KERALANEWSTop News

കേരളത്തിൽ 2018ലെ പ്രളയത്തിന് സമാനമായ സാഹചര്യം; അറബിക്കടലിലെയും ബം​ഗാൾ ഉൾക്കടലിലെയും ന്യൂനമർദ്ദങ്ങളുടെ സം​ഗമം കേരളത്തിന് നൽകുക പെരുമഴ; സംസ്ഥാനത്തിന് ഇന്നും നാളെയും നിർണായക ദിനങ്ങൾ

തിരുവനന്തപുരം: അറബിക്കടലിലും ബം​ഗാൾ ഉൾക്കടലിലുമായി രണ്ട് ന്യൂനമർദ്ദങ്ങൾ രൂപപ്പെടുമെന്ന പ്രവചനത്തിന് പിന്നാലെ കേരളത്തിൽ ആശങ്ക. രണ്ട് ന്യൂനമർദ്ദങ്ങളും കേരളത്തെ നേരിട്ട് ബാധിക്കില്ലെന്നാണ് പറയുന്നെങ്കിലും കേരളത്തെ സംബന്ധിച്ച് ഇന്നും നാളെയും അതീവ ജാ​ഗ്രത പാലിക്കേണ്ട ദിവസങ്ങളാണെന്നാണ് അധികൃതരും കാലാവസ്ഥാ നിരീക്ഷകരും പറയുന്നത്. അറബിക്കടലിൽ രൂപപ്പെടുന്ന ന്യൂനമർദ്ദങ്ങൾ ചുഴലിക്കൊടുങ്കാറ്റായി മാറുന്ന പ്രതിഭാസവും 2018ലെ പ്രളയത്തിന് കാരണമായ ന്യൂനമർദ്ദ സം​ഗമത്തിന് സമാനാമായ അവസ്ഥയുമാണ് കേരളത്തിന് ഇപ്പോൾ ഭീഷണിയാകുന്നത്.

ലക്ഷദ്വീപിനോടു ചേർന്ന രൂപപ്പെട്ട് ന്യൂനമർദ്ദം കേരളത്തിനു നേരെ വരുന്നു എന്നാണ് റിപ്പോർട്ട്. ഇതിനൊപ്പം 17ാം തീയതിയോടെ മറ്റൊരു ന്യൂനമർദവും ബംഗാൾ ഉൾക്കടലിൽ രൂപപ്പെടുന്നുണ്ട്. 2018ലെ പ്രളയത്തിനു കാരണമായതും ഇത്തരമൊരു ന്യൂനമർദ്ദ സംഗമമായിരുന്നു. ബംഗാൾ ഉൾക്കടലിൽ ഇപ്പോൾ ശക്തിപ്രാപിക്കുന്ന ന്യൂനമർദം കേരളത്തെ നേരിട്ടു ബാധിക്കില്ലെങ്കിലും പരോക്ഷമായി മഴയുടെ ശക്തികൂട്ടും. രണ്ടാമത്തേത് അറബിക്കടലിൽ ലക്ഷദ്വീപിനോടു ചേർന്നാണ് രൂപപ്പെട്ടിരിക്കുന്നത്. ഇത് 24 മണിക്കൂറിനുള്ളിൽ കേരള തീരത്തുകൂടെ കരയിലേക്കു പ്രവേശിച്ച് കേരളത്തെ നേരിട്ടു ബാധിക്കും. 16 ാം തീയതിയോടെ ഇവ രണ്ടും ഒരേ (അക്ഷാംശ) നേർരേഖയിലെത്തുന്നതോടെ രാജ്യത്തിന്റെ മധ്യഭാഗത്തേക്ക് മഴ മാറും. അറബിക്കടലിലെ ന്യൂനമർദം മിക്കവാറും മധ്യകേരളത്തിനു മുകളിലൂടെയുള്ള പാതയിലൂടെയാകും കടന്നു പോവുക. അങ്ങനെ അസാധാരണ ഒക്ടോബറാണ് ഇത്. കേരളത്തിൽ ഇതുവരെ ഒരു ചുഴലിക്കാറ്റ് ആഞ്ഞടിച്ചതായി രേഖപ്പെടുത്തിയിട്ടില്ല. എന്നാൽ, കാലാവസ്ഥാവ്യതിയാനത്തിന്റെ പശ്ചാത്തലത്തിൽ ഇതിനുള്ള സാധ്യത തള്ളിക്കളയാനാവില്ല.

ഒന്നു കിഴക്കോട്ട് ചലിക്കുമ്പോൾ മറ്റൊന്ന് പടിഞ്ഞാറേക്ക് ചലിക്കും. രണ്ടിൽ നിന്നുമുള്ള ഗതീകോർജം കേരളത്തിനു മുകളിലും കനത്ത മേഘപ്പാളികൾ എത്തിക്കും. ന്യൂനമർദം മലപ്പുറം, പാലക്കാട് ജില്ലകളിൽ കനത്ത മഴയ്ക്കു വഴിതുറക്കും. 15ന് പാലക്കാട്, മലപ്പുറം ജില്ലകളിലും 16ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറിൽ 20 സെന്റീമീറ്ററിലധികംവരെ മഴ പെയ്‌തേക്കാവുന്ന അതീവ ഗുരുതര സാഹചര്യമാണിത്. 11.5 സെമീ വരെ കനത്ത മഴയാണ് യെലോ അലർട്ടിന്റെ സാധ്യത.

15ന് യെലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകൾ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, കണ്ണൂർ, കാസർകോട് എന്നിവയാണ്. 16നു യെലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നതുകൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, കാസർകോട് ജില്ലകളിലും. 16 വരെ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മത്സ്യബന്ധനത്തിനു പോകുന്നതു വിലക്കി കർശന മുന്നറിയിപ്പു പുറപ്പെടുവിച്ചു. ഒക്ടോബർ 18 വരെ കേരളത്തിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ദുരന്ത നിവാരണ അഥോറിറ്റി പുറപ്പെടുവിക്കുന്ന പൊതുജാഗ്രത നിർദ്ദേശങ്ങൾ ഇവയാണ്:

കഴിഞ്ഞ ദിവസങ്ങളിൽ വലിയ അളവിൽ മഴ ലഭിച്ച പ്രദേശങ്ങളിൽ മഴ തുടരുന്ന സാഹചര്യത്തിൽ താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോര പ്രദേശങ്ങൾ എന്നിവിടങ്ങളിൽ താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്നും കളക്ടർ അറിയിച്ചു.

മുൻവർഷങ്ങളിൽ ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ, വെള്ളപ്പൊക്കം എന്നിവ ഉണ്ടായ മേഖലകളിൽ ഉള്ളവരും, ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയും സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റിയുടെ വിദഗ്ധ സമിതിയും അപകട സാധ്യത മേഖലകൾ അഥവാ വാസയോഗ്യമല്ലാത്ത പ്രദേശങ്ങളെന്ന് കണ്ടെത്തിയ സ്ഥലങ്ങളിൽ താമസിക്കുന്നവരും അവിടങ്ങളിലുള്ള തദ്ദേശ സ്ഥാപനങ്ങളും സർക്കാർ സംവിധാനങ്ങളും അപകട സാധ്യത മുന്നിൽക്കണ്ട് തയ്യാറെടുപ്പുകൾ പൂർത്തീകരിക്കണം.കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ ദുരിതാശ്വാസ ക്യാമ്പുകൾ നടത്താൻ സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി ഓറഞ്ച് ബുക്ക് 2021 ലൂടെ നിർദ്ദേശിച്ച തരത്തിലുള്ള തയ്യാറെടുപ്പുകൾ പൂർത്തീകരിക്കേണ്ടതാണെന്നും കളക്ടർ അറിയിച്ചു.

പൊതുജനങ്ങൾക്കുള്ള പ്രത്യേക നിർദ്ദേശങ്ങൾ

അതിശക്തമായ മഴ മുന്നറിയിപ്പുള്ള സാഹചര്യത്തിൽ അധികൃതരുടെ നിർദ്ദേശങ്ങൾ അനുസരിച്ച് മാറിത്താമസിക്കേണ്ട ഇടങ്ങളിൽ അതിനോട് സഹകരിക്കേണ്ടതാണ്.

വിവിധ തീരങ്ങളിൽ കടലാക്രമണം ശക്തമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണം. ആവശ്യമായ ഘട്ടത്തിൽ മാറി താമസിക്കണം. മൽസ്യബന്ധനോപധികൾ സുരക്ഷിതമാക്കി വെക്കണം.

അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും മേൽക്കൂര ശക്തമല്ലാത്ത വീടുകളിൽ താമസിക്കുന്നവരും വരും ദിവസങ്ങളിലെ മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തിൽ സുരക്ഷയെ മുൻകരുതി മാറി താമസിക്കാൻ തയാറാകണം.

സ്വകാര്യ-പൊതു ഇടങ്ങളിൽ അപകടവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ/പോസ്റ്റുകൾ/ബോർഡുകൾ തുടങ്ങിയവ സുരക്ഷിതമാക്കേണ്ടതും മരങ്ങൾ കോതി ഒതുക്കുകയും ചെയ്യേണ്ടതാണ്. അപകടാവസ്ഥകൾ അധികൃതരുടെ ശ്രദ്ധയിൽ പെടുത്തണം.

ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറേണ്ടുന്ന ഘട്ടങ്ങളിൽ പൂർണ്ണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണം.

ദുരന്ത സാധ്യത മേഖലയിലുള്ളവർ ഒരു എമെർജൻസി കിറ്റ് അടിയന്തരമായി തയാറാക്കി വെക്കണം. കിറ്റ് തയാറാക്കുന്നതിനുള്ള നിർദ്ദേശങ്ങൾ https://sdma.kerala.gov.in/wp-content/uploads/2020/07/Emergency-Kit.pdf എന്ന ലിങ്കിൽ ലഭിക്കും.

ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ ഒരു കാരണവശാലും നദികൾ മുറിച്ചു കടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീൻപിടിക്കാനോ മറ്റ് ആവശ്യങ്ങൾക്കോ ഇറങ്ങാൻ പാടുള്ളതല്ല.

ജലാശയങ്ങൾക്ക് മുകളിലെ മേൽപ്പാലങ്ങളിൽ കയറി കാഴ്ച കാണുകയോ സെൽഫിയെടുക്കുകയോ കൂട്ടം കൂടി നിൽക്കുകയോ ചെയ്യരുത്.

അണക്കെട്ടുകളുടെ താഴെ താമസിക്കുന്നവർ അണക്കെട്ടുകളിൽ നിന്ന് വെള്ളം പുറത്തേക്ക് ഒഴുക്കി വിടാനുള്ള സാധ്യത മുൻകൂട്ടി കണ്ട് കൊണ്ടുള്ള തയ്യാറെടുപ്പുകൾ നടത്തുകയും അധികൃതരുടെ നിർദ്ദേശങ്ങൾക്ക് അനുസരിച്ച് ആവശ്യമെങ്കിൽ മാറിത്താമസിക്കുകയും വേണം.

മലയോര മേഖലയിലേക്കുള്ള രാത്രി സഞ്ചാരം പൂർണ്ണമായി ഒഴിവാക്കുക.

കാറ്റിൽ മരങ്ങൾ കടപുഴകിയും പോസ്റ്റുകൾ തകർന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങളും ശ്രദ്ധിക്കണം.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close