
കൊച്ചി: നിക്ഷേപത്തട്ടിപ്പു കേസിലെ പ്രതികളും പോപ്പുലർ ഫിനാൻസ് ഉടമകളുമായ തോമസ് ഡാനിയേലിനെയും റിനു മറിയം തോമസിനെയും ആറ് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ഈ മാസം 24 വരെ റിമാന്‍ഡ്. വിദേശത്ത് കമ്പനി രജിസ്റ്റര്‍ ചെയ്തതായി പ്രതികള്‍ ഇ.ഡി.യോട് വെളിപ്പെടുത്തി.
2003 മുതല്‍ തോമസ് ഡാനിയല്‍ ഓസ്ട്രേലിയന്‍ കമ്പനിയുടെ ഡയറക്ടറാണ്. പാവപ്പെട്ടവരുടെ നിക്ഷേപത്തുക തട്ടിയെടുത്ത് പ്രതികള്‍ ഭൂമിയും സ്വത്തുക്കളും വാങ്ങിക്കൂട്ടിയെന്നും കോടതിയില്‍ സമര്‍പ്പിച്ച കസ്റ്റഡി അപേക്ഷയില്‍ ഇഡി വ്യക്തമാക്കുന്നു. പ്രതികള്‍ക്ക് വിേദശത്ത് വന്‍തോതില്‍ നിക്ഷേപമുണ്ടെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കോടതിയില്‍ വ്യക്തമാക്കി.
പോപ്പുലര്‍ ഫിനാന്‍സ് ഉടമകളായ തോമസ് ഡാനിയലിനെയും റിനു മറിയത്തെയും ആറ് ദിവസം കൂടി കസ്റ്റഡിയില്‍ േവണമെന്ന ഇഡി അപേക്ഷയിലാണ് പ്രതികളുടെ വിദേശ നിക്ഷേപം വ്യക്തമാക്കിയിരിക്കുന്നത്. 2003 മുതല്‍ ഓസ്ട്രേലിയന്‍ കംപനിയായ പോപ്പുലര്‍ ഗ്രൂപ്പ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഡയറക്ടറാണ് തോമസ് ഡാനിയല്‍.
ആദ്യഘട്ടം ചോദ്യം ചെയ്യലില്‍ ഓസ്ട്രേലിയയിലെ കമ്പനിയെ കുറിച്ച് തനിക്ക് അറിയില്ലെന്നും താനല്ല അതിന്റെ ഡയറക്ടര്‍ എന്നുമായിരുന്നു തോമസ് ഡാനിയലിന്റെ ഉത്തരം. കസ്റ്റഡിയിെലടുത്ത് ചോദ്യം ചെയ്തപ്പോഴാണ് സത്യം പുറത്തുവന്നത്. എന്നാല്‍ കമ്പനിയില്‍ എത്ര തുക നിക്ഷേപിച്ചിട്ടുണ്ട് എന്ന ചോദ്യത്തിലടക്കം ഡാനിയല്‍ ഒളിച്ചുകളി തുടരുകയാണ്.
കംപ്യൂട്ടർ ഹാർഡ് ഡിസ്കുകൾ ഉൾപ്പടെയുള്ളവ പിടിച്ചെടുത്തു. കേസിൽ സംസ്ഥാന വ്യാപകമായി ഇവരുടെ ഓഫിസുകളിൽ റെയ്ഡ് നടത്താനാണ് സിബിഐ തീരുമാനം. ഇവരുടെ ഇടപ്പള്ളിയിലുള്ള ശാഖയിൽ മാത്രം 6 കോടി രൂപയുടെ തട്ടിപ്പു നടന്നിട്ടുണ്ടെന്നാണ് വിവരം. 67 പരാതികള്‍ ഇടപ്പള്ളി ബ്രാഞ്ചില്‍ മാത്രം ലഭിച്ചിരുന്നു.
ഉടമ തോമസ് ഡാനിയേലിന്റെയും കുടുംബാംഗങ്ങളുടെയും നേതൃത്വത്തിൽ ഇവരുടെ ആസ്ഥാനമായ കോന്നി, വകയാർ എന്നിവിടങ്ങൾ മാത്രം കേന്ദ്രീകരിച്ച് 600 കോടി രൂപയിലേറെ തുകയുടെ തട്ടിപ്പു നടന്നിട്ടുണ്ടെന്നു പൊലീസ് കണ്ടെത്തിയിരുന്നു. ആകെ 1,600 കോടിയുടെ സാമ്പത്തിക തട്ടിപ്പാണ് പ്രതികൾ നടത്തിയതെന്നാണ് ആരോപണം. ഈ പണം ഓസ്ട്രേലിയ ഉൾപ്പെടെ പല വിദേശ രാജ്യങ്ങളിലേക്കും കടത്തിയതായും വ്യക്തമായി. റിസർവ് ബാങ്കിന്റെ വിലക്കുണ്ടായിട്ടും അതിനെ മറികടന്നായിരുന്നു ഇവർ നിക്ഷേപം സ്വീകരിക്കുകയും പണം തട്ടിയെടുത്തതുമെന്ന് അന്വേഷണ സംഘം പറയുന്നു.