
തലശ്ശേരി: സംസ്ഥാനത്ത് പോക്സോ കേസുകൾ വർദ്ധിക്കുന്നതായി വനിത കമ്മീഷൻ ചെയർപേഴ്സൺ അഡ്വ പി സതീദേവി. തലശേരിയിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു സതീദേവി. ഏറ്റവും കൂടുതൽ പീഡനം നടക്കുന്നത് വീടുകളിലാണെന്നും ഈ സാഹചര്യം മാറണമെന്നും സതീദേവി കൂട്ടിച്ചേർത്തു. കതിരൂർ സർവ്വീസ് സഹകരണ ബാങ്കിന്റെ സഹകരണത്തോടെ എരഞ്ഞോളി പഞ്ചായത്തിൽ വനിതകൾക്കായി ആരംഭിച്ച സൈക്കിൾ പരിശീലനം ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു വനിതാകമ്മിഷൻ ചെയർപേഴ്സൺ.
വീടുകളിൽ ആൺകുട്ടികളേയും പെൺകുട്ടികളേയും തുല്യരായല്ല വീക്ഷിക്കുന്നത്. വീട്ടിനുള്ളിൽ പെൺകുട്ടികൾ ചൂക്ഷണത്തിന് ഇരയാകുന്നുണ്ട്. ഇത് ആത്മപരിശോധന നടത്തണം. സമഭാവനയോടു കൂടി കുട്ടികളെ വളർത്തണം. സർവ്വം സഹിക്കുന്നവളായി സ്ത്രീകളെ മാറ്റാനുള്ള ശ്രമം അവസാനിപ്പിക്കണം. പെൺകുട്ടികളെ ഉയർത്തി കൊണ്ടുവരുന്നതിന് വിവിധ പരിപാടികൾ സംഘടിപ്പിക്കണം. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ നല്ല ഇടപെടൽ നടത്തണമെന്ന് സതീദേവി പറഞ്ഞു.
കതിരൂർ സഹകരണ ബാങ്കിന്റെ സഹകരണത്തോടെയാണ് എരഞ്ഞോളി സൈക്കിൾ ക്ലബ്ബിന്റെ നേതൃത്വത്തിൽ വനിതകൾക്കായി സൈക്കിൾ പരിശീലനം ആരംഭിച്ചത്.തലശേരി എഞ്ചിനിയറിങ് കോളേജിൽ നടന്ന പരിശീലന പരിപാടിയിൽ എം പി ശ്രീഷ അധ്യക്ഷയായി. ശ്രീജിത്ത് ചോയൻ, പ്രൊഫസർ വി ഐ ബീന, പി ബിജു, രാജക്കുറുപ്പ്, മിസ്രിയ, ആർ സി സംഗീത , പി എം ഹേമലത തുടങ്ങിയവർ സംബന്ധിച്ചു.