Uncategorized

“നവജ്യോത് സിദ്ദുവിനോട് ഐക്യദാർഢ്യം”: പഞ്ചാബ് മന്ത്രി റസിയ സുൽത്താന രാജിവച്ചു; കൂടുതൽ മന്ത്രിമാർ രാജി വെച്ചേക്കുമെന്ന് സൂചന

ചണ്ഡിഗഡ്: നവജ്യോത് സിങ് സിദ്ദു പഞ്ചാബ് കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജി വെച്ചതിനു പിന്നാലെ കൂടുതൽ മന്ത്രിമാർ രാജിയിലേക്ക്. മലേർകോട്ട്ല എംഎൽഎ റസിയ സുൽത്താനയാണ് സിദ്ദുവിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മന്ത്രിസ്ഥാനം രാജിവെച്ചത്. ചരൺജിത് സിങ് ഛന്നി സർക്കാരിൽ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു രണ്ട് ദിവസത്തിനു ശേഷമാണു രാജിവച്ചത്. പർഗത് സിങ്ങും അമരിന്ദർ സിങ് രാജ്വാഡയും ഉൾപ്പെടെ സിദ്ദു പക്ഷത്തെ കൂടുതൽ മന്ത്രിമാർ രാജി വെച്ചെക്കുമെന്നാണു സൂചന.

സിദ്ദുവിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണു രാജിവച്ചതെന്ന് റസിയ സുൽത്താന പറഞ്ഞു. സിദ്ദു ധാർമികതയുള്ള മനുഷ്യനാണ്. അദ്ദേഹം പഞ്ചാബിനു വേണ്ടി പോരാടുകയാണ്. പാർട്ടി പ്രവർത്തകയായി തുടരുമെന്നും റസിയ വ്യക്തമാക്കി. റസിയയുടെ രാജിക്കു പിന്നാലെ സംസ്ഥാനത്ത് അടിയന്തര മന്ത്രിസഭാ യോഗം ചേർന്നെന്നാണു അറിയാൻ കഴിഞ്ഞത്. പഞ്ചാബ് മുഖ്യമന്ത്രിയായി ചരൺജിത് സിങ് ഛന്നി സത്യപ്രതിജ്ഞ ചെയ്ത് ഒരാഴ്ചയ്ക്കു ശേഷമാണ് സിദ്ദുവിന്റെ രാജി.

മുതിർന്ന കോൺഗ്രസ് നേതാവ് ക്യാപ്റ്റൻ അമരിന്ദർ സിങ്ങിനെ മാറ്റിയാണ് ചരൺജിത്തിനെ മുഖ്യമന്ത്രിയാക്കിയത്. പഞ്ചാബിന്റെ ഭാവിയിൽ വിട്ടുവീഴ്ചയ്ക്കില്ലെന്നു കാണിച്ചാണ് സിദ്ദു രാജിവച്ചത്. കോണ്‍ഗ്രസ് ഹൈക്കമാൻഡിനെ സമ്മർദത്തിലാക്കാനാണു സിദ്ദുവിന്റെ നീക്കമെന്നു റിപ്പോർട്ടുകളുണ്ട്.

സോണിയ ഗാന്ധിക്ക് രാജിക്കത്ത് കൈമാറി. ഒരു മനുഷ്യന്റെ സ്വഭാവത്തിന്റെ തകർച്ച വിട്ടുവീഴ്ച മൂലമാണ്. പഞ്ചാബിന്റെ ഭാവിയിലും പഞ്ചാബിന്റെ ക്ഷേമത്തിനായുള്ള അജണ്ടയിലും എനിക്ക് ഒരിക്കലും വിട്ടുവീഴ്ച ചെയ്യാൻ കഴിയില്ല. അതിനാൽ, ഞാൻ പഞ്ചാബ് പ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് സ്ഥാനം രാജിവെക്കുന്നു എന്നാണ് പഞ്ചാബ് പിസിസി അധ്യക്ഷസ്ഥാനം രാജിവെച്ച നവജ്യോത് സിങ് സിദ്ദു രാജിക്കത്തിൽ സൂചിപ്പിച്ചത്. അതെ സമയം താൻ കോൺഗ്രസിനെ സേവിക്കുന്നത് തുടരുമെന്നും നവജ്യോത് സിദ്ദു രാജിക്കത്തിൽ വ്യക്തമാക്കുന്നുണ്ട്.

ക്യാപ്റ്റൻ അമരീന്ദർ സിംഗ് സംസ്ഥാന മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞ ദിവസങ്ങൾക്കു ശേഷമാണ് ഇപ്പോൾ നവജ്യോത് സിംഗ് സിദ്ദു പഞ്ചാബ് പ്രദേശ് കോൺഗ്രസ് കമ്മറ്റി പ്രസിഡന്റ് സ്ഥാനം രാജി വെക്കുന്നത്. നവജ്യോത് സിംഗ് സിദ്ദുവുമായുള്ള അധികാര തർക്കത്തെ തുടർന്ന് അമരീന്ദർ സിംഗ് നിയമസഭാ തിരഞ്ഞെടുപ്പിന് അഞ്ച് മാസം മാത്രം ബാക്കി നിൽക്കെയാണ് പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനം രാജി വെച്ചത്. ഇന്ന് വൈകിട്ട് ക്യാപ്റ്റൻ അമരീന്ദർ സിംഗ് ബിജെപി നേതാക്കളെ സന്ദർശിക്കുമെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി അധ്യക്ഷൻ ജെപി നദ്ദ എന്നിവരെ ഡൽഹിയിൽ അമരീന്ദർ സിംഗ് കാണുമെന്നും ബിജെപിയിലേക്ക് ചേരുമെന്നുമാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. അതേസമയം തന്നെയുള്ള നവജ്യോത് സിങ് സിദ്ദുവിന്റെ രാജി വലിയ ചർച്ചയാവുകയാണ്.

പഞ്ചാബിൽ നിയമസഭാ തിരഞ്ഞെടുപ്പിന് വെറും നാല് മാസം മാത്രം ബാക്കിനിൽക്കേയാണ് കോൺഗ്രസിനുള്ളിൽ ഈ രാഷ്ട്രീയ കോലാഹലങ്ങൾ സംഭവിക്കുന്നത്. അമരീന്ദർ സിംഗിന്റെ രാജിക്ക് പിന്നാലെ ചരൺജിത് സിംഗ് ചന്നിയെ പഞ്ചാബ് മുഖ്യമന്ത്രിയായി കോൺഗ്രസ്സ് നിയമിച്ചു. ഇപ്പോൾ പിസിസി അധ്യക്ഷസ്ഥാനം രാജിവെച്ച് നവജ്യോത് സിങ് സിദ്ദുവും. പഞ്ചാബ് വീണ്ടും തിരഞ്ഞെടുപ്പിന് തയ്യാറെടുക്കുമ്പോൾ പഞ്ചാബ് കോൺഗ്രസ് യൂണിറ്റിലെ നിലവിലുള്ള പ്രതിസന്ധി പാർട്ടിക്ക് ശകുനമായി മാറിയേക്കാം.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close