INSIGHTKERALANEWS

ഇലന്തൂർ ഗവ. നഴ്സിങ് സ്കൂളിലെ വാച്ചർ രാഹുലിനെ പരിചയപ്പെട്ടാലോ; ഇത് കെഎഎസ് രണ്ടാം സ്ട്രീം പരീക്ഷയിൽ 21–ാം റാങ്ക് നേടിയ ചെറുപ്പക്കാരന്റെ കഥ

എരുമേലി: ഇതൊരു പത്തനംതിട്ട സ്വദേശി രാഹുൽ എ.രാജിന്റെ കഥയാണ്. സാധാരണക്കാരിൽ സാധാരണക്കാരനായ രാഹുൽ. തന്റെ ചുറ്റു വട്ടത്തും സമീപ പ്രദേശങ്ങളിലും മാത്രം അറിഞ്ഞിരുന്ന രാഹുലിനെ ഇന്ന് ഒരുപക്ഷെ കുറച്ചെങ്കിലും കൂടുതൽ ആളുകൾക്ക് സുപരിചിതൻ. രാത്രി കാലങ്ങളിൽ ഇലന്തൂർ ഗവ. നഴ്സിങ് സ്കൂളിലെ വാച്ചർ ആയി രാഹുലിനെ അറിയുന്നവരുണ്ട്. പകൽ സമയത്തോ ടാപ്പിങ്ങും പശുവളർത്തലും. അങ്ങനെയും രാഹുലിനെ പലർക്കും അറിയാം. എന്നാലിത് വാച്ച്മാന്റെ കഥയല്ല, പശു വളർത്തൽക്കാരന്റെ കഥയുമല്ല. കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് (കെഎഎസ്) രണ്ടാം സ്ട്രീം പരീക്ഷയിൽ 21–ാം റാങ്ക് നേടിയ അറയാഞ്ഞിലിമണ്ണ് ഏറത്തേടത്ത് രാഹുലിന്റെ വിജയ കഥ…

വൈറ്റ് കോളർ ജോലികൾ ആഗ്രഹിച്ച് നടക്കുന്ന ഒരു വിഭാഗത്തിനിടയിൽ, തന്റെ വിദ്യാഭ്യാസത്തിനു ചേരാത്ത ജോലികൾ ചെയ്യാൻ വിമുഖത കാണിക്കുന്ന പുതിയ തലമുറക്ക് മുന്നിലും മാതൃകയാവുകയാണ് രാഹുൽ. പകലും രാത്രിയും കുടുംബം പോറ്റാൻ തന്നാലാവുന്ന ഏത് ജോലിയും ചെയ്യാൻ ഈ ചെറുപ്പക്കാരൻ തയാറായിരുന്നു. അപ്പോഴും മനസ്സിൽ കെടാതെ സൂക്ഷിച്ച തീവ്രമായ ആഗ്രഹങ്ങളുമുണ്ടായിരുന്നു രാഹുലിന്. ആഗ്രഹങ്ങൾ മാത്രമല്ല ഒഴിവു സമയങ്ങളിൽ അതിനുള്ള പ്രയത്‌നത്തിനും രാഹുൽ സമയം കണ്ടെത്തി. ഒടുവിൽ രാഹുലിന്റെ അധ്വാനത്തിന്റെ മധുരമായിരുന്നു കെഎഎസ് പരീക്ഷ ഫലത്തിന്.

ജോലിക്കിടെ പഠിച്ചാണ് രാഹുൽ ഈ നേട്ടം കരസ്ഥമാക്കിയത്. തന്റെ ദൈനംദിന കർത്തവ്യങ്ങൾ എല്ലാം കഴിഞ്ഞും പഠിക്കാൻ സമയം കണ്ടെത്തി. സിവിൽ സർവീസ് ചെറുപ്പം മുതലുള്ള ആഗ്രഹമായിരുന്നു. 2 വട്ടം സിവിൽസർവീസ് പരീക്ഷ എഴുതിയെങ്കിലും റാങ്ക് പട്ടികയിൽ ഇടം നേടാനാവാത്തതോടെ കെഎഎസ് ലക്ഷ്യമിട്ടു പഠിച്ചു നേട്ടം കൊയ്തു.

അച്ഛൻ കെ.രാജു പ്ലാന്റേഷൻ കോർപറേഷനിലാണു ജോലി ചെയ്യുന്നു. അച്ഛനെ സഹായിക്കാനായാണ് രാഹുൽ ടാപ്പിങ് പഠിക്കുന്നത് പോലും. സന്താനവല്ലിയാണ് അമ്മ. വെഞ്ഞാറമൂട് മുസ്‌ലിം അസോസിയേഷൻ കോളജ് ഓഫ് എൻജിനീയറിങ്ങിൽനിന്ന് സിവിൽ എൻജിനീയറിങ്ങിൽ ബിരുദവും അടൂർ ശ്രീനാരായണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽനിന്ന് എംബിഎയും നേടിയിട്ടുണ്ട്. സഹോദരി രാഖി അറയാഞ്ഞിലിമൺ ഗവ. സ്കൂൾ അധ്യാപികയാണ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close