Breaking NewsINSIGHTTrending

പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പേരിൽ എംപി പോളിന് വിധിച്ചത് തെമ്മാടിക്കുഴി; ജോസഫ് മുണ്ടശ്ശേരിയെ മരണാനന്തരം വിശ്വാസിയാക്കിയ അല്പത്തം; സ്വന്തം ശവശരീരം പൗരോഹിത്യത്തിന്റെ ധാർഷ്ട്യത്തിന് ഇട്ടുകൊടുക്കാതെ ടി വി തോമസും സി എ കുര്യനും; പി ടി തോമസ് തോൽപ്പിച്ചത് മൃതശരീരം വെച്ച് വിലപേശുന്ന വിശ്വസ രീതികളെ

നിരഞ്ജൻ

ഇന്ദ്രധനുസ്സിൻ തൂവൽപൊഴിയും തീരം എന്ന ​ഗാനം ഇനി എവിടെ കേട്ടാലും ആദ്യം മനസ്സിലേക്ക് ഓടിയെത്തുക പി ടി തോമസ് ആയിരിക്കും. സമൂഹ മാധ്യമങ്ങളിലെ ഇടത് ശബ്ദമായ ഒരു യുവാവ് തന്റെ ഫേസ്ബുക്കിൽ കുറിച്ച വരികളാണ്. മതത്തിന്റെ പേരിൽ തമ്മിലടിക്കുന്ന ഒരു സമൂഹത്തിന് എത്രത്തോളം ഉൾക്കാഴ്ച്ച നൽകിയാണ് പി ടി തോമസ് എന്ന കോൺ​ഗ്രസ് നേതാവ് മൺമറഞ്ഞതെന്നതിന്റെ നേർസാക്ഷ്യമാണ് ഈ വരികൾ. യാതൊരുവിധ മതാചാരങ്ങളും കൂടാതെ പി ടി തോമസ് എന്ന ക്രൈസ്തവ മാതാപിതാക്കളുടെ മകൻ അ​ഗ്നിനാളങ്ങളെ പുൽകിയപ്പോൾ എരിഞ്ഞടങ്ങിയത് കേരളത്തിലെ ക്രൈസ്തവ പുരോഹിതരുടെ തെമ്മാടിക്കുഴി എന്ന ഭീഷണി കൂടിയായിരുന്നു.

കേരളത്തിൽ തങ്ങളുടെ നിലപാടുകൾക്ക് അനുസരിച്ച് സംസ്കാര ചടങ്ങുകൾ നടത്താൻ വളരെ കുറച്ചുപേർക്കേ ഭാ​ഗ്യം സിദ്ധിച്ചിട്ടുള്ളു. എന്നാൽ, പി ടി തോമസ് എന്ത് പറഞ്ഞോ അത് നടപ്പിലാക്കാൻ അദ്ദേഹത്തിന്റെ പാർട്ടിയും ബന്ധുക്കളും തയ്യാറാകുകയായിരുന്നു. ജീവിച്ചിരിക്കുമ്പോൾ ശവമഞ്ച ഘോഷയാത്ര നടത്തി ആത്മരതി നേടിയ പൗരോഹിത്യത്തിന് പിടിയുടെ മൃതദേഹമിട്ട് തെമ്മാടിക്കുഴി എന്ന വിലപേശൽ നടത്താനും സാധിച്ചില്ല.

ക്രൈസ്തവ സഭകൾ വിശ്വാസികളെ തങ്ങളുടെ വരുതിയിൽ നിർത്തുന്നതിന് ഉപയോ​ഗിക്കുന്ന ഭീഷണികളിൽ പ്രധാനമാണ് പള്ളിസെമിത്തേരിയും തെമ്മാടിക്കുഴിയും. സഭക്ക് വിധേയമായി നിന്നില്ലെങ്കിൽ ശവമെടുക്കുക തെമ്മാടിക്കുഴിയിലേക്കായിരിക്കും എന്ന പുരോഹിത ഭീഷണിക്ക് മുന്നിൽ നാടിനെ വിറപ്പിക്കുന്ന റൗഡികൾ പോലും വഴങ്ങുകയായിരുന്നു പതിവ്. മതം വിട്ട് വിവാഹം കഴിച്ചവർ പങ്കാളിയെ മതംമാറ്റിയില്ലെങ്കിൽ പോലും പള്ളിസെമിത്തേരി നിഷേധിക്കുന്ന നിലയിലേക്ക് പൗരോഹിത്യ ധാർഷ്ട്യം വളർന്നിരുന്നു. ആ ധാർഷ്ട്യത്തിന്റെ മുഖത്തേറ്റ പ്രഹരമാണ് പി ടി തന്റെ അന്ത്യയാത്രയിലൂടെ കേരളത്തിലെ ക്രൈസ്തവ സഭകൾക്ക് നൽകിയത്.

ഇതിന് മുമ്പ് ഇത്ര വിപ്ലവകരമായ തീരുമാനങ്ങൾ എടുത്ത് നടപ്പാക്കിയ നേതാക്കൾ വളരെ കുറവാണ്. അതിലെ അദ്യ പേരുകാരനാണ് സിപിഐ നേതാവായിരുന്ന ടി വി തോമസ്. പുന്നപ്ര വയലാറിൽ രക്തസാക്ഷികൾ ഉറങ്ങുന്ന മണ്ണിലാണ് ടിവി തോമസിന് അദ്ദേഹത്തിന്റെ സഖാക്കൾ അന്ത്യവിശ്രമം ഒരുക്കിയത്. സിപിഐ നേതാവ് തന്നെയായ സി എ കുര്യൻ തന്നെ മൂന്നാറിലെ പാർട്ടി ഓഫീസ് വളപ്പിൽ അടക്കംചെയ്യണമെന്നാണ് ആവശ്യപ്പെട്ടത്. അതും അദ്ദേഹത്തിന്റെ പാർട്ടിയും കുടുംബവും അം​ഗീകരിച്ചു.

കേരളത്തിലെ ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയിലെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ജോസഫ് മുണ്ടശ്ശേരിയെ പള്ളി സെമിത്തേരിയിൽ അടക്കാൻ സഭയും ബന്ധുക്കളും തീരുമാനിച്ച് നടപ്പാക്കുകയായിരുന്നു. ക്രിസ്ത്യൻ സഭകൾ മാത്രമല്ല, മുസ്ലീം പൗരോഹിത്യവും ജീവിച്ചിരിക്കെയുള്ള ആളുകളുടെ ആ​ഗ്രഹങ്ങളെ അവരുടെ ശവക്കുഴിയിലിട്ട് മൂടിയിട്ടുണ്ട്. മാങ്കേസ്റ്റിൻ ചുവട്ടിൽ തനിക്ക് അന്ത്യവിശ്രമം കൊള്ളണം എന്ന ബഷീറിന്റെ ആ​ഗ്രവും ചിതയിൽ എരിഞ്ഞടങ്ങണം എന്ന പുനത്തിൽ കുഞ്ഞബ്ദുള്ളയുടെ ആ​ഗ്രഹവും നടന്നില്ല. രണ്ടുപേരെയും പള്ളിപ്പറമ്പിലേക്കെടുത്തത് ബന്ധുക്കളുടെ കൂടി സമ്മതപ്രകാരമായിരുന്നു. സിപിഎം നേതാക്കൾ ജീവിച്ചിരിക്കുമ്പോൾ വിപ്ലവം പറയുമായിരുന്നെങ്കിലും മരിച്ചപ്പോൾ ഭൂരിപക്ഷത്തിനും അന്ത്യകർമ്മങ്ങൾ ചെയ്തത് മതാചാരപ്രകാരം തന്നെയായിരുന്നു. എഴുത്തുകാരനും സാഹിത്യ പ്രവർത്തകനുമായ എം പി പോളിന് തെമ്മാടിക്കുഴിയാണ് പൗരോഹിത്യം വിധിച്ചത്.

പ്രേമവിവാഹം കഴിച്ചാൽ കേരളത്തിലെ ക്രൈസ്തവ സഭക്കെതിരെ എം പി പോൾ വലിയ തെറ്റൊന്നും ചെയ്തിരുന്നില്ല. തൃശ്ശൂർ സെന്റ് തോമസ് കോളജിൽ ഇം​ഗ്ലീഷ് അധ്യാപകനായിരിക്കെ മാനേജ്മെന്റുമായി ശമ്പള വിഷയത്തിലും തർക്കമുണ്ടായി. ഒടുവിൽ ജോലി സ്വമേധയാ ഉപേക്ഷിച്ചു. ഇതോടെ സഭക്ക് പൂർണമായിം അദ്ദേഹം അനഭിമതനായി. പോളിന്റെ ധീരമായ നിലപാടുകൾക്ക് കത്തോലിക്ക പുരോഹിത സഭ കനത്ത വിലയാണ് ആവശ്യപ്പെട്ടത്. കള്ള പ്രചരണങ്ങൾ അഴിച്ചു വിട്ട് പോളിനെ തിരെ സാമുദായിക ഭ്രഷ്ട് വരെ ആവശ്യപ്പെട്ടു. ഇതിനായി പള്ളിയും ധ്യാനകേന്ദ്രങ്ങളും നിർലോഭം ഉപയോഗിച്ചു. ഈ വിരോധം അദ്ദേഹത്തിന്റെ മരണശേഷവും തുടർന്നു. 1952-ൽ അദ്ദേഹം അന്തരിച്ചപ്പോൾ പള്ളിവക ശ്മശാനത്തിൽ മൃതദേഹം സംസ്കരിക്കാൻ സഭാ നേതൃത്വം വിസമ്മതിച്ചു. സഭാ വിരോധികൾക്കും മറ്റ് വിശ്വാസങ്ങളിൽ ജീവിക്കുന്നവർക്കുമായി നീക്കിവച്ചിരിക്കുന്ന തെമ്മാടിക്കുഴിയിൽ പോളിനെ സംസ്കാരിക്കാനായിരുന്നു സഭാ നേതൃത്വത്തിന്റെ തീരുമാനം.

ജവഹർലാൽ നെഹ്റുവിന് ശേഷം ഇത്ര വിപ്ലവകരമായി നിലപാട് പറയുകയും മതേതര വാദിയായി ജീവിച്ച് മരിക്കുകയും ചെയ്ത മറ്റൊരു കോൺ​ഗ്രസ് നേതാവിന്റെ പേര് പറയാൻ പ്രയാസമായിരിക്കും. തന്റെ മരണം കൊണ്ട് കേരളീയ രാഷ്ട്രീയ മണ്ഡലത്തിൽ കോൺ​ഗ്രസിന് പുതുജീവനും പുത്തൻ ആദർശങ്ങളും നൽകിയാണ് പി ടി യാത്രയായത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close