Breaking NewsINDIANEWSTop News

വിവാഹം കഴിഞ്ഞ് പതിനഞ്ചാം ദിവസം ഭാര്യയെ കാനഡയിലേക്കയച്ചത് 25 ലക്ഷം രൂപ മുടക്കി; കാനഡയിലെത്തിയതോടെ യുവതിയുടെ മട്ടുമാറി; 23കാരൻ ആത്മഹത്യ ചെയ്തത് ഭാര്യ തന്നെ ഒഴിവാക്കുന്നതിൽ മനംനൊന്ത്; 21കാരിക്കെതിരെ കേസെടുത്ത് പൊലീസും

ലുധിയാന: 23 വയസ്സുകാരനെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ കാനഡയിലുള്ള ഭാര്യയ്‌ക്കെതിരേ കേസെടുത്ത് പഞ്ചാബ് പോലീസ്. ഘോട്ടെ ഗോബിന്ദപുര സ്വദേശി ലവ്പ്രീത് സിങ്ങിന്റെ മരണത്തിലാണ് ഭാര്യ ബീന്ത് കൗറിനെതിരേ പഞ്ചാബ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. വഞ്ചനാക്കുറ്റം ചുമത്തിയാണ് 21 കാരിക്കെതിരെകേസെടുത്തിരിക്കുന്നത്. ലവ്പ്രീതിന്റെ പിതാവ് ബൽവീന്ദർ സിങ്ങിന്റെ പരാതിയിലാണ് പൊലീസ് നടപടി.

ജൂൺ 23-നാണ് ലവ്പ്രീതിനെ കൃഷിയിടത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. 25 ലക്ഷം രൂപ ചെലവഴിച്ച് ബീന്ത് കൗറിനെ കാനഡയിലേക്ക് അയച്ചിട്ടും ഇവർ ഭർത്താവിനെ കാനഡയിലേക്ക് കൊണ്ടുപോയില്ലെന്നും ഇതിന്റെ വിഷമത്തിൽ ലവ്പ്രീത് കീടനാശിനി കഴിച്ച് ജീവനൊടുക്കിയെന്നുമാണ് ആരോപണം.

2019 ഓഗസ്റ്റ് രണ്ടിനാണ് ലവ്പ്രീതും ബീന്ത് കൗറും വിവാഹിതരായത്. ഓഗസ്റ്റ് 17-ന് യുവതി പഠനത്തിനായി കാനഡയിലേക്ക് പോയി. ഏകദേശം 25 ലക്ഷം രൂപ കാനഡയിലെ പഠനത്തിനായി മരുമകൾക്ക് വേണ്ടി ചെലവഴിച്ചെന്നാണ് ബൽവീന്ദർ സിങ് പറയുന്നത്. മാസങ്ങൾക്കുള്ളിൽ ലവ്പ്രീതിനെയും കാനഡയിലേക്ക് കൊണ്ടുപോകുമെന്നാണ് ബീന്ത് കൗർ പറഞ്ഞിരുന്നത്. എന്നാൽ കാനഡയിലെത്തിയതോടെ മരുമകൾ തന്റെ മകന് നൽകിയ വാക്ക് തെറ്റിച്ചെന്നും അവനുമായി സംസാരിക്കുന്നത് പോലും നിർത്തിയെന്നും ബൽവീന്ദറിന്റെ പരാതിയിൽ പറയുന്നു. ഇക്കാരണത്താൽ മകൻ ഏറെ ദുഃഖിതനായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ലവ്പ്രീതിന്റെ മരണത്തിന് പിന്നാലെയാണ് ബൽവീന്ദറും കുടുംബവും മരുമകൾക്കെതിരേ ആരോപണമുന്നയിച്ച് രംഗത്തെത്തിയത്. ഇതോടെ യുവാവിന്റെ മരണം വലിയ ചർച്ചയാവുകയും ചെയ്തു. ജൂലായ് 13-ന് സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷ ലവ്പ്രീതിന്റെ കുടുംബത്തെ സന്ദർശിക്കുകയും നീതി ഉറപ്പുനൽകുകയും ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് ബർണാല സ്വദേശിയായ ബീന്ത് കൗറിനെതിരേ പോലീസ് വഞ്ചനാക്കുറ്റം ചുമത്തി കേസെടുത്തത്. കേസുമായി ബന്ധപ്പെട്ട് ലവ്പ്രീതിന്റെ മൊബൈൽ ഫോൺ വിവരങ്ങളടക്കം പരിശോധിക്കുമെന്ന് പോലീസ് പറഞ്ഞു. എന്നാൽ വഞ്ചനാക്കുറ്റം മാത്രം പോരെന്നും യുവതിക്കെതിരേ ആത്മഹത്യാപ്രേരണാക്കുറ്റം കൂടി ചുമത്തണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം. ഇക്കാര്യം ആവശ്യപ്പെട്ട് നാട്ടുകാർ പ്രതിഷേധം സംഘടിപ്പിക്കുകയും ചെയ്തു.

നേരത്തെ ലവ്പ്രീതിന്റെ മരണവുമായി ബന്ധപ്പെട്ട് അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തിരുന്നു. എന്നാൽ മരണത്തെക്കുറിച്ചുള്ള വ്യക്തത ലഭിക്കാൻ ആന്തരികാവയവങ്ങളുടെ പരിശോധനഫലം കൂടി ലഭിക്കണമെന്നാണ് പോലീസിന്റെ പ്രതികരണം.

അതേസമയം, തനിക്കെതിരായ ആരോപണങ്ങളെല്ലാം ബീന്ത് കൗർ നിഷേധിച്ചിട്ടുണ്ട്. സാമൂഹികമാധ്യമങ്ങളിലൂടെയായിരുന്നു അവരുടെ പ്രതികരണം. ലവ്പ്രീതിനെ കാനഡയിൽ കൊണ്ടുവരാനായി താൻ ശ്രമിച്ചിരുന്നുവെന്നും കോവിഡ് നിയന്ത്രണങ്ങൾ കാരണം അത് നടന്നില്ലെന്നുമാണ് ബീന്ത് കൗറിന്റെ വിശദീകരണം.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close