INDIANEWSTop News

“ഒന്നല്ല; എല്ലാ ഫോണുകളും ചോർത്തി; ഞാനിത് നേരത്തേ അറിഞ്ഞിരുന്നു” ജനാധിപത്യത്തെ തകർക്കാൻ അമിത് ഷാ ഉപയോഗിക്കുന്ന ആയുധമാണ് പെഗാസസ് എന്ന് രാഹുൽ ഗാന്ധി

ന്യൂഡല്‍ഹി : രാജ്യത്തെ സ്ഥാപനങ്ങള്‍ തകര്‍ക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പെഗാസസിനെ ഉപയോഗിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി. ഇസ്രായേല്‍ സര്‍ക്കാര്‍ പെഗസസിനെ ഭീകരർക്കും ശതൃക്കൾക്കും എതിരെയുള്ള ആയുധമായി കണക്കാക്കി ഉപയോഗിക്കുമ്പോൾ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും ഈ ആയുധം ഇന്ത്യക്കെതിരെയും ഇന്ത്യയിലെ സംവിധാനങ്ങള്‍ക്കെതിരെയും ഉപയോഗിച്ചിരിക്കുകയാണെന്നും രാഹുൽ ഗാന്ധി വിമർശിച്ചു. ആഭ്യന്തരമന്ത്രി അമിത് ഷാ രാജിവയ്ക്കണമെന്നും വിഷയത്തില്‍ സുപ്രീം കോടതിയുടെ മേല്‍നോട്ടത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും രാഹുൽ ഗാന്ധി പ്രസ്താവിച്ചു.

പാര്‍ലമെന്റിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ കോണ്‍ഗ്രസ് എംപിമാര്‍ നടത്തിയ പ്രതിഷേധത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒന്നല്ല, തന്റെ എല്ലാ ഫോണും അവർ ചോർത്തിയെന്നും ഇക്കാര്യം തന്റെ സുരക്ഷാ ഉദ്യോഗസ്ഥർ കണ്ടെത്തിയിരുന്നു എന്നും രാഹുൽ ഗാന്ധി പ്രസ്താവനയിൽ പറഞ്ഞു. രാഹുല്‍ ഗാന്ധി എന്ന വ്യക്തിയുടെ സ്വകാര്യത മാത്രമല്ല പ്രശ്‌നം. താന്‍ പ്രതിപക്ഷ നിരയിലെ നേതാവാണ്. ജനങ്ങളുടെ ശബ്ദത്തിനു നേര്‍ക്കുള്ള കടന്നാക്രമണമാണ് ഇതെന്നും രാഹുല്‍ഗാന്ധി ആരോപിച്ചു. ഫോണ്‍ ചോര്‍ത്തിയിട്ട് അവര്‍ക്കു പ്രത്യേകിച്ച് ഒന്നും കിട്ടാനില്ല. ഭയപ്പെടുന്നില്ല. അഴിമതിക്കാരനും കള്ളനുമാണെങ്കിലേ ഭയപ്പെടേണ്ടതുള്ളൂ എന്നും അദ്ദേഹം പറഞ്ഞു.

ജനാധിപത്യ രാജ്യമായ ഇന്ത്യയെ തകർക്കാൻ അമിത് ഷാ പെഗസസ് ഉപയോഗിക്കുകയാണെന്നും സർക്കാർ പെഗസസിന് പണം നൽകിയോ എന്ന് മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സർക്കാരിന് മാത്രമാണ് പെഗസസ് വാങ്ങാൻ സാധിക്കുക. പ്രധാനമന്ത്രിയുടേയോ ആഭ്യന്തര മന്ത്രിയുടേയോ ഒപ്പുണ്ടെങ്കിൽ മാത്രമേ അത് സാധ്യമാകൂ. സൈന്യത്തിന് പോലും പെഗസസ് വാങ്ങാൻ സാധിക്കില്ല എന്നും രാഹുൽ ഗാന്ധി പറയുന്നു.

ഫോണ്‍ ചോര്‍ത്തലില്‍ ഉള്‍പ്പെട്ടിരുന്ന 10 പേരുടെ ഫോണില്‍ പെഗാസസ് ചാര സോഫ്റ്റ് വെയര്‍ സാന്നിധ്യം കണ്ടെത്തിയെന്ന് ഫോറന്‍സിക് പരിശോധനയില്‍ തെളിഞ്ഞതായി ദേശീയ മാധ്യമമായ ദ വയര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇവരുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

ഫോണ്‍ ചോര്‍ത്തിയവരുടെ പട്ടികയില്‍ മന്ത്രിമാര്‍, രാഷ്ട്രീയ നേതാക്കള്‍ എന്നിവര്‍ക്ക് പുറമെ നിരവധി പ്രമുഖ മാധ്യമപ്രവര്‍ത്തകരും ഉള്‍പ്പെടുന്നു. ശിശിര്‍ ഗുപ്ത, സിദ്ധാര്‍ത്ഥ് വരദരാജന്‍, എം കെ വേണു, സുശാന്ത് സിങ്, വിജൈത സിങ്, രോഹിണി സിങ്, സന്ദീപ് ഉണ്ണിത്താന്‍ തുടങ്ങിയവരുടെ പേരുകളും ഉള്‍പ്പെടുന്നതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close