കുന്നതായും മാർപാപ്പ റോയിട്ടേഴ്സിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
രാജിക്കാര്യം ഇതുവരെ മനസ്സിൽ വന്നിട്ടില്ല. എന്നാൽ, ബനഡിക്ട് പതിനാറാമൻ മാർപാപ്പ 2013 ൽ രാജിവച്ചതുപോലെ ഒരു ദിവസം താനും സ്ഥാനമൊഴിയുമെന്ന് ഫ്രാൻസിസ് മാർപാപ്പ പറഞ്ഞു. കഠിനമായ കാൽമുട്ടു വേദന മൂലം ചികിത്സയിൽ കഴിയുന്ന മാർപാപ്പ ഈയാഴ്ചത്തെ കോംഗോ, ദക്ഷിണ സുഡാൻ സന്ദർശനം റദ്ദാക്കിയിരുന്നു. ചികിത്സ ഫലപ്രദമാണെന്നും വൈകാതെ സുഖമാകുമെന്ന് പ്രതീക്ഷിക്കുന്നതായും മാർപാപ്പ പറഞ്ഞു.