KERALATop News

സ്വകാര്യ ബസ് സമരം; ബസുടമകളുമായി സര്‍ക്കാറിന്റെ ചർച്ച ഇന്ന്

കോട്ടയം: നാളെ മുതൽ സമരം പ്രഖ്യാപിച്ച സ്വകാര്യ ബസുടമകളുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തും. ഗതാഗതമന്ത്രി ആന്റണി രാജുവാണ് ചര്‍ച്ച നടത്തുക. കോട്ടയം ഗസ്റ്റ് ഹൗസില്‍ വെച്ചാണ് ചര്‍ച്ച. സ്വകാര്യ ബസ് ഉടമകള്‍ നാളെ മുതല്‍ പണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് മന്ത്രി ബസുടമകളുടെ സംഘടനയെ ചര്‍ച്ചയ്ക്ക് വിളിച്ചത്.

വിദ്യാർത്ഥികളുടെ ഉൾപ്പടെയുള്ള യാത്രാനിരക്ക് വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം. ഡീസൽ സബ്സിഡി നൽകണമെന്നും ബസുടമകളുടെ സംഘടന ആവശ്യപ്പെട്ടിട്ടുണ്ട്. കോവിഡ് കാലം കഴിയുന്നത് വരെ വാഹന നികുതി ഒഴിവാക്കണമെന്നും ബസ്സുടമകളുടെ സംയുക്ത സമിതി ആവശ്യപെട്ടു.

മിനിമം ചാർജ് 12 രൂപയാക്കണം എന്നാണ് സ്വകാര്യ ബസുടമകളുടെ പ്രധാന ആവശ്യം. വിദ്യാർത്ഥികളുടെ മിനിമം ചാർജ്ജ് 6 രൂപയാക്കണം, കി.മീ. 1 രൂപയായി വർദ്ധിപ്പിക്കണം, തുടർന്നുള്ള ചാർജ് യാത്ര നിരക്കിന്റെ 50 ശതമാനമാക്കണം എന്നിവയാണ് മറ്റ് ആവശ്യങ്ങള്‍. ബസ്സുടമ സംയുക്ത സമിതിയാണ് സമരം പ്രഖ്യാപിച്ചത്. കോവിഡ്‌ പശ്ചാത്തലത്തിൽ ചാർജ്ജ് വർധന എന്ന ആവശ്യം എത്രത്തോളം നടപ്പാക്കാൻ കഴിയുമെന്ന് അറിയില്ലെന്ന് മന്ത്രി ആന്റണി രാജു നേരത്തെ പ്രതികരിച്ചിരുന്നു.

കോവിഡ് പ്രതിസന്ധിയോടൊപ്പം ഇന്ധനവില വർധനയും കാരണം സർവീസ് നടത്താൻ സാധിക്കാത്ത അവസ്ഥയാണെന്നാണ് ബസുടമകൾ പറയുന്നത്. ഇതിന് മുമ്പ് 2018ലാണ് ബസ് ചാര്‍ജ് പരിഷ്‌കരിച്ചത്. അന്ന് ഡീസലിന് ലിറ്ററിന് 60ന് മുകളിലായിരുന്നു വില. ഇപ്പോള്‍ ഇത് നൂറ് കടന്നു. ഇതിന് പുറമേ കോവിഡ് പശ്ചാത്തലത്തില്‍ ബസില്‍ കയറുന്ന യാത്രക്കാരുടെ എണ്ണം വളരെ കുറവാണ്. ഇതും പ്രതിസന്ധി സൃഷ്ടിക്കുന്നതായി ബസുടമകള്‍ ചൂണ്ടിക്കാണിക്കുന്നു. നിലവില്‍ മിനിമം ചാര്‍ജ് എട്ടുരൂപയാണ്. ഇത് വര്‍ധിപ്പിക്കണം എന്നതടക്കമുള്ള വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് അനിശ്ചിതകാല സമരത്തിലേക്ക് സ്വകാര്യ ബസുകള്‍ നീങ്ങുന്നത്.

കുറഞ്ഞ നിരക്ക് എട്ടില്‍ നിന്ന് പത്തായി ഉയര്‍ത്തണമെന്നും അടുത്തമാസം ഒന്നാം തീയതിക്കുള്ളിൽ തീരുമാനമെടുക്കണമെന്നും സർക്കാരിനോട് വീണ്ടും ആവശ്യപ്പെടുമെന്ന് നേരത്തെ അറിയിച്ചിരുന്നു. നികുതി അടവ് പൂര്‍ണമായും ഒഴിവാക്കാതെ മുഴുവന്‍ ബസുകളും നിരത്തിലിറക്കുക പ്രതിസന്ധിയാണെന്നും ബസ് ഓപ്പറേറ്റേഴ്സ് ഓര്‍ഗനൈസേഷന്‍ ഭാരവാഹികള്‍ പാലക്കാട് പറഞ്ഞിരുന്നു. ഇന്ധനവില വര്‍ധന കുത്തനെ കൂടുന്ന സാഹചര്യത്തില്‍ നിരക്ക് വര്‍ധനയില്ലാതെ പിടിച്ചുനില്‍ക്കുക പ്രതിസന്ധിയാകും. ഓട്ടം നിര്‍ത്തിയ ബസുകളില്‍ മുപ്പത് ശതമാനം മാത്രമാണ് നിരത്തിലിറങ്ങിയത്. കടക്കെണിയിലായ മറ്റ് ബസുടമകള്‍ക്ക് നികുതിയെങ്കിലും കുറച്ച് നല്‍കിയാല്‍ മാത്രമേ ബസ് ഓടിക്കാനാകൂ. നിരക്ക് കൂട്ടണമെന്ന ബസുടമകളുടെ ആവശ്യം വേഗത്തില്‍ സര്‍ക്കാര്‍ അംഗീകരിക്കാനിടയില്ല. അങ്ങനെയെങ്കില്‍ ഇന്ധനവില വര്‍ധന തുടരുന്ന സാഹചര്യത്തില്‍ നിരത്തിലുള്ള പല ബസുകളും പിന്‍വലിക്കാനാണ് സംഘടനകളുടെ തീരുമാനം.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close