
രാജ്യസഭാ തിരഞ്ഞെടുപ്പ് നാളെ നടക്കും. എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ജോസ് കെ. മാണിയും യുഡിഎഫ് സ്ഥാനാര്‍ഥി ഡോ. ശൂരനാട് രാജശേഖരനും തമ്മിലാണ് മത്സരം. 99 നിയമസഭാ അംഗങ്ങളുള്ളതിനാല്‍ എല്‍.ഡി.എഫിന് വിജയം ഉറപ്പാണ്. നിയമസഭ സമുച്ചയത്തിലെ പ്രത്യേക പോളിംങ് ബൂത്തിലാണ് എം.എല്‍എമാര്‍ വോട്ട് രേഖപ്പെടുത്തുക.
മുന്നണി മാറിയപ്പോള്‍ വെച്ചൊഴിഞ്ഞ രാജ്യസഭാ സീറ്റിലേക്ക് ജോസ് കെ.മാണിയെ തന്നെ മത്സരിപ്പിച്ച് എല്‍ഡിഎഫിന്റെ കെട്ടുറപ്പ് കാക്കാനൊരുങ്ങുകയാണ് നേതൃത്വം. 99 ന്റെ അംഗബലത്തില്‍ ജോസ്.കെ.മാണിക്ക് വിജയം ഉറപ്പ്. 2024 വരെ അവശേഷിക്കുന്ന കാലാവധി ജോസ് കെ.മാണിക്ക് രാജ്യസഭാ എം.പിയാകാന്‍ കഴിയും. അടുത്ത നിയമസഭ തിരഞ്ഞെടുപ്പിന് മുന്‍പ് എം.പി സ്ഥാനം ഒഴിഞ്ഞ് സംസ്ഥാനരാഷ്ട്രീയത്തില്‍ സജീവമാകാമെന്നാണ് കണക്കുകൂട്ടല്‍. മത്സരം ഉറപ്പാക്കാനായി യുഡിഎഫ് ഡോ. ശൂരനാട് രാജശേഖരനെ സ്ഥാനാര്‍ഥിയാക്കി. 41 അംഗങ്ങളാണ് പ്രതിപക്ഷത്തുള്ളത്.
യു ഡി എഫ് മുന്നണി വിട്ട് എല്‍ ഡി എഫിലേക്ക് ചേര്‍ന്നപ്പോള്‍ ജോസ് കെ മാണി രാജിവച്ച രാജ്യസഭ സീറ്റിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. നിയമസഭ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയായി നിന്ന് മത്സരിച്ച് ജയിക്കാനായിരുന്നു ജോസ് കെ മാണിയുടെ പദ്ധതി. എന്നാല്‍ പാലാ നിയോജക മണ്ഡലത്തില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥി മാണി സി കാപ്പനോട് തോറ്റതോടെ ഒരിക്കല്‍ രാജിവച്ച് ഒഴിഞ്ഞ സ്ഥാനത്തേക്ക് മടങ്ങിപ്പോകാനുള്ള ഒരുക്കത്തിലാണ് ജോസ് കെ മാണി.
രാവില 9 മുതൽ വൈകിട്ട് 4 വരെ നിയമസഭാ സമുച്ചയത്തിലെ പ്രത്യേക പോളിംങ് ബൂത്തില്‍ എം.എല്‍.എമാര്‍ വോട്ട് രേഖപ്പെടുത്തും 5 മണിക്കാണ് വോട്ടെണ്ണല്‍. കോവിഡ് ബാധിച്ച വോട്ടര്‍മാര്‍ക്ക് പ്രത്യേക സജ്ജീകരണമൊരുക്കും. നിയമസഭാ സെക്രട്ടറിയാണ് വരണാധികാരി. എല്ലാ പാര്‍ട്ടികളും വിപ്പ് നല്‍കും, കൂടാതെ പ്രത്യേകം പോളിംങ് ഏജന്റുമാരെയും വെക്കും. First preference , second preference എന്ന നിലയിലാണ് വോട്ട് രേഖപ്പെടുത്തുക. വോട്ട് രേഖപ്പെടുത്തി പോളിംങ് ഏജന്റിനെ കാണിച്ച ശേഷമെ പെട്ടിയില്‍ നിക്ഷേപിക്കാനാവൂ. തെറ്റായി രേഖപ്പെടുത്തുന്ന വോട്ടുണ്ടെങ്കില്‍ അത് അസാധുവാക്കാന്‍ ഏജന്റിന് ആവശ്യപ്പെടാം. 140 വോട്ടുകളില്‍ 71 എണ്ണം നേടുന്നയാള്‍ ജയിക്കും.
കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ഗ്രൂപ്പിൽ അംഗമാകുക..
https://chat.whatsapp.com/HMMeQ750WbAGk1h8JNOQa9
വീഡിയോകൾക്ക് സന്ദർശിക്കുക മീഡിയമംഗളം യൂട്യൂബ്