KERALANEWS

‘യുവതികൾ മതം മാറുന്നതിലുള്ള സഭയുടെ ആശങ്ക മനസ്സിലാക്കാവുന്നതേ ഉള്ളു’; ‘സമുദായങ്ങൾക്കിടയിൽ വിള്ളലുണ്ടാക്കാനും ഇസ്ലാമോഫോബിയ ഇളക്കിവിടാനുമുള്ള ബിജെപിയുടെ ശ്രമം’; നാർക്കോട്ടിക് ജിഹാദ് പരാമർശത്തിൽ പ്രതികരണവുമായി പ്രകാശ് കാരാട്ട്

പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ടിൽ നടത്തിയ നാർക്കോട്ടിക് ജിഹാദ് പരാമർശം കേരളമാകെ ചർച്ചയായി കൊണ്ടിരിക്കുകയാണ്. വൻ വിവാദമായി തീർന്ന ബിഷപ്പിന്റെ പ്രസ്താവനയിൽ പ്രതികരണവുമായി പലരും രംഗത്തെത്തിയിരുന്നു. ബിഷപ്പിനെ അനുകൂലിച്ചും പ്രതികൂലിച്ചും രാഷ്ട്രീയ പാർട്ടികളും നിരവധി പ്രമുഖരും കടന്നുവന്നു. രാഷ്ട്രീയ താല്പര്യത്തിന്റെ പേരിലും മറ്റ് മുതലെടുപ്പുകൾക്കായും വിഷയത്തെ ഉപയോഗിക്കുന്നെന്ന വിമർശനങ്ങളും ഉണ്ടായി.

ഇത്തരത്തിൽ വിവാദം കെട്ടടങ്ങാത്ത വിഷയത്തിൽ പ്രതികരിച്ചിരിക്കുകയാണ് സിപിഐഎം പൊളിറ്റ് ബ്യൂറോ അം​ഗം പ്രകാശ് കാരാട്ട്. പാർട്ടി മുഖപത്രമായ ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിലാണ് അദ്ദേഹം അഭിപ്രായം പറഞ്ഞിരിക്കുന്നത്. യുവതികൾ മതം മാറി തീവ്രവാദ ചിന്തയിലേക്ക് പോകുന്നതിൽ സഭയുടെ ആശങ്ക മനസ്സിലാക്കാവുന്നതേയുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു. ബിജെപി ഈ പ്രസ്താവനയെ ഒരു അവസരമായി ഉപയോഗിച്ചുവെന്നും ക്രൈസ്തവ വിഭാഗത്തിലെ പുരോഹിതരെ തന്ത്രപരമായി ബിജെപി വശത്താക്കാൻ നോക്കുന്നുണ്ടെന്നും പ്രകാശ് കാരാട്ട് പറയുന്നു. അതേസമയം ക്രൈസ്തവ വിഭാഗങ്ങൾക്കിടയിലും ഒരു പരിധി വരെ തീവ്രവാദ ചിന്തകൾ ഉടലെടുത്തിട്ടുണ്ടെന്നും കാരാട്ട് അഭിപ്രായപ്പെട്ടു.

മൂന്ന് മതങ്ങളും സമൂഹത്തിൽ ഇഴചേർന്ന് പരസ്പരം യോജിച്ച് നിൽക്കുന്ന കേരളത്തിന്റെ സാമൂഹ്യ ഘടനയിൽ വിള്ളലുണ്ടാക്കാനും ഹിന്ദുത്വമുന്നേറ്റമുണ്ടാക്കാനും ബിജെപിയും ആർഎസ്എസും സമീപകാലത്തായി ശ്രമിക്കുന്നുണ്ട്. ഈ സമയത്താണ് ബിഷപ്പ് നാർക്കോട്ടിക് ജിഹാദ് പ്രസ്താവന നടത്തിയത്. ജിഹാദികൾ അമുസ്ലിങ്ങളെ നശിപ്പിക്കാൻ മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ടെന്നാണ് ബിഷപ് പറഞ്ഞത്. ഈ ആരോപണം സ്വാഭാവികമായും കേരളസമൂഹത്തിൽ ആശങ്കയും സംശയവും ഉളവാക്കിയെന്നും ലേഖനത്തിൽ പറയുന്നു.

ഈ വിഷയം മുസ്ലിം, ക്രിസ്ത്യൻ സമുദായങ്ങൾക്കിടയിൽ വിള്ളൽ വീഴ്‌ത്താനും ഇസ്ലാമോഫോബിയ ഇളക്കിവിടാനും ബിജെപി നല്ല അവസരമാക്കി മാറ്റി. വർഷങ്ങൾക്ക് മുൻപ് കേരളത്തിൽ വൻ അസ്വസ്ഥത സൃഷ്ടിച്ച വിവാദമായിരുന്നു ലൗ ജിഹാദ്. അതിലൂടെ 21 പേർ കുടുംബം ഉപേക്ഷിച്ച് തീവ്രാവാദത്തിലേക്ക് കടന്നു. ഈ സംഭവത്തിന്റെ പശ്ചാത്തലത്തിൽ യുവതികൾ മതം മാറി തീവ്രവാദ സ്വാധീനത്തിൽ പെട്ടതിനെ സംബന്ധിച്ച് സഭയുടെ ആശങ്ക മനസ്സിലാക്കാവുന്നതേ ഉള്ളു. ഇത്തരം സ്വാധീനങ്ങൾക്ക് ഇരയാകുന്നതിനെതിരെ അവരുടെ സഭയ്‌ക്ക്‌ മുന്നറിയിപ്പുനൽകുന്നത് അവരുടെ ഭാഗത്തുനിന്നും ശരിയായിരിക്കും. എന്നാലും അവ ഒറ്റപ്പെട്ട സംഭവങ്ങളായിരുന്നെന്നും ലൗ ജിഹാദ് പോലെയുള്ള സംഘടിത ശ്രമങ്ങൾ നടക്കുന്നതായി സംസ്ഥാന പൊലീസിന്റെയും എൻഐഎയുടെയും അന്വേഷണത്തിൽ കണ്ടെത്തിയിട്ടില്ല.

അതേമയം ലൗ ജിഹാദിന്റെ മറ്റൊരു വശത്തെക്കുറിച്ചും കാരാട്ട് പറയുന്നു. സ്ത്രീകളുടെ കാഴ്ചപ്പാടുകളും തെരഞ്ഞെടുപ്പുകളും നിഷേധിക്കുകയും
സ്ത്രീകളുടെ ഉടമസ്ഥർ തങ്ങളാണെന്ന നേതാക്കളുടെ സമീപനവും വ്യക്തമാകുന്നുണ്ടെന്നും കാരാട്ട് പറയുന്നു. ലൗ ജിഹാദിനെ കുറിച്ച് പരാമർശിക്കുമ്പോഴെല്ലാം വിവിധ-ജാതി മത നേതാക്കൾ “ഞങ്ങളുടെ സ്ത്രീകൾ’, “ഞങ്ങളുടെ പെൺകുട്ടികൾ” എന്നിങ്ങനെയാണ് സംസാരിക്കുന്നത്. ഇത് അവരുടെ ഗോത്രാധിപത്യം വെളിവാക്കുന്നുണ്ടെന്നും അദ്ദേഹം പറയുന്നു.

ഹിന്ദുത്വ ശക്തികൾ മത ന്യൂനപക്ഷങ്ങൾക്കെതിരെ നിരന്തരം പ്രചാരണം നടത്തുന്നുണ്ട്. തന്ത്രപരമായി ക്രിസ്ത്യൻ പുരോഹിതന്മാരെ വശത്താക്കാൻ ബിജെപി ശ്രമിക്കുന്നുണ്ടെന്നും കത്തോലിക്കാ സഭ ബിജെപി-യുടെയും ആർഎസ്എസിന്റെയും യഥാർഥ സ്വഭാവം മനസ്സിലാക്കണമെന്നും അദ്ദേഹം പറയുന്നു. കേരളത്തിൽ ക്രിസ്‌തീയ വിഭാഗത്തിനെതിരെ വിദ്വേഷ കുറ്റ കൃത്യങ്ങൾ വർധിക്കുന്നുണ്ടെന്നും വർഗീയ ചേരിതിരിവ് നടത്താൻ ബിജെപിയും ആർഎസ്എസും ശ്രമിക്കുന്നു. മലബാർ കലാപത്തെ വികലമാക്കാൻ ശ്രമിക്കുന്ന ബിജെപി കലാപം ഹിന്ദു വിരുദ്ധം മാത്രമല്ല ക്രിസ്ത്യൻ വിരുദ്ധമാണെന്ന് കൂടി വരുത്തി തീർക്കാൻ ശ്രമിക്കുന്നു.

അതേസമയം ക്രൈസ്തവർക്കിടയിലും തീവ്രവാദ കാഴ്ചപ്പാടുകൾ ഉയർന്നു വന്നിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു. ക്രൈസ്തവർക്കിടയിൽ ചെറിയൊരു പരിധിവരെ തീവ്രവാദ കാഴ്ചപ്പാടുകൾ ഉയർന്നുവന്നിട്ടുണ്ട്. സാമൂഹ്യ, സാമ്പത്തിക പ്രശ്നങ്ങളിൽനിന്ന് ഉയർന്നുവരുന്ന മതബോധവും വർധിച്ചുവരുന്ന അരക്ഷിതാവസ്ഥയും ഇതിന്‌ ഒരു കാരണമാണ്‌. ഇത്തരമൊരു സാഹചര്യത്തിൽ മതനിരപേക്ഷ ഘടനയെ ഇല്ലാതാക്കാനും മതങ്ങൾ തമ്മിലുള്ള സംഘർഷങ്ങൾ വർധിപ്പിക്കാനും നിരന്തരമായ ശ്രമങ്ങൾ നടക്കുന്നുണ്ട്‌. എന്നാൽ ഇത്തരം ഭിന്നിപ്പുകളെയും വർഗ്ഗീയ ശക്തികളെയും തടയാൻ എല്ലാവരും മുന്നോട്ട് വരണമെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close