INSIGHTNEWSTop News

ഞങ്ങൾ ആഘോഷിക്കട്ടെ മമ്മൂട്ടി

പി പി മാത്യു

സിനിമയിൽ അൻപതു വർഷം തികച്ചു എന്ന സത്യം മമ്മൂട്ടി അംഗീകരിക്കുന്നില്ല. കാരണം രണ്ട്. ഒന്ന്: ആദ്യകാലത്തു ചെയ്ത ചെറിയ വേഷങ്ങളെ കുറിച്ച് സംസാരിക്കാൻ മഹാനടൻ എന്നൊക്കെ വിശേഷിപ്പിക്കപ്പെടുന്ന കാലത്തു അദ്ദേഹത്തിന് മടിയുണ്ടാവും. പക്ഷെ ആ ചെറിയ വേഷങ്ങളിൽ നിന്ന് ഇപ്പോൾ എത്തി നിൽക്കുന്ന ഔന്നത്യത്തിലേക്കുള്ള വളർച്ച കണ്ടു നിന്നവർക്ക് ആ അൻപതു കണ്ടില്ലെന്നു നടിക്കാനാവില്ല.
രണ്ടാമതായി, മമ്മൂട്ടി വമ്പൻ ആഘോഷങ്ങളോട് വലിയ താൽപര്യമുള്ള ആളല്ല. മമ്മൂട്ടിക്ക് ജീവിതത്തിൽ ഏറ്റവും പ്രിയപ്പെട്ട നിമിഷങ്ങൾ ഭാര്യ സുലുവും മക്കളും കൊച്ചുമക്കളുമായി കഴിയുന്നതാണ് എന്നതൊരു രഹസ്യമേയല്ല. ആദ്യ ചിത്രമെന്ന് അദ്ദേഹം അംഗീകരിക്കാത്ത ‘അനുഭവങ്ങൾ പാളിച്ചകൾ’ പക്ഷെ അദ്ദേഹത്തിന്റെ ചലച്ചിത്ര ജീവിതത്തിന്റെ തുടക്കം തന്നെയാണെന്നതിൽ തർക്കത്തിനു പഴുതില്ല. ആഘോഷം എപ്പോൾ വേണമെന്ന് അദ്ദേഹത്തിന് തീരുമാനിക്കാം. പക്ഷെ മലയാള സിനിമയുടെ ചരിത്രം കുറിക്കുന്നവർക്കു അത് വിഷയമല്ല.

സ്വന്തം മഹത്വങ്ങൾ ചെണ്ട കൊട്ടി വിളിച്ചു പറയാൻ ആളെ ഏർപ്പെടുത്തുന്ന രീതിയൊന്നും മമ്മൂട്ടിക്കില്ല എന്ന് അദ്ദേഹത്തെ അറിയുന്നവർ പറയാറുണ്ട്. നിരവധി വൻ അംഗീകാരങ്ങൾ വാരിക്കൂട്ടിയ അര നൂറ്റാണ്ടു സിനിമാ യാത്രയ്ക്കിടയിൽ മമ്മൂട്ടി ഒട്ടേറെ പക്വത ആർജ്ജിച്ചു എന്നതാണ് സത്യം. ഏറെ തിക്താനുഭവങ്ങളും അതിനു കാരണമായിട്ടുണ്ട്. അതൊക്കെ വിട്ടു കളയാം — മമ്മൂട്ടിയുടെ രീതിയും അങ്ങിനെയാണ്.
അടുത്തറിയുന്നവർക്കു സിനിമയിൽ കാണുന്ന പരുക്കൻ മനുഷ്യനല്ല മമ്മൂട്ടി. വിസ്‌മയിപ്പിക്കുന്ന നിഷ്‌കളങ്കതയും സുതാര്യമായ സഹാനുഭൂതിയും അദ്ദേഹത്തിനുണ്ട്. തന്റെ സൽപ്രവർത്തികൾ പരസ്യമായി വാഴ്ത്തപ്പെടണം എന്ന് അദ്ദേഹം ആഗ്രഹിക്കുന്നില്ല. ആദ്യത്തെ ദേശീയ അവാർഡ് വന്നപ്പോൾ മാധ്യമങ്ങളോട് സംസാരിക്കാൻ മടിയായിരുന്നു അദ്ദേഹത്തിന്. “പ്രഖ്യാപനം വരട്ടെ” എന്നാണ് അന്ന് മനോരമയ്ക്ക് വേണ്ടി വിളിച്ചപ്പോൾ എന്നോട് പറഞ്ഞത്. ദില്ലിയിൽ നിന്ന് ‘മനോരമ’ ലേഖകൻ അറിയിച്ചതാണ് എന്ന് പറഞ്ഞപ്പോഴും മമ്മൂട്ടി മടിച്ചു. അപ്പോൾ ഫോർട്ട് കൊച്ചിയിൽ ഷൂട്ടിലായിരുന്നു. വൈകിട്ട് ഓടിച്ചിട്ട് പിടിച്ചു ഞങ്ങൾ. ഷർട്ട് ഇടാതെ സ്വീകരണ മുറിയിലെ സോഫയിൽ ഇരുന്നു പൊട്ടിച്ചിരിക്കുന്ന അതി മനോഹരമായ ചിത്രം പകർത്തിയത് ഫിറോസ് ബാബു.

രണ്ടാം അവാർഡ് വന്നപ്പോൾ നവോദയ സ്റ്റുഡിയോവിൽ ആയിരുന്നു മമ്മൂട്ടി. ഞങ്ങൾ ചെന്നപ്പോൾ മുൻപുണ്ടായിരുന്ന മടിയൊന്നും കാട്ടിയില്ല. പക്ഷെ ഇനിയൊരു പദ്‌മ അവാർഡ് വേണ്ടതല്ലേ എന്ന് ചോദിച്ചപ്പോൾ ഒരു ചിരി മാത്രം ആയിരുന്നു പ്രതികരണം.
സ്വകാര്യത ഏറെ കൊതിക്കുന്ന മമ്മൂട്ടിക്ക് എം ജി റോഡിൽ കൂടി മുണ്ടു മടക്കി കുത്തി നടക്കണം എന്നതായിരുന്നു അക്കാലത്തെ ഒരു മോഹം. കലൂരിൽ നിന്ന് ‘മലരും കിളിയും’ ഷൂട്ട് കഴിഞ്ഞു ഗിരിനഗറിലെ വീട്ടിലേക്കു പോകാൻ ഒരു സുഹൃത്തിന്റെ സ്‌കൂട്ടറിനു പിന്നിൽ കയറിയതും അത്തരം കൊതി കൊണ്ടാണ്. പക്ഷെ കതൃക്കടവിൽ അന്നുണ്ടായിരുന്ന ലെവൽ ക്രോസ് വില്ലനായി. അടച്ചിട്ട ലെവൽ ക്രോസിനു മുന്നിലേക്ക് സമീപത്തെ ചേരിയിൽ നിന്ന് ജനക്കൂട്ടം ആർത്തലച്ചു വന്നപ്പോൾ മമ്മൂട്ടി വിഷമിച്ചു പോയി.
ഒട്ടേറെ ആളുകൾ മമ്മൂട്ടിയെ കബളിപ്പിച്ചിട്ടുണ്ട്. പക്ഷെ അതൊന്നും ഓർത്തു വയ്ക്കാറില്ല. സുഹൃത്തുക്കളെ ഒരിക്കലും മറക്കില്ല എന്നതാണ് എടുത്തു പറയേണ്ട പ്രത്യേകത. വൈപ്പിനിൽ നാടക നടൻ ആന്റണി സുഖമില്ലാതെ കിടക്കുന്നു എന്നറിഞ്ഞു ‘രാരീരം’ ചിത്രത്തിന്റെ ഷൂട്ടിങ്ങിൽ നിന്ന് നേരത്തെ ഒഴിവെടുത്തു പാഞ്ഞു പോയത് ഓർക്കുന്നു.

ദുബായിൽ, 2001 ൽ, പഴയ മഹാരാജാസ് സുഹൃത്തുക്കൾ ഒരുക്കിയ സ്വീകരണത്തിന് വരുമ്പോൾ മമ്മൂട്ടി മൂന്ന് ദേശീയ അവാർഡുകളും ‘അംബേദ്‌കർ’ സിനിമയുമൊക്കെ പിന്നിട്ടിരുന്നു. പക്ഷെ ടി ഷർട്ട് ധരിച്ചു തികച്ചും കാഷ്വലായി പഴയ കൂട്ടുകാരോടൊപ്പം ക്യാമ്പസ് സ്മരണകൾ പങ്കിടാൻ വന്നതു വെറും മഹാരാജകീയനായി. മുഖം മൂടികൾ ഇല്ലാത്ത സൗഹൃദങ്ങളുടെ ഓർമ്മകൾ വീണ്ടും തിരി കൊളുത്തിയ ആ സായാന്ഹത്തിൽ ആടിയും പാടിയും ഏറെ ചിരിച്ചും മമ്മൂട്ടി വീണ്ടും ക്യാമ്പസ്സിലേക്കു മടങ്ങി.
കോളജിൽ സീനിയർ ആയിരുന്ന ഞാൻ ഇപ്പോഴും മമ്മൂട്ടിയെ ഓർക്കാൻ ഇഷ്ടെപ്പെടുന്നത് ആ സായാഹ്നത്തിലെ വേഷത്തിലാണ്.
‘അനുഭവങ്ങൾ പാളിച്ചകൾ’ കഴിഞ്ഞു ഒൻപതു വർഷത്തിന് ശേഷമാണ് ‘വിൽക്കാനുണ്ട് സ്വപ്‌നങ്ങൾ’ വരുന്നത്. മലയാള സിനിമ ഒരു നായകനെ കാത്തിരിക്കുന്ന സമയം. സത്യൻ മണ്മറഞ്ഞു. പ്രേംനസീറിനു പ്രായമായി. മമ്മൂട്ടി പെട്ടെന്ന് ശ്രദ്ധേയനായത് അദ്ദേഹത്തിന്റെ ആകർഷകമായ രൂപം കൊണ്ടാണ്. ഇന്നും നിലനിൽക്കുന്ന ഗ്ലാമർ. അഭിനയത്തിൽ ആദ്യമൊന്നും സൂപ്പർ എന്നൊക്കെ പറയാൻ കഴിയുമായിരുന്നില്ല. പക്ഷെ ചടുലമായി സംസാരിക്കാനുള്ള കഴിവ് ചില കഥാപാത്രങ്ങൾക്ക് മുതൽക്കൂട്ടായി. ആകാര സൗകുമാര്യം കൊണ്ട് കാമുക വേഷങ്ങൾക്കും യോഗ്യനായി.
ഏറെക്കുറെ ഇതേ സമയത്താണ് മോഹൻലാലും കടന്നു വരുന്നത്. അൻപതിലേറെ ചിത്രങ്ങൾ ഒന്നിച്ചു ചെയ്ത നടന്മാർ നമ്മുടെ സിനിമയുടെ ചരിത്രത്തിൽ നിറഞ്ഞു നിൽക്കുന്നു.

പി പി മാത്യു

മുതിർന്ന മാധ്യമപ്രവർത്തകനാണ് ലേഖകൻ. എത്രയോ വർഷങ്ങൾ തുടർച്ചയായി മലയാളമനോരമയുടെ സിനിമാപേജിന്റെ ചുമതലക്കാരനായിരുന്നു. മമ്മൂട്ടിയുടെ അധ്യാപകനും പിന്നീട് അടുത്ത സുഹൃത്തുമായ പി പി മാത്യു മമ്മൂട്ടി നായകനായ രാരീരം എന്ന സിനിമയുടെ തിരക്കഥാകൃത്താണ്‌. ചലച്ചിത്ര അവാർഡ് കമ്മിറ്റിയംഗവും ചലച്ചിത്രകഥാകൃത്തുമാണ്. ജയരാജിന്റെ സോപാനമടക്കമുള്ള സിനിമകളിൽ നടനായി. ഗൾഫ് ടുഡേയുടെ വേൾഡ് എഡിറ്ററായിരുന്നു.

Tags
Show More

Related Articles

One Comment

  1. ലേഖകൻ പി.പി.മാത്യു ഉം, “മമ്മൂട്ടി” എന്ന മലയാളത്തിന്റെ അഭിമാനത്തെ പോലെ, തനിക്ക് ലഭിച്ചതും നേടിയതും ആയ പല വൻ കാര്യങ്ങളും
    ബാല്യകാല സുഹൃത്തുക്കളുടെ മൂപ്പിൽ പോലും തുറന്നു കാട്ടിയിട്ടില്ലല്ലോ എന്ന് ഓർത്തു പോകുന്നു. മമ്മൂട്ടിയുടെ കലാ വിരുതിനും ,
    സഹ ജീവികളോടുള്ള കരുതലിനും സ്നേഹത്തിനും, മഹത്തായ ജീവിത മാതൃകയ്ക്കും നന്ദി നമസ്കാരം. വിനയാന്വീതനായ പി.പി.മാത്യു വിനും ഒരു ‘ബിഗ് സല്യൂട്ട്’.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close