KERALANEWSTop News

അറസ്റ്റു ചെയ്യുന്നില്ലേ എന്ന് പബ്ലിക് പ്രോസിക്യൂട്ടർ പൊലീസിനോട് ചോദിച്ചിട്ടും ഫലമുണ്ടായില്ല; ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയിട്ടും കൂളായി കോടതിയിലെത്തി മടങ്ങിയ സെസി സേവ്യർ എവിടെയന്നറിയാതെ പൊലീസ്; തമിഴ്നാട്ടിലും ലുക്ക് ഔട്ട് നോട്ടീസ്

ചെന്നെ: സെസി സേവ്യറെ കണ്ടെത്താൻ തമിഴ്നാട്ടിലും ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിച്ച് പൊലീസ്. ചെന്നൈയിൽ നിന്നുള്ള പത്രങ്ങളിൽ കഴിഞ്ഞ ദിവസം നോട്ടിസ് പ്രസിദ്ധീകരിച്ചു. സെസിയെപ്പറ്റി വിവരം ലഭിച്ചാൽ ആലപ്പുഴ നോർത്ത് പൊലീസിനെയോ ആലപ്പുഴ ഡിവൈഎസ്പിയെയോ ജില്ലാ പൊലീസ് മേധാവിയെയോ അറിയിക്കണമെന്നാണ് നോട്ടിസിൽ പറയുന്നത്. സെസിയുടെ ചിത്രവും പൊലീസിന്റെ ഫോൺ നമ്പറുകളും നൽകിയിട്ടുണ്ട്. യോഗ്യതയില്ലാതെ അഭിഭാഷകവൃത്തി നടത്തിയ കേസിൽ ഒളിവിൽ കഴിയുന്ന

ഹൈക്കോടതി മുൻകൂർ ജാമ്യം നിഷേധിച്ച് ആഴ്ചകൾ കഴിഞ്ഞിട്ടും സെസി പൊലീസിനു മുന്നിൽ ഹാജരായിട്ടില്ല. ജാമ്യ ഹർജിയുമായി ബന്ധപ്പെട്ട് സെസി നേരത്തെ ആലപ്പുഴ കോടതിയിൽ എത്തിയിരുന്നു. കോടതി ജാമ്യം അനുവദിച്ചില്ല. അന്ന് പൊലീസിനോട് അറസ്റ്റ് ചെയ്യുന്നില്ലേ എന്ന് പ്രോസിക്യൂട്ടർ ചോദിച്ചു. പക്ഷേ പൊലീസ് ഒന്നും ചെയ്തില്ല. ജാമ്യം കിട്ടുമെന്ന പ്രതീക്ഷയിൽ കീഴടങ്ങാനാണ് അന്ന് സെസി എത്തിയത്.

എൽഎൽബി പാസാകാതെ അഭിഭാഷകയായി വിലസിയ സെസി സേവ്യർ അന്ന് ആലപ്പുഴയിലെ കോടതിയിൽ എത്തിയത് തീർത്തും നാടകീയമായിട്ടായിരുന്നു. കോടതിയിൽ കീഴടങ്ങി ജാമ്യം എടുക്കുമെന്നു കരുതിയാണ് അവർ എത്തിയത്. ബാർ അസോസിയേഷൻ എതിർകക്ഷിയായ കേസിൽ ഇവരുടെ ബന്ധുവായ അഭിഭാഷകനായിരുന്നു വക്കാലത്തുമായി എത്തിയത്. അന്ന് രാവിലെ പതിനൊന്നര മണിയോടെയാണ് സെസി സേവ്യർ കാറിൽ കോടതിയിൽ കീഴടങ്ങാൻ എത്തിയത്.

ആലപ്പുഴ ഒന്നാം ക്ലാസ് മജിസ്ട്രേട്ടിന്റെ കോടതിയിലാണ് ഇവർ എത്തിയത്. തനിക്കെതിരെ ജാമ്യമില്ലാ വകുപ്പു ചുമത്തിയ വിവരം സെസിയും അറിഞ്ഞിരുന്നില്ല. കോടതിയിൽ എത്തിയ ഇവർ വക്കീലിനൊപ്പം ഹാജരായി. കേസ്പരിഗണിച്ച ജഡ്ജി ഈ കോടതിയിൽ അല്ല അപേക്ഷ സമർപ്പിക്കേണ്ടത് എന്ന് അറിയിക്കുകയായിരുന്നു. ചീഫ് ജുഡിഷ്യൽ മജിസ്ട്രേട്ടിനു മുന്നിലായിരുന്നു സെസി ഹാജരാകേണ്ടത് എന്നാണ് ജഡ്ജി പറഞ്ഞത്. ഇതോടെയാണ് തനിക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയ വിവരം സെസി മനസിലാക്കിയത്.

കോടതി ഇക്കാര്യം വ്യക്തമാക്കിയതോടെ തനിക്ക് ജാമ്യം കിട്ടാൻ വഴിയില്ലെന്ന് സെസി മനസ്സിലാക്കി. ഇതോടെ കൂളായി തന്നെ കോടതിയിൽ നിന്നും ഇറങ്ങി. ഈ സമയം കോടതിയിൽ ഉണ്ടായിരുന്ന പൊലീസുകാരനോട് അറസ്റ്റു ചെയ്യുന്നില്ലേ എന്ന് പബ്ലിക് പ്രോസിക്യൂട്ടർ ചോദിച്ചു. എന്നാൽ പരിഭ്രമിച്ചു പോയ പൊലീസുകാരന് എന്തു ചെയ്യണമെന്ന് പോലും ചിന്തിക്കും മുമ്പ് സെസി കാറിൽ കയറിയിരുന്നു. അഭിഭാഷകർക്കൊപ്പം കാറോടിച്ചു പോകുകയായിരുന്നു ഇവർ. ഈ സെസിയെ പിടികൂടാനാണ് ഇപ്പോൾ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയതെന്നതാണ് വസ്തുത.

മതിയായ യോഗ്യത ഇല്ലാതെയാണ് സെസി രണ്ടരവർഷം കോടതിയിൽ അഭിഭാഷക പ്രാക്ടീസ് ചെയ്തത്. ബാർ അസോസിയേഷൻ തെരഞ്ഞെടുപ്പിൽ വിജയിക്കുകയും ചെയ്തിരുന്നു. യോഗ്യതാ രേഖകൾ ആവശ്യപ്പെട്ടിട്ടും നൽകാതിരുന്ന ഇവർക്കെതിരെ ബാർ അസോസിയേഷൻ സെക്രട്ടറി അഭിലാഷ് സോമന്റെ പരാതിയുടെ അടിസ്ഥാനത്തിലാണു പൊലീസ് കേസെടുത്തത്.

2018ൽ ആണ് സെസി ബാർ അസോസിയേഷനിൽ അംഗത്വം നേടിയത്. രണ്ടരവർഷമായി ജില്ലാ കോടതിയിൽ ഉൾപ്പെടെ കോടതി നടപടികളിൽ പങ്കെടുക്കുകയും ഒട്ടേറെ കേസുകളിൽ അഭിഭാഷക കമ്മിഷനായി പോകുകയും ചെയ്തിരുന്നു. സെസിയുടെ യോഗ്യതയെക്കുറിച്ച് ആക്ഷേപം ഉയർന്ന സാഹചര്യത്തിൽ 24 മണിക്കൂറിനുള്ളിൽ രേഖകൾ ഹാജരാക്കണമെന്ന് ബാർ അസോസിയേഷൻ ആവശ്യപ്പെട്ടെങ്കിലും ലഭിച്ചില്ല. ഇവർ നൽകിയ എന്റോൾമെന്റ് നമ്പറിൽ ഇങ്ങനെയൊരു പേരുകാരി ബാർ കൗൺസിലിന്റെ പട്ടികയിൽ ഇല്ലെന്നു കണ്ടെത്തിയിരുന്നു. മറ്റൊരാളുടെ എന്റോൾമെന്റ് നമ്പർ കാണിച്ചാണ് ഇവർ പ്രാക്ടീസ് ചെയ്തിരുന്നത്.

തിരുവനന്തപുരത്ത് നിയമപഠനം നടത്തിയതായാണ് സെസി ആദ്യം പറഞ്ഞിരുന്നത്. പിന്നീട് ബെംഗളുരുവിൽ പഠനം പൂർത്തിയാക്കിയതായി അറിയിച്ചിരുന്നു. അഭിഭാഷക യോഗ്യതയില്ലെന്നു കണ്ടെത്തിയതിനാൽ ബാർ അസോസിയേഷനിൽ നിന്ന് സെസിയെ പുറത്താക്കി. സെസി മാർച്ചിൽ നാടുവിട്ടെന്നാണു പൊലീസ് കരുതിയിരുന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close