INDIANEWS

വിവാഹ രജിസ്‌ട്രേഷന്‍ നിയമങ്ങളില്‍ ഭേദഗതി വരുത്തി രാജസ്ഥാൻ ; ശൈശവ വിവാഹ രജിസ്‌ട്രേഷന്‍ നിർബന്ധമാക്കി ; കരിദിനം എന്ന് പ്രതിപക്ഷം

ജയ്പൂര്‍ : വിവാഹ രജിസ്‌ട്രേഷന്‍ നിയമങ്ങളില്‍ ഭേദഗതി വരുത്തി രാജസ്ഥാൻ സർക്കാർ. ശൈശവ വിവാഹങ്ങള്‍ ഉള്‍പ്പെടെ നിര്‍ബന്ധമായി രജിസ്റ്റര്‍ ചെയ്യണമെന്നാണ് പുതിയ ഭേദഗതി. ശൈശവ വിവാഹത്തെ നിയമപപരമായി അംഗീകരിക്കുന്നതാണ് പുതിയ ബില്ലെന്ന് പ്രതിപക്ഷം ആരോപിച്ചു. ബില്‍ പാസ്സാക്കിയതിനെ തുടര്‍ന്ന് ഇറങ്ങിപ്പോയി പ്രതിപക്ഷം പ്രതിഷേധം അറിയിച്ചു. 2009ലെ നിര്‍ബന്ധിത വിവാഹ രജിസ്‌ട്രേഷന്‍ നിയമത്തിലാണ് ഭേദഗതി ബില്‍ വെള്ളിയാഴ്ച പാസ്സാക്കിയത്.

വിവാഹം നടന്ന് 30 ദിവസത്തിനുള്ളിൽ വിവാഹം സംബന്ധിച്ചുള്ള വിവരങ്ങൾ മാതാപിതാക്കളോ രക്ഷിതാക്കളോ അധികൃതർക്ക് നൽകണമെന്ന് ബില്ലിൽ വ്യക്തമാകുന്നു. ഈ ബില്ല് ശരിയല്ലെന്നു ചൂണ്ടിക്കാട്ടി മുഖ്യപ്രതിപക്ഷമായ ബിജെപി പ്രതിഷേധിച്ചു. ഇത്തരം രീതികൾ എന്തിനാണെന്നും അതിന്റെ ആവശ്യകത എന്താണെന്നും ഉള്ള തരത്തിൽ ബിജെപി ചോദ്യം ചെയ്തു. നിയമസഭയുടെ ചരിത്രത്തില്‍ ഈ ബില്‍ കറുത്ത അധ്യായം സൃഷ്ടിച്ചെന്ന് ബിജെപി എംഎല്‍എ അശോക് ലഹോട്ടി പറഞ്ഞു.

എന്നാൽ ശൈശവ വിവാഹം നിയമ സാധുതയുള്ളതാണെന്ന് ബില്ലില്‍ ഒരിടത്തും പറയുന്നില്ലന്ന് രാജസ്ഥാന്‍ പാര്‍ലമെന്ററി കാര്യമന്ത്രി ശാന്തി ധരിവാള്‍ വ്യക്തമാക്കി. വിവാഹ സര്‍ട്ടിഫിക്കറ്റ് നിയമപരമായ രേഖയാണ്. വിധവയായ ഒരാള്‍ക്ക് ഈ രേഖയുടെ അഭാവത്തില്‍ യാതൊരു സര്‍ക്കാന്‍ ആനുകൂല്യങ്ങളും ലഭിക്കില്ല. അത്തരമൊരു സാഹചര്യം ഒഴിവാക്കാനാണ് സര്‍ക്കാര്‍ നടപടിയെന്നും അദ്ദേഹം പറഞ്ഞു.

പുതിയ നിയമമനുസരിച്ച് വിവാഹ രജിസ്ട്രേഷന്‍ ഓഫീസറെയും ബ്ലോക്ക് രജിസ്ട്രേഷന്‍ ഓഫിസറെയും നിയമിക്കും. നേരത്തെ വിവാഹ രജിസ്‌ട്രേഷന് ഡിഎംആര്‍ഒക്ക് മാത്രമേ അധികാരമുണ്ടായിരുന്നുള്ളൂ. വിവാഹസമയത്ത് പെണ്‍കുട്ടിയുടെ പ്രായം 18 വയസ്സിന് താഴെയും ആണ്‍കുട്ടിയുടെ പ്രായം 21 ല്‍ കുറവുമാണെങ്കില്‍, 30 ദിവസത്തിനുള്ളില്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ രജിസ്ട്രേഷന്‍ ഓഫീസറെ അറിയിക്കണമെന്ന് ബില്ലില്‍ പറയുന്നു. ശബ്ദ വോട്ടോടെയാണ് ബില്‍ പാസായത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close