Breaking NewsNEWSWORLD

ശ്രീലങ്കയിൽ കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫീസിൽ റെയ്ഡ്; തൊഴിലാളി നേതാവ് അറസ്റ്റിൽ; പ്രക്ഷോഭകർക്കെതിരെ നിലപാട് കടുപ്പിച്ച് റനില്‍ വിക്രമസിംഗെ സർക്കാർ

കൊളംബോ: ശ്രീലങ്കയിൽ കമ്യൂണിസ്റ്റ് പാർട്ടിയായ ഫ്രണ്ട്‌ലൈൻ സോഷ്യലിസ്റ്റ് പാർട്ടിയുടെ ഓഫീസിൽ പൊലീസ് റെയ്ഡ്. പ്രക്ഷോഭകർക്കെതിരായ നടപടികൾ ശക്തമാകുന്നതിന്റെ ഭാ​ഗമായാണ് റെയ്ഡ് നടത്തിയത്. റനിൽ വിക്രമസിംഗെ പ്രസിഡന്റായി അധികാരമേറ്റതിന് പിന്നാലെയാണ് സർക്കാർ വിരുദ്ധ സമരക്കാർക്കെതിരെ രാജ്യത്ത് നടപടികൾ ശക്തമാക്കുന്നത്.

എന്നാൽ പരിശോധന നടത്തിയ സംഘത്തിന്റെ പക്കൽ സെർച്ച് വാറന്റ് ഉണ്ടായിരുന്നില്ലെന്നും സിവിൽ വേഷത്തിൽ ഓഫീസിൽ പരിശോധനക്കെത്തിയ സംഘത്തിൽ ഒരാൾ മാത്രമാണ് പൊലീസ് യൂണിഫോം ധരിച്ചിരുന്നതെന്നും ഫ്രണ്ട്‌ലൈൻ സോഷ്യലിസ്റ്റ് പാർട്ടി വക്താവ് ദുമിന്ദ നാഗമുവ പറഞ്ഞു. 2012ൽ ജനത വിമുക്തി പെരമുന പാർട്ടിയിലെ വിമത അംഗങ്ങൾ ചേർന്ന് രൂപീകരിച്ചതാണ് ഫ്രണ്ട്‌ലൈൻ സോഷ്യലിസ്റ്റ് പാർട്ടി.

അതേസമയം, സർക്കാർ വിരുദ്ധ സമരങ്ങളുടെ ഭാഗമായി രാജ്യത്തെ പൊതു സ്വത്തുക്കൾക്ക് തീ വെച്ചത് ഫ്രണ്ട്‌ലൈൻ സോഷ്യലിസ്റ്റ് പാർട്ടി പ്രവർത്തകരാണെന്നാണ് ഭരണകക്ഷി നേതാക്കൾ ആരോപിക്കുന്നത്. ഇതിനിടെ ശ്രീലങ്കൻ തൊഴിലാളി സംഘടനാ നേതാവും തുറമുഖ സുരക്ഷാ ഉദ്യോഗസ്ഥനുമായ ഉദേനി കാലുതന്ത്രിയെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രസിഡന്റിന്റെ ഓഫീസിൽ അതിക്രമിച്ച് കയറി പ്രസിഡന്റിന്റെ പതാകയെ അവഹേളിച്ചു എന്നാരോപിച്ചാണ് അറസ്റ്റ്.

കൊളംബോയിലെ ഡാം സ്ട്രീറ്റ് പൊലീസിന് മുന്നിൽ കീഴടങ്ങിയതിന് പിന്നാലെയാണ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തതെന്ന് ശ്രീലങ്കൻ മാധ്യമമായ ഡെയ്‌ലി മിറർ റിപ്പോർട്ട് ചെയ്തു. രാജ്യത്തെ മുഖ്യ പ്രതിപക്ഷമായ സമാഗി ജന ബലവേഗ പാർട്ടിയുടെ തൊഴിലാളി സംഘടനയായ സമാഗി സേവക സംഗമയുടെ മുൻ വൈസ് പ്രസിഡന്റ് കൂടിയാണ് ഉദേനി കാലുതന്ത്രി.

നേരത്തെ റനിൽ വിക്രമസിംഗെ ജൂലൈ 20ന് പ്രസിഡന്റായി അധികാരമേറ്റതിന് പിന്നാലെ തന്നെ സൈന്യത്തെ ഉപയോഗിച്ച് സമരക്കാരെ അടിച്ചമർത്തുന്നതിനുള്ള നടപടികൾ ആരംഭിച്ചിരുന്നു. ജൂലൈ 21 അർധരാത്രിയോടെയായിരുന്നു സൈനിക നടപടികൾ ആരംഭിച്ചത്. തലസ്ഥാനമായ കൊളംബോയിലെ സർക്കാർ വിരുദ്ധ സമരകേന്ദ്രങ്ങളിലാണ് സൈന്യം റെയ്ഡ് നടത്തുകയും അക്രമം അഴിച്ചുവിടുകയും ചെയ്തത്. പ്രസിഡന്റിന്റെ കൊട്ടാരത്തിലുണ്ടായിരുന്ന പ്രക്ഷോഭകരെ അടിച്ചോടിച്ച സൈന്യം സമരപന്തലുകളും അടിച്ചുതകർത്തിരുന്നു. അഭിഭാഷകരും ആക്ടിവിസ്റ്റുകളുമടക്കം സമരത്തിന്റെ ഭാഗമായിരുന്ന നിരവധി പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

പുലർച്ചെ രണ്ട് മണിയോടുകൂടി ഇരച്ചെത്തിയ സൈന്യം സമരക്കാരുടെ ടെന്റുകൾ അടിച്ചു തകർത്തുവെന്നും സമരക്കാരെ ക്രൂരമായി ഉപദ്രവിച്ചെന്നും സംഭവത്തിന്റെ ദൃക്സാക്ഷികൾ പ്രതികരിച്ചിരുന്നു. മാധ്യമപ്രവർത്തകർക്ക് നേരെയും സൈന്യത്തിന്റ ആക്രമണമുണ്ടായി. സംഭവത്തിൽ അമ്പതോളം പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close