CULTURALNEWSTop News

രാമായണ കഥ കേട്ടുണരുന്ന കർക്കിടകമാസത്തിൻറെ പുണ്യനാളുകളിൽ നാലമ്പല ദർശനം;അറിയാം കർക്കിടക നാളിന്റെ വിശേഷങ്ങൾ

രാമായണ കഥ കേട്ടുണരുന്ന കർക്കിടകമാസത്തിൻറെ പുണ്യനാളുകളിൽ ശ്രീരാമ-ലക്ഷമണ- ഭരത-ശത്രുഘ്‌ന ക്ഷേത്രങ്ങളിൽ ഓരേ ദിവസം ദർശനം നടത്തുന്ന പൂർവീകാചാരമാണ് നാലമ്പല ദർശനം എന്ന പേരീൽ പ്രശസ്തമായിട്ടുള്ളത്. നാലമ്പലം ദർശനം ഒരേ ദിവസം ഉച്ചപൂജയ്ക്കു മുമ്പ് പൂർത്തിയാക്കുന്നത് ഏറ്റവും ഉത്തമമാണ്. കർക്കടകത്തിൽ ഉച്ചപൂജക്കു മുമ്പ് രാമ, ലക്ഷ്മണ, ഭരത,ശത്രുഘ്ന ക്ഷേത്രങ്ങളിൽ ദർശനം നടത്തുന്നത് ദോഷ പരിഹാരത്തിനും ഇഷ്ടസന്താന ലബ്ദിക്കും ഉത്തമമാണെന്നാണ് വിശ്വാസം.

തൃശൂർ ജില്ലയിലെ തൃപ്രയാർ ശ്രീരാമ ക്ഷേത്രം, ഇരിങ്ങാലക്കുട കൂടൽമാണിക്യം (ഭരതക്ഷേത്രം), എറണാകുളം ജില്ലയിലെ മൂഴിക്കുളത്തെ ലക്ഷ്മണ ക്ഷേത്രം, പയമ്മൽ ശത്രുഘ്ന ക്ഷേത്രം എന്നിവയാണ് നാലമ്പലങ്ങൾ. തൃപ്രയാറിലെ ശ്രീരാമ ക്ഷേത്രം സന്ദർശിച്ചാണ് നാ‍ലമ്പലം യാത്ര തുടങ്ങുന്നത്. പയമ്മേൽ ശത്രുഘ്ന ക്ഷേത്രം സന്ദർശിച്ച് ഭക്തജനങ്ങൾ‍ യാത്ര അവസാനിപ്പിക്കുന്നു. തൃപ്രയാർ ക്ഷേത്രത്തിൽ ഹനുമാനെ തൊഴുത് ശ്രീരാമൻ്റെ നിർമാല്യ ദർശനത്തോടെയാണ് നാലമ്പല തീർഥാടനം തുടങ്ങുന്നത്. കോട്ടയം ജില്ലയിലും നാലമ്പലങ്ങളുണ്ടെന്നത് ശ്രദ്ധേയമാണ്.

തൃപ്രയാർ ശ്രീരാമക്ഷേത്രം, ഇരിങ്ങാലക്കുട കൂടൽമാണിക്യം ഭരതക്ഷേത്രം, മൂഴിക്കുളം ലക്ഷ്മണ ക്ഷേത്രം, പായമ്മൽ ശത്രുഘ്നക്ഷേത്രം എന്നിവിടങ്ങളിലെ ദർശനമാണ് കർക്കടകത്തിൽ പുണ്യമായി കരുതുന്നത്. തൃപ്രയാറിൽ നിന്ന് പുറപ്പെട്ട് കൂടൽമാണിക്യം, മൂഴിക്കുളം വഴി പായമ്മൽ വരെയുള്ള ക്ഷേത്രങ്ങളിൽ ഒറ്റ ദിവസംകൊണ്ട് ദർശനം നടത്തി വരുന്നതാണ് രീതി.തൃപ്രയാർ ക്ഷേത്രത്തിൽ പുലർച്ചെ മൂന്നിന് ദർശനം തുടങ്ങും. ഉച്ചക്ക് 12.30ന് അടച്ച് വൈകീട്ട് അഞ്ചിന് വീണ്ടും തുറന്ന് രാത്രി എട്ടു വരെ ദർശനം അനുവദിക്കും.

ദ്വാപരയുഗത്തിൽ ശ്രീകൃഷ്ണൻ പൂജിച്ചിരുന്ന വിഗ്രഹങ്ങളാണ് ഈ ക്ഷേത്രങ്ങളിൽ പ്രതിഷ്ഠിച്ചിരിക്കുന്നത്. ദ്വാരക കടലിൽ മുങ്ങിയതോടെ ഈ വിഗ്രഹങ്ങളും കാണാതായെന്നും വളരെക്കാലത്തിനുശേഷം കേരളക്കരയിലെ മറ്റുള്ളവർക്ക് അവ ലഭിച്ചുവെന്നുമാണ് ഐതിഹ്യം. മുക്കുവർ ആ നാല് വിഗ്രഹങ്ങളെ അയിരൂർ മന്ത്രിയായിരുന്ന വാകയിൽ കൈമൾക്ക് സമ്മാനിക്കുകയും അദ്ദേഹമാകട്ടെ അവയെ യഥാവിധി പ്രതിഷ്ഠിച്ച് ആരാധിക്കുകയും ചെയ്തു.

തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രം : തൃശ്ശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ ഗുരുവായൂർ റൂട്ടിൽ തൃപ്രയാർ പുഴയുടെ തീരത്താണ് ഈ ക്ഷേത്രം. ശംഖം, ചക്രം, ഗദ, അക്ഷമാല എന്നിവ ധരിച്ചിരിക്കുന്ന ചതുർബാഹുവായ ശ്രീരാമനാണ് ഇവിടുത്തെ പ്രധാന പ്രതിഷ്ഠ. ശാസ്താവ്, ഗണപതി, ദക്ഷിണാമൂർത്തി, ഹനുമാൻ എന്നിവരാണ് ഉപദേവതമാർ. കൊടികയറി ഉത്സവം നടക്കാത്ത അപൂർവക്ഷേത്രമാണ്. ആറാട്ട് പുഴ പൂരത്തിന്റെ നായകത്വം വഹിക്കുന്നത് തൃപ്രയാറപ്പനാണ്. ബാധാ ഉപദ്രവങ്ങളിൽനിന്ന് മുക്തി സിദ്ധിക്കുന്നതിന് തൃപ്രയാറപ്പനെ ഉപാസിക്കുന്നത് ഉത്തമാണെന്നാണ് വിശ്വാസികൾ പറയുന്നത്.

ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രം : തൃശ്ശൂർ-കൊടുങ്ങല്ലൂർ റൂട്ടിൽ ഇരിങ്ങാലക്കുടയിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. വനവാസത്തിനുപോയ ശ്രീരാമൻ മടങ്ങിവരുന്നതും കാത്ത് തപസ്സനുഷ്ഠിക്കുന്ന ഭരതനാണ് ഇവിടുത്തെ പ്രധാന പ്രതിഷ്ഠ. അതുകൊണ്ട് വൈഷ്ണവ ക്ഷേത്രമാണെങ്കിലും ശിവക്ഷേത്രത്തിൽ എന്നപോലെയുള്ള പ്രദക്ഷിണരീതിയാണ് ഈ ക്ഷേത്രത്തിൽ ചെയ്യുന്നത്. ഉപദേവതാ പ്രതിഷ്ഠ ഇല്ലായെന്നൊരു സവിശേഷതയും ഈ ക്ഷേത്രത്തിനുണ്ട്. വിഗ്രഹത്തിൽ കണ്ട മാണിക്യകാന്തി പരീക്ഷിക്കുന്നതിനായി കായംകുളം രാജധാനിയിൽനിന്നും കൊണ്ടുവന്ന മാണിക്യം വിഗ്രഹത്തിനടുത്തുവെച്ച് നോക്കിയെന്നും ആ മാണിക്യം വിഗ്രഹത്തിൽ ലയിച്ചുചേർന്നു എന്നുമാണ് ഐതിഹ്യം. ഇതിനുശേഷമാണ് കൂടൽമാണിക്യം എന്ന പേരുണ്ടായത്.

ഈ ക്ഷേത്രത്തിൽ പൂജയ്ക്ക് കർപ്പൂരം, ചന്ദനത്തിരി എന്നിവ ഉപയോഗിക്കാറില്ല. കൂടാതെ ദീപാരാധനയും പതിവില്ല. കൂടൽമാണിക്യം ഭരതസ്വാമി സന്താനദായകനും രോഗശാന്തിയെ പ്രദാനം ചെയ്യുന്നവനുമാണ്. ആൺകുട്ടിയുണ്ടാകുന്നതിന് കടുംപായസവും പെൺകുട്ടിയുണ്ടാകുന്നതിന് വെള്ള നിവേദ്യവും ക്ഷേത്രത്തിൽ വഴിപാടായി നടത്തുന്നു. വയറുവേദനയ്ക്ക് വഴുതനങ്ങ നിവേദ്യവും അർശസ്സിന് നെയ്യാടിസേവയും ശ്വാസകോശ സംബന്ധമായ രോഗങ്ങൾക്ക് മീനൂട്ടും ഈ ക്ഷേത്രത്തിലെ സവിശേഷ വഴിപാടുകളാണ്. ക്ഷേത്രത്തിലെ പുത്തരി നിവേദ്യത്തിന്റെ ഭാഗമായ മുക്കിടി നിവേദ്യം സേവിച്ചാൽ ഒരു വർഷം യാതൊരു രോഗവും ഉണ്ടാകില്ലെന്നാണ് വിശ്വാസം.

തിരുമൂഴിക്കുളം ലക്ഷ്മണസ്വാമി ക്ഷേത്രം : ആലുവ-മാള റൂട്ടിൽ എറണാകുളം ജില്ലയിൽ മൂഴിക്കുളത്താണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. നൂറ്റിയെട്ട് തിരുപ്പതികളിൽ ഒന്നായി വൈഷ്ണവാചാര്യന്മാരായ ആഴ്വാർമാർ ഈ ക്ഷേത്രത്തെ പാടി പുകഴ്ത്തിയിട്ടുണ്ട്. ശിവൻ, ഗണപതി, ശ്രീരാമൻ, സീത, ശാസ്താവ്, ഭഗവതി, ഗോശാലകൃഷ്ണൻ എന്നിവരാണ് ഉപദേവതമാർ. അനന്താവതാരമായ ലക്ഷ്മണമൂർത്തിയാണ് ഇവിടെ വസിക്കുന്നതെന്നാണ് ഐതിഹ്യം. അതുകൊണ്ട് ഈ ഗ്രാമത്തിൽ സർപ്പത്തിന്റെ ഉപദ്രവം ഉണ്ടാകില്ല എന്നും വിശ്വാസമുണ്ട്.

പായമ്മൽ ശത്രുഘ്‌നക്ഷേത്രം : കൊടുങ്ങല്ലൂർ-ഇരിങ്ങാലക്കുട റൂട്ടിൽ വെള്ളാങ്ങല്ലൂർ കവലയിൽനിന്നും ആറ് കി.മീ അകലെ പൂമംഗലം പഞ്ചായത്തിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. മഹാവിഷ്ണുവിന്റെ ആയുധമായ സുദർശന ചക്രത്തിന്റെ അവതാരമാണ് ശത്രുഘ്‌നൻ എന്ന് വിശ്വസിക്കപ്പെടുന്നു. ശത്രുദോഷ ശാന്തിയ്ക്കും ശ്രേയസ്സിനും സുദർശന പുഷ്പാഞ്ജലിയും സുദർശന ചക്ര സമർപ്പണവുമാണ് ക്ഷേത്രത്തിലെ പ്രധാന വഴിപാടുകൾ. ആഭിചാരദോഷം, ശത്രുദോഷം, ബാധാദോഷം എന്നിവയിൽനിന്നും മുക്തി സിദ്ധിക്കുന്നതിനായി ഈ ക്ഷേത്രത്തിൽ ദർശനം നടത്തുന്നത് ഉത്തമമാണെന്ന് കരുതപ്പെടുന്നു.

ഈ നാലുക്ഷേത്രങ്ങളിലും ഒരേ ദിവസം തന്നെ ദർശനം നടത്തുന്നത് പാപപരിഹാരമാണെന്ന് കരുതുന്നു. തൃപ്രയാറപ്പന്റെ നിർമാല്യം തൊഴുത് മറ്റ് മൂന്ന് ക്ഷേത്രങ്ങളിലും ദർശനം നടത്തി അത്താഴപ്പൂജയ്ക്ക് തൃപ്രയാറിൽത്തന്നെ മടങ്ങിവരുന്നത് വളരെ പുണ്യപ്രദമാണെന്ന് കരുതുന്നു. ഇതുകൂടാതെ കോട്ടയം ജില്ലയിലെ നാലമ്പലങ്ങൾ രാമപുരം ശ്രീരാമക്ഷേത്രം, അമനകര ഭരത ക്ഷേത്രം, കൂടപ്പുലം ലക്ഷ്മണ ക്ഷേത്രം, മേതിരി ശത്രുഘ്‌ന ക്ഷേത്രം എന്നിവയാണ്. രാമപുരം ശ്രീരാമക്ഷേത്രം, വറ്റല്ലൂർ ചൊവാണയിൽ ഭരതക്ഷേത്രം, പുഴക്കാട്ടിരി പനങ്ങാങ്ങര ലക്ഷ്മണക്ഷേത്രം, നാറാണത്ത് തെക്കേടത്ത് മനയിൽ ശത്രുഘ്‌ന ക്ഷേത്രം ഇവയാണ് മലപ്പുറം ജില്ലയിലെ നാലമ്പലങ്ങൾ.

Tags
Show More

Related Articles

Back to top button
Close