Breaking NewsKERALANEWSTop News

കോൺ​ഗ്രസിന് ഊർജ്ജമേകാൻ പ്രശാന്ത് കിഷോറിന്റെ തന്ത്രങ്ങൾ ഇങ്ങനെ

ന്യൂഡൽഹി: ഒടുവിൽ നെഹ്റു കുടുംബവും പ്രശാന്ത് കിഷോറിന്റെ തണലിൽ വളരാൻ തയ്യാറെടുക്കുന്നു. രാജ്യത്ത് അധികാരം പിടിക്കാൻ കോൺ​ഗ്രസ് പാർട്ടിയുടെ കരുത്തും നെഹ്റു കുടുംബത്തിന്റെ മേൽവിലാസവും കൊണ്ട് സാധിക്കില്ലെന്ന തിരിച്ചറിവിലാണ് പ്രിയങ്കാ ​ഗാന്ധിയും രാഹുൽ ​ഗാന്ധിയും നേരിട്ട് പ്രശാന്ത് കിഷോറുമായി ചർച്ച നടത്തിയത്. ദേശീയ തലത്തിൽ കോൺ​ഗ്രസിനെ ശക്തിപ്പെടുത്താൻ പ്രശാന്ത് കിഷോറിന് എന്ത് ചെയ്യാൻ സാധിക്കും എന്നതായിരുന്നു മൂവരും ഉയർത്തിയ പ്രധാന ചോദ്യം. വെറുമൊരു ഉപദേശകന്റെ റോളിൽ പുറത്ത് നിന്ന് പറയാൻ താത്പര്യമില്ലെന്നും നിർണായകമായ ഒരു പാർട്ടി പദവിയിലിരുന്ന് സംഘടനയെ ചലിപ്പിക്കാൻ അവസരം കിട്ടിയാൽ കോൺ​ഗ്രസിനെ ഇന്ത്യയുടെ അധികാരം ഏൽപ്പിക്കാം എന്നുമായിരുന്നു പ്രശാന്തിന്റെ നിലപാട്. ​നെഹ്റു കുടുംബം ഇതിനോട് അനുഭാവ പൂർവം പ്രതികരിച്ചതോടെ പ്രശാന്ത് കിഷോർ ഉടൻ തന്നെ കോൺ​ഗ്രസിന്റെ ഭാ​ഗമാകും.

ബിജെപിയുടെ പടയോട്ടം തടയാൻ പ്രശാന്ത് കിഷോറിനെക്കാൾ മികച്ച മറ്റൊരായുധം ഇല്ലെന്ന തിരിച്ചറിവ് കോൺ​ഗ്രസിനുമുണ്ട്. മോദിയെ ഇന്നുകാണുന്ന മോദിയായി പരുവപ്പെടുത്തിയ പ്രശാന്ത് കിഷോർ കോൺ​ഗ്രസിന്റെ ഭാ​ഗമാകുന്നതോടെ സംഘടനാ തലത്തിൽ വൻ അഴിച്ചുപണിക്ക് സാധ്യതയുണ്ടെന്നും രാഷ്ട്രീയ നീരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. മോദിക്കെതിരെ പ്രതിപക്ഷ ഐക്യനിര കെട്ടിപ്പടുക്കാൻ കോൺ​ഗ്രസ് തയ്യാറാകണം എന്ന നിലപാടിലാണ് പ്രശാന്ത് കിഷോർ.

അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിയെ തന്നെ പാർട്ടിയുടെ മുഖമായി ഉയർത്തിക്കാട്ടാനാണ് കോൺ​ഗ്രസ് തീരുമാനം. ഇതിന്റെ ഭാ​ഗമായി സംഘടനാതലത്തിൽ വൻ അഴിച്ചുപണി നടത്താനും കോൺഗ്രസ് തീരുമാനിച്ചു. പ്രശാന്ത് കിഷോറിന്റെ നിർദ്ദേശ പ്രകാരമാണ് ഇത്. പ്രശാന്തിന്റെ സേവനം കോൺഗ്രസ് എല്ലാ അർത്ഥത്തിലും ഉപയോഗിച്ചുള്ള മാറ്റമാണ് ആലോചിക്കുന്നത്. പിഴയ്ക്കാത്ത തന്ത്രങ്ങൾ ഇതിനായി ഒരുക്കും. പ്രശാന്ത് കിഷോർ ദിവസങ്ങൾക്കുള്ളിൽ കോൺഗ്രസ് മുഖമായി മാറുകയും ചെയ്യും. നിലവിലെ ദേശീയ രാഷ്ട്രീയക്കളത്തിൽ തിരഞ്ഞെടുപ്പ് ജയിക്കാൻ പാർട്ടിക്കു മുഖ്യമായും വേണ്ടത് ‘മാസ് ലീഡർ’ ഇമേജ് ഉള്ള നേതാവാണെന്നാണു പ്രശാന്തിന്റെ വാദം.

രാഹുലിനെ മുന്നിൽ നിർത്തിയുള്ള പോരാട്ടത്തിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചതായി പാർട്ടി വൃത്തങ്ങളും വിശദീകരിച്ചിട്ടുണ്ട്. 2024 ലെ തിരഞ്ഞെടുപ്പു ലക്ഷ്യമിട്ടുള്ള ഒരുക്കങ്ങളിൽ പ്രിയങ്ക ഗാന്ധിയും സജീവ പങ്കു വഹിക്കും. തിരഞ്ഞെടുപ്പിനെ നേരിടാൻ ദീർഘവീക്ഷണമുള്ള കർമപദ്ധതി അനിവാര്യമാണെന്നു വിലയിരുത്തിയാണ്, ആ നിലയ്ക്കുള്ള പ്രവർത്തനങ്ങൾക്കും കൂടിയാലോചനകൾക്കും കോൺഗ്രസ് തുടക്കമിട്ടത്.

വിശാല പ്രതിപക്ഷ ഐക്യവും

മമത, ശരദ് പവാർ ഉൾപ്പെടെയുള്ള കരുത്തർ അണിനിരക്കുന്ന പ്രതിപക്ഷ നിരയിൽ രാഹുലിന്റെ സ്വീകാര്യതയും വർധിപ്പിക്കുക എന്നതാണ് പ്രശാന്ത്കിഷോറിന് മുന്നിലുള്ള ആദ്യ ചുമതല. കോൺഗ്രസിനൊപ്പം ചേർന്നാൽ അടുത്ത വർഷം നടക്കാനിരിക്കുന്ന പഞ്ചാബ്, യുപി തിരഞ്ഞെടുപ്പുകളിലും പ്രശാന്തിന്റെ സേവനമുണ്ടാകും. യുപിയിൽ പ്രിയങ്കയെ മുന്നിൽ നിർത്തിയാകും കോൺഗ്രസ് പ്രചരണത്തിൽ സജീവമാകുക. പ്രതിപക്ഷ പാർട്ടികളുടെ കൂട്ടായ്മയ്ക്കുള്ള സാധ്യതയും തേടും.

ബംഗാളിൽ മമതാ ബാനർജിയെയും തമിഴ്‌നാട്ടിൽ എം.കെ. സ്റ്റാലിനെയും മാസ് ലീഡറായി ഉയർത്തിക്കാട്ടിയാണ് അവരുടെ തിരഞ്ഞെടുപ്പ് വിജയത്തിനു പ്രശാന്ത് ചുക്കാൻ പിടിച്ചത്. അതേ രീതിയിൽ രാഹുലിന്റെ പ്രതിഛായയിലും മാറ്റം വേണം. കോൺഗ്രസ് നിരയിൽ ഏറ്റവും ജനകീയനായ നേതാവ് രാഹുലാണെങ്കിലും മോദിയെ കടത്തിവെട്ടാൻ കെൽപുള്ളയാൾ എന്ന നിലയിൽ അവതരിപ്പിക്കും. ഇതിലൂടെ കോൺഗ്രസിന് കൂടുതൽ നേട്ടമുണ്ടാക്കാനാകും.

പ്രശാന്ത കിഷോർ എന്ന രാഷ്ട്രീയ ചാണക്യൻ

ഗുജറാത്തിൽ 2011 ൽ നരേന്ദ്ര മോദിയുടെ പ്രചാരണ തന്ത്രങ്ങൾ ആവിഷ്‌കരിച്ചതോടെയാണ് പ്രശാന്ത് ശ്രദ്ധയിലേക്കുയർന്നത്. 2014 ൽ നരേന്ദ്ര മോദിയെ പ്രധാനമന്ത്രി പദത്തിലെത്തിച്ച പ്രചാരണ തന്ത്രങ്ങൾക്ക് ചുക്കാൻ പിടിച്ചാണ് പ്രശാന്ത് കിഷോർ ചർച്ചയായത്. മോദി തരംഗം ആഞ്ഞടിച്ചതിന് പിന്നിൽ പ്രശാന്ത് കിഷോറൊരുക്കിയ പ്രചരണ വാക്യങ്ങളായിരുന്നു. ഇതിന് ശേഷം പലയിടത്തും ഈ പരീക്ഷണം വിജയിച്ചു. എന്നാൽ കോൺഗ്രസിനായി നടത്തിയ ശ്രമങ്ങൾ പാളുകളും ചെയ്തു. അതുകൊണ്ട് തന്നെ പ്രാദേശിക കക്ഷികളുടെ പ്രചരണത്തിൽ പ്രശാന്ത് കിഷോർ പിന്നീട് ശ്രദ്ധ നൽകി. അതും വിജയം കണ്ടു. രാഷ്ട്രീയ നേതാക്കളുടെ പ്രതിച്ഛായ അഥവാ ഇമേജ് ബിൽഡിംഗിൽ മികവ് തെളിയിച്ച വ്യക്തിയാണ് പ്രശാന്ത് കിഷോർ.

2014ലെ വിജയത്തിനുശേഷം അമിത് ഷായും പ്രശാന്ത് കിഷോറും തമ്മിലുള്ള ബന്ധം അത്ര രസത്തിലല്ലായിരുന്നു. പാർട്ടിയിൽ കാര്യമായ സ്ഥാനം വേണമെന്ന പ്രശാന്തിന്റെ ആവശ്യം അമിത് ഷാ തള്ളിയതോടെ ബിജെപി വിട്ടു. ഡൽഹിയിൽ ഹാട്രിക് വിജയം നേടിയ ആപ്പിന് അഭിനന്ദനവുമായി എത്തിയ ആദ്യത്തെ ആളുകളിലൊന്ന് പ്രശാന്ത് കിഷോർ ആയിരുന്നു. സി.എ.എ നിയമത്തോടുള്ള എതിർപ്പ് മൂലം നിതീഷ് കുമാറുമായി പിരിഞ്ഞ പ്രശാന്ത് കിഷോറായിരുന്നു ഡൽഹിയിൽ ആപ്പിന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ചുക്കാൻ പിടിച്ചത്. ആന്ധ്രാപ്രദേശിൽ ജഗന്മോഹൻ റെഡ്ഡിയുടെ വിജയത്തിന് പിന്നിൽ പ്രവർത്തിച്ചതും പ്രശാന്ത് കിഷോറായിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ബം​ഗാളിൽ മമത ബാനർജിയേയും തമിഴ്നാട്ടിൽ സ്റ്റാലിനെയും അധികാരത്തിൽ എത്തിച്ചതിന് പിന്നിലും പ്രശാന്തിന്റെ കൂർമ്മബുദ്ധിയായിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close