Breaking NewsNEWSSPORTSWORLD

നിയമവിരുദ്ധമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടാൽ ഏഴുവര്‍ഷംവരെ തടവുശിക്ഷ; പുരുഷന്മാരും സ്ത്രീകളും പരസ്യമായി സ്‌നേഹം പ്രകടിപ്പിക്കാനും പാടില്ല; പൊതുസ്ഥലത്ത് മദ്യപാനത്തിനും വിലക്ക്; ഖത്തർ ലോകകപ്പിലെ നിയന്ത്രങ്ങൾ ഇങ്ങനെ

ദോഹ: ലോകകപ്പ് ഫുട്ബോൾ കാണാൻ ഖത്തറിലെത്തുന്നവർ ആത്മസംയമനം പാലിച്ചില്ലെങ്കിൽ കാത്തിരിക്കുന്നത് മുട്ടൻ പണി. ലോക കപ്പിന്റെ ഭാ​ഗമായി രാജ്യത്ത് ലൈം​ഗിക നിയന്ത്രണങ്ങളും മദ്യനിരോധനവും ഉൾപ്പെടെ നടപ്പാക്കും. നിയന്ത്രങ്ങൾ ലംഘിക്കുന്നവർക്ക് തടവുശിക്ഷ ഉൾപ്പെടെയാണ് കാത്തിരിക്കുന്നത്. മയക്കുമരുന്ന് കടത്തൽ പോലുള്ള കുറ്റകൃത്യങ്ങൾക്ക് കടുത്ത ശിക്ഷ നൽകുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നു.

ലോകകപ്പ് നടക്കുന്ന സമയത്ത് കർശന ലൈംഗികനിയന്ത്രണം നടപ്പാക്കാനാണ് ഖത്തർ അധികാരികളുടെ തീരുമാനം. വിവാഹത്തിനുമുമ്പ് ലൈംഗികബന്ധം വിലക്കുന്ന രാജ്യമാണ് ഖത്തർ. നിയമവിരുദ്ധമായി ലൈംഗികബന്ധത്തിൽ ഏർപ്പെട്ടതായി തെളിഞ്ഞാൽ ഏഴുവർഷംവരെ തടവുശിക്ഷ ലഭിക്കും. ലോകകപ്പിനെത്തുന്നവർക്കും ഇളവുണ്ടാകില്ലെന്നാണ് സൂചന. അവിവാഹിതരായ സ്ത്രീപുരുഷന്മാർ താമസത്തിന് വാടകമുറി പങ്കിട്ടെടുക്കുന്നതിനും വിലക്കുണ്ട്. വ്യത്യസ്ത കുടുംബപ്പേരുകളുള്ള അവിവാഹിതരെ ബുക്കിങ്ങിൽനിന്ന് വിലക്കുന്നതായി റിപ്പോർട്ടുകളുണ്ട്. സ്വവർഗലൈംഗികതയ്ക്കും ശിക്ഷയുണ്ടാകും.

പൊതുസ്ഥലത്തെ മദ്യപാനത്തിന് വിലക്കുള്ള രാജ്യമാണ് ഖത്തർ. ലോകകപ്പിന്റെ ഭാഗമായുള്ള മദ്യപാനപാർട്ടികളും ഖത്തറിൽ അനുവദിക്കില്ല. മദ്യപാനത്തിനു പിടിക്കപ്പെട്ടാൽ കർശനമായ പ്രത്യാഘാതമുണ്ടാകുമെന്ന് മുന്നറിയിപ്പുണ്ട്. എന്നാൽ, ലോകകപ്പിന്റെ സമയത്ത് യൂറോപ്യൻ രാജ്യങ്ങളടക്കമുള്ളവരുടെ താത്പര്യമനുസരിച്ച് പ്രത്യേക ഫാൻ സോണുകളിൽ മദ്യം അനുവദിക്കാൻ ആലോചനയുണ്ട്. പൊതുസ്ഥലത്ത് ശരീരം ശരിയായി മറയ്ക്കാതെ വസ്ത്രം ധരിക്കുന്നവരും കുടുങ്ങും. പുരുഷന്മാരും സ്ത്രീകളും പരസ്യമായി സ്‌നേഹം പ്രകടിപ്പിക്കുന്നതിനും വിലക്കുണ്ടാകും.

കൊക്കെയ്ൻ അടക്കമുള്ള മയക്കുമരുന്നുകൾ ഉപയോഗിക്കുന്നവരോ കടത്തുന്നവരോ ദയവായി ലോകകപ്പിനു വരേണ്ടെന്നാണ് ഖത്തർ പറയുന്നത്. ഖത്തറിലേക്ക് മയക്കുമരുന്ന് കടത്തുന്നവർക്ക് 20 വർഷംവരെ തടവും 1,00,000 റിയാൽ (ഏകദേശം 21.50 ലക്ഷം രൂപ) മുതൽ 3,00,000 റിയാൽ (ഏകദേശം 64.50 ലക്ഷം രൂപ) വരെ പിഴയും ലഭിക്കും. കുറ്റം ആവർത്തിച്ചാൽ ജീവപര്യന്തം തടവോ വധശിക്ഷയോവരെ ലഭിക്കാനും സാധ്യതയുണ്ട്. മയക്കുമരുന്ന് ഉപയോഗിക്കുന്നവരുമായോ കള്ളക്കടത്തുകാരുമായോ അടുത്തബന്ധം പുലർത്തുന്നവരെയും കടുത്തശിക്ഷ കാത്തിരിക്കുന്നു. ഇംഗ്ലണ്ട് ഉൾപ്പെടെയുള്ള ടീമുകൾ അവരുടെ ഫുട്ബോൾ ആരാധകരോട് ഖത്തറിലെത്തി മാന്യമായി പെരുമാറണമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ലോകകപ്പിനിടെ മയക്കുമരുന്ന് കടത്തുന്നവരെ പിടികൂടാൻ ഖത്തറിലെ ഉദ്യോഗസ്ഥരുമായി പൂർണമായി സഹകരിക്കുമെന്ന് ബ്രിട്ടീഷ് പോലീസും അറിയിച്ചിട്ടുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close