
തിരുവനന്തപുരം: കോൺഗ്രസിൽ നേതൃത്വവും ഗ്രൂപ്പുകളും തമ്മിൽ പരസ്യ കലാപത്തിന് ഒരുങ്ങുന്നതായി സൂചന. പാർട്ടിയുടെ രണ്ട് മുതിർന്ന നേതാക്കൾക്കെതിരെ പരാതിയുമായി സംസ്ഥാന നേതൃത്വം ഹൈക്കമാൻഡിനെ സമീപിക്കാനൊരുങ്ങുകയാണെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്.
പാർട്ടിയുടെ പ്രവർത്തനങ്ങളെ രണ്ട് മുതിർന്ന നേതാക്കൾ പുറകോട്ട് വലിക്കാൻ ശ്രമിക്കുകയാണെന്നും ചിലർ മാധ്യമങ്ങൾക്ക് പാർട്ടിയിൽ സംഭവിക്കുന്നതിനെപ്പറ്റി തെറ്റായ വിവരങ്ങൾ നൽകുന്നുവെന്നും ഹൈക്കമാൻഡിന് നൽകുന്ന പരാതിയിൽ ഉന്നയിക്കുമെന്നാണ് സൂചന. നിയമസഭയിലെ പ്രതിപക്ഷത്തിന്റെ മികച്ച പ്രവർത്തനത്തിന്റെ യശസ്സ് ഇല്ലാതാക്കാൻ മുതിർന്ന നേതാക്കൾ ശ്രമിക്കുകയാണ്. ഇവർ ഘടക കക്ഷികൾക്കിടയിലും പാർട്ടി അണികൾക്കിടയിലും ആശയകുഴപ്പമുണ്ടാക്കുന്നു തുടങ്ങിയ പരാതികളാണ് നേതൃത്വത്തിന് പ്രധാനമായും ഉള്ളതെന്നാണ് റിപ്പോർട്ടുകൾ.
കഴിഞ്ഞ ദിവസം ചേർന്ന യു.ഡി.എഫ് യോഗത്തിൽ നിന്നും മുതിർന്ന നേതാക്കളായ രമേശ് ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും വിട്ടു നിന്നിരുന്നു. ഇക്കാര്യവും കെ.പി.സി.സി നേതൃത്വം ഹൈക്കമാൻഡിനെ അറിയിക്കും.
കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ഗ്രൂപ്പിൽ അംഗമാകുക..
വീഡിയോകൾക്ക് സന്ദർശിക്കുക മീഡിയമംഗളം യൂട്യൂബ്