INDIANEWSTop News

നീലച്ചിത്ര നിര്‍മ്മാണക്കേസ്; രാജ് കുന്ദ്രയ്ക്ക് ജാമ്യം

മുംബൈ: നീലച്ചിത്ര നിര്‍മ്മാണക്കേസില്‍ രാജ് കുന്ദ്രയ്ക്ക് മുംബൈ കോടതി ജാമ്യം അനുവദിച്ചു. കേസില്‍ പോലീസ് നാലുപേര്‍ക്കെതിരെ അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ചതിന് പിന്നാലെയാണ് രാജ് കുന്ദ്രയ്ക്ക് ജാമ്യം ലഭിച്ചത്. ബോളിവുഡ് നടി ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവാണ് രാജ് കുന്ദ്ര. പോലീസ് കുറ്റപത്രത്തില്‍ തനിക്കെതിരെ തെളിവുകളൊന്നും ഇല്ലെന്നും ജാമ്യം അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ശനിയാഴ്ച കുന്ദ്ര കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നു.

ഇത് പരിഗണിച്ച് 50,000 രൂപ ഈടിലാണ് കുന്ദ്രയ്ക്ക് ജാമ്യം അനുവദിച്ചത്. ഹോട്ട് ഷോട്ട് എന്ന ആപ്പ് വഴി നീല ചിത്രങ്ങള്‍ വില്‍ക്കുന്നു എന്ന കേസില്‍ കഴിഞ്ഞ ജൂലൈയിൽ രാജ് കുന്ദ്രയെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തത്. നേരത്തെയും ജാമ്യത്തിന് വേണ്ടി കുന്ദ്ര ശ്രമിച്ചെങ്കിലും കോടതി അനുവദിച്ചില്ല. പോലീസും ജാമ്യത്തെ എതിര്‍ത്തു. അശ്ലീല ചിത്ര നിര്‍മ്മാണവുമായി ബന്ധപ്പെട്ട് നടി ഗഹന വസിഷ്ഠ അടക്കം എട്ടുപേര്‍ക്കെതിരെ മുംബൈ ക്രൈംബ്രാഞ്ച് കുറ്റപത്രം നല്‍കിയിട്ടുണ്ട്.

വഞ്ചന, പൊതുസ്ഥലങ്ങളിൽ അശ്ലീല പ്രവർത്തിയിൽ ഏർപ്പെടുക, അശ്ലീല പുസ്തകങ്ങളോ സാഹിത്യങ്ങളോ പരസ്യമായി പ്രദർശിപ്പിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുക മുതലായ വകുപ്പുകൾ പ്രകാരവും ഇൻഫർമേഷൻ ടെക്നോളജി ആക്റ്റ് പ്രകാരവുമായിരുന്നു കേസ്. രാജ് കുന്ദ്രയ്‌ക്കും കൂട്ടാളികൾക്കുമെതിരെ നടിയും മോഡലുമായ പൂനം പാണ്ഡെയാണ് ബോംബെ ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്തത്. അവർ തമ്മിലുള്ള കരാർ അവസാനിപ്പിച്ചിട്ടും കുന്ദ്രയും കൂട്ടാളികളും നിയമവിരുദ്ധമായി തന്റെ ഉള്ളടക്കം ഉപയോഗിക്കുന്നുണ്ടെന്ന് ചൂണ്ടികാണിച്ചായിരുന്നു കേസ്. എന്നാൽ കുന്ദ്ര ഇത് നിഷേധിച്ചിരുന്നു.

രാജ് കുന്ദ്രയുടെ ഉടമസ്ഥതയിലുള്ള ആംസ് പ്രൈം കമ്പനി നിർമ്മിച്ച മൊബൈൽ ആപ് വഴിയാണ് വരിസംഖ്യ ഈടാക്കി വിഡിയോകൾ പ്രദർശിപ്പിച്ചിരുന്നത്. ഈ ആപ് പിന്നീട്, കുന്ദ്രയുടെ ബന്ധുവിന്റെ കെന്റിൻ എന്ന സ്ഥാപനത്തിന് വിറ്റെന്നാണ് നേരത്തേ അറസ്റ്റിലായ ഉമേഷ് കാമത്തിന്റെ മൊഴി.

ലണ്ടനിൽ ജനിച്ചുവളർന്ന രാജ് കുന്ദ്ര 18-ാം വയസ്സ് മുതൽ ദുബായിലാണു താമസം. പിന്നീട് നേപ്പാളിലെത്തി ആഡംബര ഷാളുകളുടെ കയറ്റുമതി ആരംഭിച്ചു. വില കൂടിയ ലോഹങ്ങളുടെ ബിസിനസ്, കെട്ടിടനിർമ്മാണം, ഖനനം തുടങ്ങി പല മേഖലകളിലേക്കു പ്രവർത്തനം വ്യാപിച്ച കുന്ദ്ര സിനിമാ നിർമ്മാണത്തിനുള്ള ഫിനാൻസിങ്ങും തുടങ്ങി. സ്പോർട്സ്, റസ്റ്ററന്റ് മേഖലകളിലും നിക്ഷേപമുണ്ട്.

മുൻപും വിവാദങ്ങളിൽ പെട്ടിട്ടുള്ള കുന്ദ്ര പലപ്പോഴും വിമർശനത്തിനും പാത്രമായിട്ടുണ്ട്. ഐപിഎലിൽ രാജസ്ഥാൻ റോയൽസ് ഉടമകളായിരുന്ന ശിൽപയും കുന്ദ്രയും വാതുവയ്പ്പ് വിവാദത്തിൽ പെട്ട് ടീമോടെ പുറത്താവുകയായിരുന്നു. അധോലോകഭീകരനായ ദാവൂദ് ഇബ്രാഹിം ഉൾപ്പെട്ട ഒരു റിയൽ എസ്റ്റേറ്റ് കേസിലും കുന്ദ്ര ഭാഗമായിരുന്നു. ആദ്യഭാര്യ കവിതയുമായി പിരിഞ്ഞ ശേഷം 2009ലാണു ശിൽപയെ വിവാഹം ചെയ്തത്. ശില്പക്കും കുന്ദ്രയ്ക്കും എതിരെ പലപ്പോഴും കവിത രംഗത്തെത്തിയിട്ടുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close