INSIGHTTrending

പെണ്ണുടൽ പുരുഷന്റെ കാമശമനത്തിനുള്ള ഉപകരണമെന്ന ചിന്ത മാറണം; അബലയും അശുദ്ധയും അല്ലെന്ന ബോധ്യം വളർത്താനാകണം; കേരളത്തിലെ പെൺ ആത്മഹത്യകൾക്ക് പരിഹാരം പറഞ്ഞ് പ്രമുഖ സൈക്കോളജിസ്റ്റ് രാജശ്രീ പ്രവീൺ

കഴിഞ്ഞ ദിവസം ഉയർന്ന ചോദ്യങ്ങളിൽ പ്രധാനം നമ്മുടെ പെൺകുട്ടികൾക്ക് എന്താണ് സംഭവിക്കുന്നത് എന്നുള്ളതാണ്. 24 മണിക്കൂറിനിടെ ആത്മഹത്യ ചെയ്ത നാല് പെൺകുട്ടികളും വിവാഹിതരും മുപ്പത് വയസ്സിൽ താഴെയുള്ളവരുമായിരുന്നു. ജീവിത യാഥാർത്ഥ്യങ്ങളെ മനസ്സിലാക്കി സ്വന്തം നിലനിൽപ്പിനായി പരിശ്രമിക്കാതെ ആത്മഹത്യയിൽ അഭയം തേടുന്ന പെൺജന്മങ്ങളുടെ എണ്ണം നമ്മുടെ സംസ്ഥാനത്ത് കൂടുകയാണ്. സ്ത്രീധനം മാത്രമാണോ ആത്മഹത്യയിലേക്ക് നമ്മുടെ പെൺമക്കളെ നയിക്കുന്നതിന്റെ പ്രധാനകാരണം. സമ്പത്തിക സുരക്ഷിതത്വം ഇല്ലായ്മ മാത്രമല്ല, വികലമായ സാമൂഹിക കാഴ്ച്ചപ്പാടുകളും മാറിയാലേ കേരളത്തിലെ പെൺകുട്ടികളുടെ അകാലമരങ്ങൾക്ക് അറുതി വരുത്താനാകൂ.

കെട്ടിച്ചയക്കേണ്ട പെൺകുട്ടികൾ എന്നും അന്യവീട്ടിൽ പോയി താമസിക്കേണ്ടവൾ എന്നുമുള്ള ബോധമാണ് ഇന്ന് കേരളത്തിലെ ഓരോ പെൺമക്കളുടെയും ഉള്ളിലേക്ക് സ്വന്തം മാതാപിതാക്കളും ബന്ധുക്കളും സമൂഹവും രൂപപ്പെടുത്തുന്നത്. സ്വന്തം കാലിൽ നിൽക്കാനും സ്വന്തം വീട്ടിൽ താമസിക്കാനും സ്വന്തം ജീവിതം ആസ്വദിക്കാനും പെൺമക്കളെ പര്യാപ്തമാക്കുകയാണ് നാം ഇനി ചെയ്യേണ്ടത്. കഴിഞ്ഞ ദിവസം മരിച്ച വിസ്മയക്ക് വിവാഹ സമയത്ത് വീട്ടുകാർ നൽകിയത് നൂറു പവനും ഒന്നേകാൽ ഏക്കർ ഭൂമിയും പത്ത് ലക്ഷം രൂപക്ക് മേൽ വിലവരുന്ന കാറുമായിരുന്നു. ഇതിനെല്ലാം കൂടി ഏതാണ്ട് പത്ത് കോടി രൂപ മൂല്യം വരും. ഇത്രയും സമ്പന്നയായ ഒരു യുവതിയാണ് സ്ത്രീധന പീഡനത്തിന്റെ പേരിൽ മരിച്ചത്. നാട്ടുകാരടെ കിംവദന്തികളെ ഭയക്കാതെ വിസ്മയ വീടുവിട്ടിറങ്ങി ജീവിക്കാൻ തീരുമാനിച്ചിരുന്നെങ്കിലോ?

ഇന്ന്, കേരളത്തിലെ സമ്പന്നർ തങ്ങളുടെ കുട്ടികളെ ആൺ-പെൺ ഭേദമില്ലാതെ വളർത്താൻ ശ്രമിക്കുന്നുണ്ട്- വിവാഹം വരെയെങ്കിലും. ലിം​ഗവിവേചനം ഇല്ലാതെയാണ് വളർത്തുന്നത് എന്ന് പറയാം. മധ്യവർ​ഗം പെൺമക്കൾക്ക് നല്ല വിദ്യാഭ്യാസം നൽകാറുണ്ടെങ്കിലും വിവാഹ ശേഷം വീട്ടിൽ ഒതുങ്ങാനാണ് ഭൂരിപക്ഷത്തിന്റെയും വിധി. വളരെ പാവപ്പെട്ട പെൺകുട്ടികളാകട്ടെ, സ്വയം പണം കണ്ടെത്തി സ്ത്രീധനമൊരുക്കി വിവാഹം കഴിക്കേണ്ട സാഹചര്യവും ഉണ്ട്. എന്നാൽ, സ്വന്തം ജീവിതം ഭാസുരമാക്കാൻ, സ്വന്തം കുടുംബം പോറ്റാൻ, സ്വന്തം സന്തോഷത്തിന് വേണ്ടി പഠിക്കുകയോ തൊഴിൽ നേടുകയോ പണം സമ്പാദിക്കുകയോ ചെയ്യുന്നില്ല.

മഹാമാരികളെയോ മാറാവ്യാധികളെയോ മരുന്നും ചികിത്സയും വാക്സിനേഷനും കൊണ്ട് പൂർണമായും ഇല്ലാതാക്കുകയോ അവയെ അതിജീവിക്കുകയോ ചെയ്യാൻ കഴിയും. എന്നാൽ, ആത്മഹത്യാ പ്രവണതക്ക് കാരണം നിരവധിയാണ്. അതിനെ ചികിത്സിക്കാൻ മാർ​ഗവും മറ്റൊന്നാണ്. മാനസികമായ പ്രശ്നങ്ങളും തൊഴിലില്ലായ്മയും ലിം​ഗവിവേചനവും ശാരീരിക – മാനസിക പീഡനങ്ങളും പെൺകുട്ടികളെ ആത്മഹത്യ തെരഞ്ഞെടുക്കാൻ പ്രേരിപ്പിക്കുന്നു. സ്ത്രീധനം ഉൾപ്പെടെയുള്ള സാമ്പത്തിക പ്രതിസന്ധികളും പെൺകുട്ടികളുടെ ആത്മഹത്യക്ക് കാരണമായി പറയാറുണ്ടെങ്കിലും എന്തിനെയും നേരിടാനും അതിജീവിക്കാനുമുള്ള മാനസികമായ കരുത്തില്ലായ്മയാണ് ആത്മഹത്യകളുടെ അടിസ്ഥാന കാരണം.

മാറിയ കാലഘട്ടത്തിലെ ജീവിത രീതികളും ഇന്നത്തെ കാലത്ത് ആത്മഹത്യകൾ പെരുകാൻ കാരണമാകുന്നുണ്ട്. സമൂഹ്യമാധ്യമങ്ങളുടെ ഇടപെടലും വ്യക്തിബന്ധങ്ങളിലെ ഇഴയടുപ്പം ഇല്ലായ്മയും സ്വയം തീരുമാനമെടുക്കാനുള്ള പ്രാപ്തിക്കുറവും ഇന്നത്തെ പെണ്ണിന്റെ മുഖമുദ്രയാകുകയാണ്. കൗമാരത്തിൽ സ്വപ്നം കണ്ട ജീവിതം ലഭിക്കാതെ വരുന്നതോടെ പ്രശ്നങ്ങൾ ആരംഭിക്കുന്നു. ഭർത്താവിന്റെയും വീട്ടുകാരുടെയും ഇടപെടൽ മോശമാകുന്നതോടെ ജീവിതം പ്രതിസന്ധിയിലായി എന്ന് സ്വയം വിശ്വസിക്കുന്നു. ഭർത്താവിനെ പിരിഞ്ഞ പെണ്ണിനെ സമൂഹം തെറ്റുകാരിയായി കാണുമെന്ന തെറ്റിദ്ധാരണയും ഇതോടെ മനസ്സിൽ രൂപപ്പെടുന്നു. പിന്നെ അവർ കാണുന്ന ഏക മാർ​ഗം ആതമഹത്യ മാതരമാകുന്നു. കേരളം ഇന്ന് പെൺമക്കളുടെ മനസ്സിനെ പരുവപ്പെടുത്തിയിരിക്കുന്നത് ഇങ്ങനെ തന്നെയാണ്.

എങ്ങനെ അതിജീവിക്കും

പെൺകുട്ടികളുടെ ആത്മഹത്യ ഇല്ലാതാകാൻ ചികിത്സ വേണ്ടത് പെൺകുട്ടികൾക്കല്ല. മറിച്ച് മാതാപിതാക്കൾക്കും പൊതുസമൂഹത്തിനുമാണ്. കേൾക്കുന്നത് മനസ്സിലാകാൻ പ്രായമെത്തുമ്പോൾ മുതൽ പെൺമക്കളെയും സ്വന്തം കാലിൽ നിൽക്കാൻ ശീലിപ്പിക്കുക എന്നതാണ് ഏറ്റവും പ്രധാനം. പെണ്ണുടൽ എന്നത് ലൈം​ഗികതയുടെ പ്രതീകമാണെന്ന ചിന്തയാണ് ആദ്യം മാറേണ്ടത്. പുരുഷന്റെ കാമശമനത്തിനും അവന്റെയും അവന്റെ കുടുംബത്തിന്റെയും മുഴുവൻ ജോലികളും ചെയ്ത് തീർക്കാനുമുള്ള വെറും ഉപകരണം മാത്രമായി പെണ്ണിനെ ആദ്യം കാണാതിരിക്കേണ്ടത് മാതാപിതാക്കളാണ്. പിന്നെ സമൂഹവും.

നമ്മുടെ പെൺകുട്ടികൾക്കായും നമ്മുടെ പെതുസ്ഥലങ്ങളും കളിയിടങ്ങളും പൊതുവേദികളും തുറന്ന് കൊടുക്കണം. അവൾ അബലയും അശുദ്ധയും അല്ലെന്ന ബോധ്യം ആ മനസ്സുകളിൽ പകർന്ന് നൽകണം. ഏത് പ്രശ്നത്തിനും ഒരു പരിഹാരം ഉണ്ടെന്നും സ്വന്തം ജീവിതം അവസാനിപ്പിക്കുന്നത് ജീവിതത്തിൽ നിന്നുള്ള ഒളിച്ചോട്ടമാണെന്നും പറ‍ഞ്ഞ് പഠിപ്പിക്കണം. നല്ല വിദ്യാഭ്യാസം നൽകണം. ജോലി ചെയ്ത് ജീവിക്കണമെന്ന് പഠിപ്പിക്കണം. ലിം​ഗനീതി എന്തെന്ന് സ്വന്തംവീടുകളിൽ തന്നെ കണ്ടുവളരാൻ സാഹചര്യം ഒരുക്കണം.

ഓരോ പെൺകുട്ടിയും വളർന്ന് വരുന്ന സാഹചര്യവും അനുഭവിക്കുന്ന ദുരിതങ്ങളും വ്യത്യസ്തമായിരിക്കും. അതുകൊണ്ട് തന്നെ ആത്മഹത്യ ചെയ്യാനുള്ള കാരണവും വ്യത്യസ്തമായിരിക്കും. എന്നാൽ ആത്മഹത്യ എന്ന വഴി തെരഞ്ഞെടുക്കാൻ എല്ലാ പെണ്ണിനും ഒറ്റ കാരണമേയുള്ളു.. മാനസികമായ കരുത്തില്ലായ്മ. ആ പ്രശ്നം പരിഹരിക്കുന്നതോടെ ഒരുമുഴം കയറിലും ഒരു ലിറ്റർ പെട്രോളിലും ഒരു തുള്ളി വിഷത്തിലും ഒരു പെണ്ണിന്റെയും ജീവൻ പിടഞ്ഞ് തീരില്ല.

ഇന്ത്യയിൽ, തമിഴ്നാട്, കർണാടക, ആന്ധ്രപ്രദേശ്, കേരളം, തെലങ്കാന എന്നീ അഞ്ച് സംസ്ഥാനങ്ങളിലാണ് സ്ത്രീകളിൽ ആത്മഹത്യാ പ്രവണത ഏറ്റവും കൂടുതൽ കണ്ടുവരുന്നത്. പശ്ചിമ ബം​ഗാളിലും തൃപുരയും ഈ പട്ടികയിൽ പിന്നിലാണ്. സാമ്പത്തികമായും സാമൂഹികമായും പിന്നോക്കം നിൽക്കുന്ന സംസ്ഥാനങ്ങളാകട്ടെ സ്ത്രീകളുടെ ആത്മഹത്യാ പ്രവണത കുറഞ്ഞവയെന്നാണ് റിപ്പോർട്ടുകൾ. വിദ്യാഭ്യാസമോ സാമ്പത്തികമോ ആയ ഘടകങ്ങളല്ല, ആത്മഹത്യകളെ സ്വാധീനിക്കുന്നത് എന്ന് ഇതിൽ നിന്നും വ്യക്തമാണ്. മറിച്ച് മാനസികമായ കരുത്തില്ലായ്മയാണ് പെണ്ണുടലുകളിലെ ജീവൻ കവർന്നെടുക്കുന്നത്.

(തിരുവനന്തപുരം ശ്രീരാമകൃഷ്ണ ഹോസ്പിറ്റലിലെ സൈക്കോളജിസ്റ്റാണ് ലേഖിക)

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close