INDIANEWS

ബലാത്സംഗക്കേസിലെ പ്രതി കഴിവുള്ളവനും ഭാവിയുടെ വാഗ്ദാനവുമെന്ന് കോടതി; തടവ് ആവശ്യമില്ലെന്നും കോടതിയുടെ നിരീക്ഷണം, ജാമ്യവും അനുവദിച്ചു

ഗുവാഹത്തി: ബലാത്സംഗക്കേസിലെ പ്രതിക്ക് കോടതി ജാമ്യം അനുവദിച്ചു. ഐഐടി വിദ്യാര്‍ത്ഥിക്കാണ് കോടതിയുടെ അനുകൂല്യം ലഭിച്ചത്.

ബലാത്സംഗക്കേസ് പ്രതി കഴിവുള്ളവനും ഭാവിയുടെ വാഗ്ദാനവുമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഗുവാഹത്തി ഹൈക്കോടതി ജാമ്യം അനുവദിച്ചത്. പ്രതി പ്രഥമദൃഷ്ട്യാ കുറ്റക്കാരനാണെന്നും കോടതി കൂട്ടിച്ചേര്‍ത്തു. സഹപാഠിയായ പെണ്‍കുട്ടിയെയാണ് പ്രതി ബലാത്സംഗം ചെയ്തത്.

ഇരയും പ്രതിയും രാജ്യത്തിന്റെ മുതല്‍ക്കൂട്ടാണെന്നും കോടതി നിരീക്ഷിച്ചു. ഇരുവരും കഴിവുള്ള വിദ്യാര്‍ത്ഥികളാണ്. പ്രതിയെ തടവില്‍ പാര്‍പ്പിക്കേണ്ട ആവശ്യമില്ലെന്നും കോടതി വ്യക്തമാക്കി.

മാര്‍ച്ചിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പെണ്‍കുട്ടിയെ അതീവ ഗുരുതരാവസ്ഥയിലാണ് ആശുപത്രിയില്‍ എത്തിച്ചതെന്ന് ഗുവാഹത്തി മെഡിക്കല്‍ കോളജിലെ മുതിര്‍ന്ന ഡോക്ടര്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു.

ജസ്റ്റിസ് അദിത് ബോര്‍താക്കൂറാണ് പ്രതിക്ക് ജാമ്യം അനുവദിച്ചത്. രണ്ട് വ്യത്യസ്ത സംസ്ഥാനങ്ങളില്‍ നിന്നുള്ള 19ഉം 21 വയസുള്ളവരാണ് സംഭവത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ഇരുവരുടെയും ഭാവി അതിപ്രധാനമാണ്. പ്രതിക്ക് ജാമ്യം നല്‍കിയാല്‍ തെളിവ് നശിപ്പിക്കാന്‍ ശ്രമിക്കുമന്ന് കരുതുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

മുപ്പതിനായിരം രൂപയുടെ ബോണ്ടിന്‍മേലാണ് പ്രതിക്ക് കോടതി ജാമ്യം അനുവദിച്ചിട്ടുള്ളത്. ഇതിന് പുറമെ രണ്ട് ജാമ്യക്കാരുടെയും ഉറപ്പിലാണ് കോടതി ഉപാധികളോടെ പ്രതിയെ വിട്ടയച്ചത്. കേസ് തീരും വരെ കോടതി ആവശ്യപ്പെടുമ്പോഴെല്ലാം ഹാജരാകണം. ഇരയെ യാതൊരു തരത്തിലും സ്വാധീനിക്കാന്‍ പാടില്ല തുടങ്ങിയ നിര്‍ദ്ദേശങ്ങളുമുണ്ട്. മുന്‍കൂര്‍ അനുമതിയില്ലാതെ കോടതിയുടെ പരിധിയില്‍ നിന്ന് പുറത്ത് പോകാന്‍ പാടില്ല.

മാര്‍ച്ച് 28ന് കോളജിലെ ഒരുക്ലബ്ബിന്റെ ചുമതലകളെക്കുറിച്ച് സംസാരിക്കാനായി വിളിച്ച് വരുത്തിയ പെണ്‍കുട്ടിയെ നിര്‍ബന്ധിച്ച് മദ്യം നല്‍കി ബോധരഹിതയാക്കിയ ശേഷം ബലാത്സംഗം ചെയ്യുകയായിരുന്നു.

പ്രതിക്ക് ജാമ്യം നല്‍കിയതിനെ പെണ്‍കുട്ടിയുടെ അഭിഭാഷക സുമിത്ര സാമ ശക്തമായി വിമര്‍ശിച്ചു. പെണ്‍കുട്ടിക്ക് നീതി നിഷേധിക്കുന്നതിലേക്ക് കാര്യങ്ങള്‍ എത്തപ്പെടാമെന്നും അവര്‍ ചൂണ്ടിക്കാട്ടി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close