Breaking NewsKERALANEWS

പാലം പണിയണം പക്ഷേ സ്ഥലമെടുക്കാൻ കഴിയുന്നില്ല; റാന്നിയിലെ പുതിയ പാലത്തിന്റെ നിർമ്മാണം അനിശ്ചിതത്വത്തിൽ

പത്തനംതിട്ട: റാന്നി ടൗണിലെ ​ഗതാ​ഗതക്കുരുക്കിന് പരിഹാരമായി പമ്പ നദിക്ക് കുറുകെ നിർമ്മാണം ആരംഭിച്ച പുതിയ പാലത്തിന്റെ നിർമ്മാണവും അനിശ്ചിതത്വത്തിൽ. ആവശ്യമായ സ്ഥലം ഏറ്റെടുക്കാൻ പോലുമാകാതെ പണി തുടക്കത്തിലേ തന്നെ സ്തംഭിച്ച നിലയിലാണ്. പുനലൂർ – മൂവാറ്റുപുഴ റോഡിൽ പമ്പാനദിക്ക് കുറുകെ 317 മീറ്റർ നീളമുള്ള പാലത്തിനായി 2016 – 17 സാമ്പത്തിക വർഷമാണ് 27 കോടി രൂപ അനുവദിച്ചത്. പത്തനംതിട്ട ജില്ലയിലെ ഏറ്റവും വലിയ പാലം എന്ന പെരുമയോടെയാണ് പണി ആരംഭിച്ചത്. എന്നാൽ, സ്ഥലം ഏറ്റെടുക്കൽ പ്രതിസന്ധിയിലാണ് രണ്ടു വർഷം മുമ്പ് തുടങ്ങിയ പാലംപണി ഇപ്പോൾ നിർത്തിവെച്ചിരിക്കുന്നത്.

പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാതയിലൂടെ എത്തുന്നവർക്ക് റാന്നിയിലെ ഗതാഗതക്കുരുക്ക് എന്നുമൊരു ശാപമാണ്. അതിന് പരിഹാരമായിട്ടാണ് ടൗണിന്റെ മധ്യത്തിലൂടെ പോകുന്ന പമ്പാനദിയിൽ ഒരുപാലം കൂടി നിർമിക്കാൻ തീരുമാനിച്ചത്. ഇതിനൊപ്പം പുനലൂർ-മൂവാറ്റുപുഴ റോഡിന് സമാന്തരമായി റാന്നി ബ്ലോക്കുപടിയിൽ നിന്ന് ആരംഭിച്ച് രാമപുരത്തെത്തുന്ന റോഡും. റാന്നി ടൗണിനെ ഇതുമാറ്റി മറിക്കുമെന്നായിരുന്നു പ്രതീക്ഷ.

പണി നടക്കുന്നതിനിടയിൽ സ്ഥലമെടുപ്പ് നടക്കുമെന്ന കണക്കുകൂട്ടലാണിവിടെ പാളിയത്. നദിയിലേയും തീരത്തേയും തൂണുകൾ വേഗത്തിൽ ഉയർന്നു. എന്നാൽ, അങ്ങാടി കരയിൽ രണ്ട് തൂണുകൾ നിർമിക്കാനും റോഡ് നവീകരണത്തിനുമുള്ള സ്ഥലം ഏറ്റെടുക്കലും അനിശ്ചിതത്വത്തിലായി. സ്ഥലം നല്കാൻ ഉടമകൾ തയ്യാറാണ്. പക്ഷേ, സ്ഥലം ഏറ്റെടുക്കുമ്പോൾ പണം നല്കണം. തർക്കങ്ങൾ ഒരുപരിധിവരെ പരിഹരിച്ചെങ്കിലും നടപടികൾ ഇഴഞ്ഞാണ് നീങ്ങിയത്. ഇപ്പോഴും പൂർത്തിയായിട്ടില്ല.

തൂണുകൾ നിർമിക്കാനും റോഡിനും ആവശ്യമായ സ്ഥലം ലഭിച്ചില്ലെങ്കിൽ പാലം നിർമാണം നിർത്തിവെയ്ക്കേണ്ടി വരുമെന്ന് കരാറുകാർ പലതവണ മുന്നറിയിപ്പ് നല്കിയിരുന്നു. പറയുന്നതല്ലാതെ ഒന്നും നടക്കില്ലെന്ന് മനസ്സിലാക്കിയ കരാറുകാർ നാലുമാസം മുമ്പ് പണി നിർത്തി മടങ്ങി. പെരുമ്പുഴ ഭാഗത്ത് തൂണുകൾ നിർമിച്ച് അവയെ ബന്ധിപ്പിച്ച് ഗർഡറുകളും സ്ഥാപിച്ചു. നദിയിലെ തൂണുകളും പൂർത്തിയായി. എന്നാൽ, അങ്ങാടി കരയിലെ തൂണുകളേയും റോഡിനെയുമാണ് സ്ഥലം ലഭിക്കാത്തത് ബാധിച്ചത്.

സ്ഥലമേറ്റെടുത്ത് വരുമ്പോഴേക്കും കാലം കുറെ നീങ്ങും. ഇനിയും പഴയ തുകയിൽ നിർമാണം ഏറ്റെടുക്കാൻ കരാറുകാരൻ തയ്യാറാവില്ല. എസ്റ്റിമേറ്റ് പുതുക്കും. സർക്കാരിന് പിന്നെയും നഷ്ടം. അപ്രോച്ച് റോഡിനുള്ള സ്ഥലം ഏറ്റെടുക്കൽ വൈകിയതടക്കം വിവിധ കാരണങ്ങളാൽ നിർമാണം വർഷങ്ങളോളം നീണ്ട് പേരൂച്ചാൽ, പൂവത്തുംമൂട് പാലങ്ങളുടെ ഗതി ആവരുതേ ഇതിനും എന്നാണ് നാട്ടുകാരുടെ അപേക്ഷ.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close